‘ശ്രീധന്യ കാറ്ററിങ് സര്‍വീസ്’ മനുഷ്യപക്ഷത്ത് നില്‍ക്കുന്ന തമാശ ചിത്രം: ജിയോ ബേബി

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വരെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. അദ്ദേഹത്തിന്‌റെ ഏറ്റവും പുതിയ ചിത്രം ‘ശ്രീധന്യ കാറ്ററിങ് സര്‍വീസ്’ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒരു തമാശ സിനിമ എടുക്കാനുള്ള തന്‌റെ ശ്രമമാണ് ശ്രീധന്യ എന്നും ഇതൊരു മനുഷ്യ പക്ഷത്ത് നില്‍ക്കുന്ന സിനിമയാണെന്നും സൗത്ത്‌റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ ജിയോ പറഞ്ഞു.

സ്ത്രീവിരുദ്ധമോ ജാതീയമോ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ വേദനിപ്പിക്കുന്നതോ ആയ ‘തമാശകള്‍’ തന്‌റെ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതൊന്നും ഇല്ലാതെ തന്നെ ആളുകളെ ചിരിപ്പിക്കാന്‍ സാധിക്കുമെന്നും ജിയോ പറയുന്നു. ഇനി ഈ ചിത്രം കണ്ട് തങ്ങള്‍ക്ക് വേദനിച്ചു എന്ന് ആരെങ്കിലും പറഞ്ഞാല്‍, ആ വിമര്‍ശനത്തില്‍ കാമ്പുണ്ടെങ്കില്‍ പുനര്‍വിചിന്തനം നടത്താനും തിരുത്താനും തയ്യാറാകുമെന്നും ജിയോ അഭിമുഖത്തില്‍ പറഞ്ഞു.

കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ഒരു വലിയ താരമുഖം ഇല്ല എന്നത് എല്ലാ ഘട്ടത്തിലും ആശങ്കപ്പെടുത്തിയിട്ടുണ്ടെങ്കിലും സിനിമയുടെ ഉള്ളടക്കത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ആളുകള്‍ തിയേറ്ററില്‍ വന്ന് സിനിമക കണ്ട് ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിയോ ബേബി അഭിമുഖത്തില്‍ വ്യക്തമാക്കി.

ശ്രീധന്യയ്ക്ക് ശേഷമുള്ള തന്‌റെ അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം ആണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തെ കുറിച്ച് നിലവില്‍ മറ്റ് വിവരങ്ങളൊന്നും പുറത്തുവിടാന്‍ സാധിക്കില്ലെന്നും എഴുത്ത് പുരോഗമിക്കുകയാണെന്നും ജിയോ ബേബി പറഞ്ഞു. മമ്മൂട്ടി കഥ കേട്ട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചപ്പോഴാണ് എന്തുകൊണ്ടാണ് അദ്ദേഹം ഈ സിനിമ ചെയ്യാം എന്ന് സമ്മതിച്ചതെന്ന് തങ്ങള്‍ക്കും മനസിലായതെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

UPDATES
STORIES