‘ജെയ്‌സണ് സൂപ്പര്‍മാനിലെ ഹെന്‍ട്രി കാവിലിന്റെ ആകൃതിയും പ്രകൃതിയും’; കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മിന്നല്‍മുരളി മിന്നല്‍പ്പിണര്‍ ആയേനെയെന്ന് ഭദ്രന്‍

ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലെ പ്രകടനത്തിന് നടന്‍ ടൊവിനോ തോമസിനെ അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. ടൊവിനോ അവതരിപ്പിച്ച ജെയ്‌സണ്‍ ഹോളിവുഡ് ചിത്രം സൂപ്പര്‍മാനിലെ നടന്‍ ഹെന്‍ട്രി കാവിലിനെ ഓര്‍മ്മിപ്പിച്ചു. ടൊവിനോയുടെ മുഖം സൂപ്പര്‍ഹീറോയ്‌ക്ക് ഇണങ്ങിയെന്നും ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ മിന്നല്‍ മുരളിയിലെ ജെയ്‌സന് സൂപ്പര്‍മാനിലെ ഹെന്‍ട്രി കാവിലിന്റെ ആകൃതിയും പ്രകൃതിയും തോന്നി. ടോവിനോയുടെ മുഖത്തെ ആ നിഷ്‌കളങ്ക സൗന്ദര്യം സൂപ്പര്‍ ഹീറോക്ക് ഒത്തിരി ഇണങ്ങി എന്ന് പറയുന്നതില്‍ തെറ്റില്ല. മിന്നല്‍ മുരളി വരുമ്പോള്‍ എന്റെ മടിയില്‍ ഇരുന്ന കൊച്ചുമകളുടെ കണ്ണ് ഞാന്‍ പൊത്തും. കൈ തട്ടി മാറ്റികൊണ്ട് അപ്പച്ചായീ ശല്യപ്പെടുത്തരുത്, എനിക്ക് സൂപ്പര്‍ ഹീറോയെ കാണണം എന്നവള്‍. പിന്നെ എന്റെ ചോദ്യം പെട്ടെന്നാരുന്നു. സൂപ്പര്‍ ഹീറോയെ ഇഷ്ടമായോ? ഒട്ടുമാലോചിക്കാതെ മറുപടി, ‘വാവ്… അതിമനോഹരം’. അവിടെ ആണ് ഒരു താരം വിജയിച്ചത്’.

‘Tovino Thomas, Keep it up. Toxic antagonist ആയിട്ടുള്ള ഗുരു സോമസുന്ദരത്തിന്റെ പെര്‍ഫോമന്‍സ് പിഴവ് കൂടാതെ മറുകരഎത്തിച്ചു. മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള മന:ധൈര്യം, അതും കുറഞ്ഞ ബഡ്ജറ്റില്‍. ബേസിലിന് എന്റെ അഭിനന്ദനങ്ങള്‍. സ്‌ക്രിപ്റ്റില്‍ കുറേ കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍, മിന്നല്‍ മുരളി ഒരു മിന്നല്‍പ്പിണര്‍ ആയേനേ’, ഭദ്രന്‍ പറഞ്ഞു.

ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് സംവിധായകന്‍ വെങ്കട് പ്രഭുവും രംഗത്തെത്തിയിരുന്നു. മിന്നല്‍ മുരളി കണ്ടിട്ട് അഭിമാനം തോന്നുന്നെന്നും പ്രയത്‌നത്തെ തലകുനിച്ച് അഭിനന്ദിക്കുന്നെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ലോക്കല്‍ സൂപ്പര്‍ ഹീറോയുടെ പിറവിയെ എത്ര മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, നിങ്ങള്‍ വേറെ ലെവല്‍. മാര്‍വെല്‍ സ്റ്റുഡിയോസ്, ഡി.സി കോമിക്‌സ് പോലുള്ള വമ്പന്മാര്‍ നിങ്ങള്‍ക്കൊപ്പം സഹകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’, വെങ്കട് പ്രഭു പറഞ്ഞു.

ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്.

UPDATES
STORIES