വധ ഗൂഢാലോചന കേസ്: ദിലീപ് ഫോണിലെ ഫയലുകള്‍ നീക്കം ചെയ്‌തെന്ന് ലാബ് ഉടമ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചെന്ന് കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കേസില്‍ ദിലീപിനെതിരെ നിര്‍ണായക തെളിവുകളുണ്ടായിരുന്ന മൊബൈല്‍ ഫോണുകളെത്തിയ മുംബൈ ലാബില്‍ പരിശോധന നടത്തിയ അന്വേഷണ സംഘം ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകള്‍ കണ്ടെടുത്തു. മൊബൈല്‍ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചത്.

ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ലാബില്‍ നിന്നും മാറ്റിയിരുന്നു. അതിന്റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇതിനുപുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയടക്കമുള്ള തെളിവുകളാണ് ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചേക്കും. തെളിവ് നശിപ്പിച്ചതിന് ലാബിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷമാണ് കൃത്രിമം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചത്. ഇതിനായി 75,000 രൂപ ലാബ് കൈപ്പറ്റി. ലാബ് ഉടമകളെ ചോദ്യം ചെയ്തപ്പോള്‍ നാല് ഫോണുകളിലെയും വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഇവര്‍ മൊഴി നല്‍കിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

UPDATES
STORIES