‘മരക്കാര്‍ ഒരു വിഷ്വല്‍ ട്രീറ്റ്’; മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ നല്ല തിരക്കഥയുള്ള ചരിത്ര സിനിമ ഒരുക്കണമെന്ന് എം.എ നിഷാദ്

മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം മികച്ച ദൃശ്യവിരുന്നാണെന്ന് സംവിധായകന്‍ എം.എ നിഷാദ്. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഭിനേതാക്കളെല്ലാം അവരവരുടെ ഭാഗം മികച്ചതാക്കിയെന്നും നിഷാദ് അഭിപ്രായപ്പെട്ടു. എന്നിരുന്നാല്‍ക്കൂടിയും കുഞ്ഞാലി മരക്കാരുടെ ചരിത്രം വീണ്ടും സിനിമയാക്കാന്‍ കഴിയുമെന്നും മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ നല്ല തിരക്കഥയോടെ അക്കാര്യം വീണ്ടും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍ നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനും ഛായാഗ്രാഹകന്‍ തിരുവും സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും പത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മ്മാതാവിന്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ’, എം.എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കണം. തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്‌നവും അന്നവുമായ കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാവശ്യമായ പക്വമായ പെരുമാറ്റവും ഈ കാലത്ത് അത്യാവശ്യമാണെന്നും നിഷാദ് അഭിപ്രായപ്പെട്ടു.

കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റെ സംവിധാനത്തില്‍
മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഞാന്‍ ആവര്‍ത്തിക്കുന്നു നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും നല്ലത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതം സിനിമയാക്കുന്നെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രിയദര്‍ശന്റെ കുഞ്ഞാലി മരക്കാറിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു അദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് പ്രൊജക്ട് മുന്നോട്ടുപോയില്ല. തുടര്‍ന്ന് ചിത്രം ഉടനുണ്ടാകില്ലെന്ന് മമ്മൂട്ടി അറിയിക്കുകയും ചെയ്തിരുന്നു.

UPDATES
STORIES