‘ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടനാണല്ലോയെന്ന് തോന്നും’; ഭദ്രന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ല്‍ ഭാസിപ്പിള്ളയായെത്തിയ ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍. കുറുപ്പ് കണ്ടുകഴിഞ്ഞപ്പോള്‍ ഭാസിപ്പിള്ള മാത്രമാണ് മനസില്‍ നിന്നതെന്നും നൈസര്‍ഗിക അഭിനയമാണ് ഷൈനിന്റേതെന്നും ഭദ്രന്‍ പറഞ്ഞു. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലെല്ലാം ഷൈന്‍ പാലിച്ച കൃത്യതയുമ ശരീരഭാഷയുമ ചൂണ്ടിക്കാട്ടിയായിരുന്നു ഭദ്രന്റെ അഭിപ്രായപ്രകടനം.

‘മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടില്‍ പുകയുന്ന മുറിബീഡിയ്ക്ക് ഒരു ലഹരിയുണ്ട്. ഷൈന്‍ ടോം ചാക്കോ ചുണ്ടില്‍ ബീഡിയോ സിസറോ പുകയ്ക്കുമ്പോള്‍ ഇവനൊരു ചുണക്കുട്ടന്‍ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്’, ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയി ഇരിക്കെ, ഏറെ സിനിമകള്‍ കാണുകയുണ്ടായി. പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരു യഥാര്‍ത്ഥ നടന്‍ ഉരുത്തിരിഞ്ഞുണ്ടാകുന്നത്. ഇയാള്‍ ഇക്കാര്യത്തില്‍ സമര്‍ത്ഥനാണ്’.

‘ഏറ്റവും ഒടുവില്‍ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നിന്നത്. മോനേ കുട്ടാ, നൈസര്‍ഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങള്‍ കാഴ്ച്ചയില്‍ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങള്‍ക്കും ഒഴിച്ചു കൂടാന്‍ പറ്റാത്ത റോ മെറ്റീരിയല്‍ ആണെന്ന് ഓര്‍ക്കുക’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്മ പര്‍വ്വ’ത്തില്‍ ഷൈന്‍ അവതരിപ്പിക്കുന്ന പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. ഭാസിപ്പിള്ളയെപ്പോലെ താരത്തിന്റെ അഭിനയ മികവ് വെളിവാകുന്ന വേഷമാവും ഭീഷ്മപര്‍വ്വത്തിലേതെന്നാണ് പോസ്റ്ററിന് പിന്നാലെ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

UPDATES
STORIES