‘ഇന്ത്യയുടെ തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന ഒരു സിനിമ ഇന്ന് സാധ്യമാണോ?’; ആശങ്ക പങ്കുവെച്ച് സിദ്ദിഖ്

ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്ക് മതങ്ങള്‍ ഇടപെട്ട് സമൂഹത്തെ വിഭജിച്ച് എടുക്കുകയാണെന്ന് സംവിധായകന്‍ സിദ്ദിഖ്. സൗഹൃദങ്ങളെപ്പോലും മതങ്ങൾ പിടിച്ചെടുക്കുന്ന ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഈ കാലഘട്ടമെന്നും കലാകാരന്മാരാണ് ആദ്യമായി അതിനെ എതിർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തനിമയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

‘അടുത്ത കാലത്ത് മമ്മൂക്കയും ബാലചന്ദ്രൻ ചുള്ളിക്കാടും ഇരുന്നുള്ള ഒരു സൗഹൃദ സംഭാഷണത്തിനിടെ കഴിഞ്ഞ കാലവും ഇക്കാലവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് രണ്ട് വാക്കിൽ അവർ പറയുകയുണ്ടായി. മമ്മൂക്ക ബാലചന്ദ്രനോട് പറഞ്ഞു, ”ബാലാ പണ്ട് നീ എന്റെ വീട്ടിൽ വന്നാൽ അതൊരു സുഹൃദ് സംഗമമാണ്. ഇന്ന് നീ എന്റെ വീട്ടിൽ വരുന്നത് മതസൗഹാർദമാണ്.” എത്ര ദുരന്തമാണ് ആ അവസ്ഥ. സുഹൃത്ത് എന്നാൽ ജാതി, മതം, ലിംഗം എന്നിങ്ങനെ വ്യത്യാസമില്ലാത്തതാണ്. അതുപോലും മതങ്ങൾ പിടിച്ചെടുക്കുന്ന ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഈ കാലഘട്ടം. കലാകാരന്മാരാണ് ആദ്യമായി അതിനെ എതിർക്കേണ്ടത്.

എല്ലാ മതങ്ങളിലും നന്മയുണ്ടെന്നും എല്ലാവരുടെയും വിശ്വാസങ്ങളിലും ശരിയുണ്ടെന്നും വിശ്വസിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്തിരുന്ന ഒരു സമൂഹമായിരുന്നു നമ്മുടേത്. അത്തരം കലാകാരന്മാരായിരുന്നു മുന്‍പുണ്ടായിരുന്നത്.

വർഷങ്ങൾക്ക് മുൻപ് ദേശീയ പുരസ്‌കാരം നേടിയ പിജെ ആന്റണി അഭിനയിച്ച നിർമ്മാല്യം ഇന്ന് ആണെങ്കിൽ അത് റിലീസ് ചെയ്യാൻ അനുവദിക്കുമായിരുന്നോ? ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്ക് എല്ലാ മതങ്ങളും ഇടപെട്ട് സമൂഹത്തെ വിഭജിച്ച് എടുക്കുകയാണ്. ഒരു മതത്തിന്റെ മാത്രം കാര്യമല്ല അത്. എല്ലാ മതങ്ങളും തങ്ങളുടെ താത്പര്യങ്ങളെ അതിനകത്തേക്ക് കുത്തികയറ്റുകയാണ്. അത്തരം പ്രവണതകള്‍ അവസാനിപ്പിക്കാൻ കലാകാരന്മാരാണ് മുന്നോട്ടുവരേണ്ടത്’, അദ്ദേഹം പറഞ്ഞു.

‘ഗാന്ധി എന്ന സിനിമ എടുത്തത് ബ്രിട്ടീഷ് ഡയറക്ടറും ബ്രിട്ടീഷുകാരായ അണിയറ പ്രവർത്തകരും ആയിരുന്നു. എന്നാൽ ആ സിനിമ കാണുമ്പോൾ നമുക്ക് ബ്രിട്ടീഷുകാരോട് ദേഷ്യമാണ് തോന്നുന്നത്. അത്രത്തോളം സത്യസന്ധമായാണ് അവർ ചരിത്രത്തെ അവതരിപ്പിച്ചത്. ഇന്ത്യയിൽ അത്തരമൊരു സിനിമ സാധ്യമാണോ? ഇന്ത്യയുടെ തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന ഒരു സിനിമ ഇക്കാലത്ത് എടുക്കാൻ കഴിയുമോ? സാധിക്കില്ല. നമ്മൾ അത്രത്തോളം ചുരുങ്ങിയിരിക്കുന്നു. നമ്മൾ ചെയ്യുന്നത് എല്ലാം ശരിയാണ് എന്ന് വിശ്വസിക്കുന്ന, നമ്മൾ ചെയ്യുന്ന തെറ്റുകളെ മറയ്ക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിനെതിരെ സത്യത്തെ സത്യമായി പറയാൻ ചങ്കൂറ്റമുള്ള ഒരു തലമുറ ഉണ്ടാകണം. അതിന് കലാകാരൻമാർ അതിന് മുന്നിൽ നിൽക്കണമെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു.

UPDATES
STORIES