ലളിതചേച്ചിക്ക് വേണ്ടി എഴുതാൻ കൊതിച്ച ഡയലോഗുകൾ; മഹാനടിയെ ഓർത്ത് സംവിധായിക ഇന്ദു വി.എസ്

നഷ്ടങ്ങളോട് പൊരുത്തപ്പെടാനോ കലഹിക്കാനോ കഴിയാത്ത ചില നേരങ്ങളുണ്ട്.. ഓര്‍മ്മകളിലേക്ക് കണ്ണടച്ച് കയറിയിരിക്കുകയല്ലാതെ ഒന്നിനും നിര്‍വ്വാഹമില്ലാത്ത നേരങ്ങള്‍. ലളിതചേച്ചി പോകുമ്പോള്‍, നമ്മുടെയൊക്കെ നേരങ്ങള്‍ ആഴമേറിയ മൗനത്തിലാവുന്നുണ്ട്. നമ്മുടെ ആരാണ് യാത്ര പറഞ്ഞ് പോകുന്നത്? അമ്മയോ… ചേച്ചിയോ… അതോ, അപ്പുറത്തെ വീടിന്റെ വരാന്തയില്‍ നിന്നു നമ്മളെ നോക്കി ചിരിക്കുന്ന, ഉറക്കെ വിളിച്ചു കാര്യം തിരക്കുന്ന അയല്‍ക്കാരിയോ…?

സിനിമയെ ലക്ഷ്യം വച്ച് ഒരു വഴിക്കിറങ്ങി പുറപ്പെടുമ്പോള്‍, കണ്ട് വളര്‍ന്ന മുഖങ്ങളില്‍ ചിലരിലേക്ക് കൂടിയാണ് യാത്ര ചെയ്യുന്നതെന്ന്, സ്വയം പറഞ്ഞ് ആനന്ദിക്കുകയും അഭിമാനിക്കുകയും, ഊര്‍ജ്ജം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കെ.പി.എ.സി. ലളിത, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാള്‍, ഓര്‍മ്മ വച്ച കാലം മുതല്‍ സ്‌ക്രീനില്‍ കണ്ട് പരിചിതമായ മുഖം. നേരിട്ടറിയുന്ന ആരെയൊക്കെയോ പോലെ നമ്മള്‍ കൂടെ കൂട്ടിയ കഥാപാത്രങ്ങള്‍, അവരുടെ ഉള്ള് തുറന്ന ചിരികള്‍, തൊണ്ട ഇടര്‍ച്ചകളില്‍ അടക്കി നിര്‍ത്തിയ വേദനകള്‍… എല്ലാം ഒരു തീവണ്ടി വേഗത്തിലോടുകയാണ് ഉള്ളിലൂടെ.

സ്വപ്നങ്ങളുടെ ലിസ്റ്റില്‍ എന്നും ആദ്യമാണ് കെ.പി.എ.സി. ലളിത എന്ന പേര്. പലതവണ മുന്നിലൂടെ ചിരിയോടെ നടന്നു പോയിട്ടുണ്ട്, നോക്കിനിന്നിട്ടുണ്ട്. അസിസ്റ്റന്‌റ് ഡയറക്ടര്‍ ആയിരുന്ന സമയത്ത്, കഥാപാത്രങ്ങളുടെ പേരിനു നേരെ അഭിനേതാക്കളുടെ പേര് ടൈപ്പ് ചെയ്യുമ്പോള്‍, എന്നാണ് ലളിതചേച്ചിയുള്ള ഒരു സിനിമ, എനിക്ക് സംഭവിക്കുക എന്ന ആലോചന വന്നുകൊണ്ടേയിരിക്കും. ആ സമയം കടന്ന്, സ്വന്തമായി ചിലതൊക്കെ എഴുതി നോക്കുമ്പോള്‍ ആഗ്രഹം കൂടുതല്‍ ഉറച്ചു. ഇന്നല്ലെങ്കില്‍ നാളെ, നേരിലൊരു കഥ പറയുമെന്നോര്‍ത്തിരുന്നു. ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് സ്വപ്നം കണ്ടിരുന്നു. അങ്ങനെ ഓര്‍ത്തോര്‍ത്ത് കുറെ വര്‍ഷങ്ങള്‍. ഇനി ആ സ്വപ്നത്തിന് കനം വയ്ക്കും. നഷ്ടങ്ങളുടെ കനം.

ലളിതച്ചേച്ചിക്കു വേണ്ടി എഴുതാന്‍ കഴിയാതെ പോയ അനേകം ഡയലോഗുകള്‍, ആക്ഷനും കട്ടിനുമിടയില്‍ കഥാപാത്രമായി മാറുന്ന അവരുടെ മാജിക്കിന് സാക്ഷ്യം വഹിക്കാനാകാത്തതിന്‌റെ നഷ്ടബോധം. ഭൂഗോളങ്ങളിലെങ്ങും തന്‌റെ അടയാളങ്ങള്‍ ബാക്കിയാക്കി കെ.പി.എ.സി ലളിത എന്ന മഹാനടി മടങ്ങുമ്പോള്‍ ഇങ്ങനെ ചിലതുകൂടിയാണ് ഉള്ളില്‍.

‘ലളിത ചേച്ചി പോയി’ ഒരു പ്രഹരമായിരുന്നു ആ വാര്‍ത്ത. കാലത്തിന് മറ്റെന്തിനെക്കാളും വേഗതയാണെന്ന് ഈ ദിവസം ഓര്‍മ്മപ്പെടുത്തുന്നു.

പ്രിയപ്പെട്ട അഭിനേത്രിക്ക്, ലളിതചേച്ചിക്ക്, ആദരവോടെ, ഞങ്ങളെയൊക്കെ ചേര്‍ത്ത് നിര്‍ത്തിയ ജീവിതകാലത്തിന് നന്ദിയോടെ, വിട.

UPDATES
STORIES