മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി താനൊരുക്കിയ ഒടിയന് വര്‍ഷങ്ങള്‍ക്കിപ്പുറവും ജനങ്ങള്‍ നല്കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞ് സംവിധായകന് വി.എ ശ്രീകുമാര്‍. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിര്‍മ്മിച്ച ശില്പത്തിന്റെ ഫോട്ടോ പങ്കുവെച്ചായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. പാലക്കാട് ഫോട്ടോഷൂട്ട് നടത്തുന്നവരില്‍ ചിലര്‍ ഈ ഒടിയനോടൊപ്പം നിന്ന് പോസ് ചെയ്യാറുമുണ്ട്.
‘പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന് നില്‍പ്പുണ്ട്. പ്രെമോഷന്റെ ഭാഗമായി തിയറ്ററുകളില്‍ സ്ഥാപിച്ച ഒടിയന് ശില്പങ്ങളില് രണ്ടെണ്ണം. ഒടിയനെ കാണാനും കൂടെ പടമെടുക്കാനും ദിവസവും സന്ദര്‍ശകരുണ്ട്. ഇന്നു വന്ന അതിഥികളാണിവര്‍. പടമെടുക്കാന്‍ അവര്‍ അനുവാദം ചോദിച്ചു. അവരോട് തിരിച്ച് പടമെടുക്കാനുള്ള അനുവാദവും ഓഫീസിലെ സുഹൃത്തുക്കള്‍ ചോദിച്ചു. ഒടിയനോടുള്ള സ്നേഹം തുടരുന്നതില്‍ നന്ദി’, വി.എ ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെ.
2018ലായിരുന്നു വലിയ പ്രതീക്ഷകളോടെ ഒടിയന് എന്ന ഫാന്റസി ഡ്രാമ തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്സ്ഓഫീസില്‍ പണം വാരിയെങ്കിലും പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. മിത്തും ഭാവനയും കൂട്ടിയിണക്കിയൊരുക്കിയ ഒടിയന് മാണിക്യനുവേണ്ടി മോഹന്‍ലാല്‍ തന്റെ രൂപത്തില്‍വരെ വരുത്തിയ മാറ്റങ്ങള്‍ പിന്നീടും ചര്‍ച്ചയായിരുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ഹരികൃഷ്ണന് തിരക്കഥയൊരുക്കി. മഞ്ജുവാര്യര്‍, പ്രകാശ് രാജ്, ഇന്നസെന്റ്, നരേയ്ന്, സിദ്ദീഖ് തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തി.
ടി.ഡി രാമകൃഷ്ണന്റെ രചനയില്‍ മാപ്പിള ഖലാസിമാരുടെ കഥപറയുന്ന സിനിമയ്ക്കുവേണ്ടിയാവും ഇനി മോഹന്‍ലാലും വി.എ ശ്രീകുമാറും ഒന്നിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാന്‍ ഇന്ത്യന്‍ ചിത്രമാവും ഇതെന്നാണ് വിവരം. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളും ചിത്രത്തിലുണ്ടാവുമെന്ന് ശ്രീകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ടാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.