‘ഭയംകൊണ്ട് കുഞ്ഞുങ്ങളെയും കയ്യിലെടുത്ത് ഉറങ്ങാന്‍ കഴിയാതെ നില്‍ക്കുകയാണവര്‍’; മുല്ലപ്പെരിയാര്‍ കേരളത്തിലാണ് എന്നെങ്കിലും ഉറക്കെ പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് വിനയന്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് രാഷ്ട്രീയ-സാംസ്‌കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍. മുല്ലപ്പെരിയാറിലെ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്. ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറി. ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാതെ ഇനിയും നിസാരവല്‍ക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

‘മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വാരത്ത് താമസിക്കുന്ന ജനങ്ങള്‍ രാത്രിയില്‍ ഞങ്ങള്‍ക്കുറങ്ങാന്‍ കഴിയുന്നില്ല, ഭീതികൊണ്ട് കുഞ്ഞുങ്ങളേയും കയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങള്‍ക്ക് ജോലിക്കു പോലും പോകാന്‍ കഴിയുന്നില്ല എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മള്‍ എത്രയോ ദിവസങ്ങളായി കേള്‍ക്കുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കവും അതിനെന്തെങ്കിലും സംഭവിച്ചാല്‍ ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവനാണ് ഹോമിക്കപ്പെടുന്നതെന്നുള്ള കാര്യവുമൊക്കെ നാളുകളായി നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല. പക്ഷേ പുതിയ സാഹചര്യം അതീവ ഗുരുതരമാണ്’, വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതിനു മുന്‍പുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്‌നാട് മുഖ്യമന്തി എം.കെ സ്റ്റാലിന്‍ മുല്ലപ്പെരിയാറിന്റെ അപകടസാധ്യത മനസിലാക്കിയിട്ടുണ്ടങ്കിലും, തമിഴ്‌നാട്ടിലെ ശക്തമായ രാഷ്ട്രീയലോബിയും ഉദ്യോഗസ്ഥ ലോബിയും ഈ കാര്യത്തില്‍ ഒരു രീതിയിലും ഒരു വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറുള്ളവരല്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതീവ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷേ രാത്രിയില്‍ വെള്ളം തുറന്നു വിട്ട് ഡാമിന്റെ താഴ് വാരത്തില്‍ താമസിക്കുന്ന ജനതയെ ഉറങ്ങാന്‍ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏര്‍പ്പാടെങ്കിലും നിര്‍ത്തണമെന്നു നിരവധി പ്രാവശ്യ പറഞ്ഞിട്ടും അതിനു പുല്ലു വില കൊടുക്കുന്നവരോട് ഈ ഡാം കേരളത്തിലാണ് നില്‍ക്കുന്നത് എന്ന കാര്യം തമിഴ്‌നാട് മറക്കരുത് എന്നെങ്കിലും ഒന്നു ശബ്ദമുയര്‍ത്തി പറയാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ ഗവണ്‍മെന്റിനോ ഏതെങ്കിലും പാര്‍ട്ടിക്കോ ഒറ്റക്കു തീര്‍ക്കാവുന്നതിന് അപ്പുറത്തേക്ക് ഈ പ്രശ്‌നം മാറിയിരിക്കുന്നു എന്നാണ് പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം തമിഴ് നാട് എം പി മാരുടെ പ്രകടനം കണ്ടപ്പോള്‍ തോന്നിയത്. കേരളത്തിലെ എല്ലാ സാംസ്‌കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യയാകെ ശ്രദ്ധിക്കുന്ന രീതിയില്‍ പ്രതികരിച്ചാലേ ഈ മരണക്കെണിയില്‍ നിന്നും നമുക്ക് രക്ഷപെടാനാകു എന്നതാണ് സത്യം. അല്ലാതെ നിസ്സഹായതയോടെ എന്തു ചെയ്യാനാ, നിങ്ങള്‍ തന്നെ പറയൂ എന്ന് ഭയന്ന് ഉറങ്ങാതിരിക്കുന്ന ആ പാവങ്ങളോടുതന്നെ ചോദിക്കുകയല്ല വേണ്ടത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീപദിവസങ്ങളിലായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ രാത്രികാലങ്ങളില്‍ മുന്നറിയിപ്പുകളില്ലാതെ തുറന്ന പശ്ചാത്തലത്തിലാണ് സംവിധായകന്റെ പ്രതികരണം. നേരത്തെ അറിയിക്കാതെ അണക്കെട്ട് തുറക്കുന്നതിനെതിരെ സമീപവാസികള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഡാമില്‍നിന്നും 12,654 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. 2018ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് ഇത്രയധികം വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്.

കേരളത്തില്‍ മഴ കനത്തതിന് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. വിഷയത്തില്‍ സര്‍ക്കാര്‍ തല ഇടപെടല്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു.

UPDATES
STORIES