‘എങ്ങനെയാണ് ഇത്രത്തോളം മനുഷ്യനാകാൻ പറ്റുന്നത്’; വിജയ് സേതുപതിയുടെ മലയാളി സംവിധായിക ചോദിക്കുന്നു

മക്കൾ സെൽവൻ എന്ന് തമിഴ് ജനത സ്നേഹത്തോടെ വിളിക്കുന്ന നടൻ വിജയ് സേതുപതിയുടെ ജന്മദിനമാണ് ഇന്ന്. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിലും ഏറെ ആരാധകരുള്ള നടനാണ് വിജയ് സേതുപതി. ‘മാർക്കോണി മത്തായി’ എന്ന ജയറാം ചിത്രത്തിനു ശേഷം വിജയ് സേതുപതി മറ്റൊരു മലയാള സിനിമ കൂടി പൂർത്തിയാക്കി റിലീസ് കാത്തിരിക്കുകയാണ്. ഇന്ദു വി.എസ് എന്ന നവാഗത സംവിധായികയുടെ ’19 (1)(എ)’യില്‍ പ്രധാന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ജന്മദിനത്തിൽ വിജയ് സേതുപതി എന്ന മനുഷ്യനെ കുറിച്ചുള്ള അത്ഭുതം പങ്കുവയ്ക്കുകയാണ് ഇന്ദു.

“എങ്ങനെയാണ് ഒരാൾക്ക് ഇത്രത്തോളം മനുഷ്യനായിരിക്കാൻ കഴിയുന്നതെന്ന് ആലോചിച്ചിട്ടുണ്ട്.ആദ്യത്തെ കൂടിക്കാഴ്ച്ച കഴിഞ്ഞ് വർഷങ്ങൾ പിന്നീടുന്നു, ഇപ്പൊ.ഒന്നിച്ചൊരു സിനിമ പൂർത്തിയാക്കി കഴിയുമ്പോഴും എന്നിൽ ആ ചോദ്യം നിറഞ്ഞു നിൽക്കുന്നുണ്ട് എങ്ങനെയാണ്, മാറി മാറിയുന്നവരുടെ ലോകത്തിൽ, ഒരാൾ, അയാളായി തുടരുന്നതെന്ന്…Dear Sethu Sir,Happy Happy birthday ❤Love,” സോഷ്യൽ മീഡിയയിൽ ഇന്ദു കുറിച്ചു.

ഇന്ദുവിന്റെ ചിത്രത്തിൽ നിത്യാമേനോനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോവിന്ദ് വസന്തയാണ് സംഗീതം. മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്.

ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയ ചിത്രം ഉടൻ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

UPDATES
STORIES