പ്രദര്‍ശിപ്പിക്കില്ലെന്ന് ഭൂരിഭാഗം തിയേറ്ററുടമകളും ഒടിടിയില്‍ തന്നെയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും തറപ്പിച്ച് പറഞ്ഞ ‘മരക്കാര്‍’ ബിഗ് സ്ക്രീനുകളിലെത്തുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനേത്തുടര്‍ന്നാണ്. സിനിമാ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പല തവണ ഇടപെടുകയും സംഘടനകളെ ഒരു കുടക്കീഴിലെത്തിച്ച് ചര്‍ച്ചകള്‍ നടത്തിയുമാണ് റിലീസിന്റെ കാര്യത്തില്‍ എല്ലാവര്ക്കും അംഗീകരിക്കാവുന്ന ധാരണയിലെത്തിയത്. കൊവിഡിനേത്തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് നീക്കവും തുറന്ന സമീപനവും പ്രശംസിക്കപ്പെടുന്നുണ്ട്. ഇതിനിടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം സംവിധായകര്‍. സംസ്ഥാനം തന്നെ പുരസ്കാരം നല്കുന്ന ചിത്രങ്ങള്‍ പോലും തിയേറ്ററില്‍ എത്തിക്കാതെ സര്‍ക്കാര്‍ മരക്കാര്‍ പോലുള്ള ചിത്രങ്ങളുടെ പിന്നാലെ പായുകയാണെന്ന് സംവിധായകന് പ്രതാഫ് ജോസഫ് വിമര്‍ശിച്ചു.
ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുന്ന സിനിമകള്‍ എങ്കിലും, സര്‍ക്കാര്‍ തിയേറ്ററിലെങ്കിലും എത്തിക്കാന്‍ കഴിയാത്ത/ശ്രമിക്കാത്ത സര്‍ക്കാര്‍ ആണ് മരക്കാര്‍ക്കു പിന്നാലെ പായുന്നത്. സര്‍ക്കാസം തന്നെ.
പ്രതാപ് ജോസഫ്
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ‘ഒരു രാത്രി ഒരു പകല്‍’ സംവിധായകന്റെ പ്രതികരണം. ദുരഭിമാനക്കൊല പ്രമേയമാക്കി പ്രതാപ് ജോസഫ് ഒരുക്കിയ ഒരു രാത്രി ഒരു പകല്‍ മെല്‍ബണ്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ജനങ്ങളില്‍ നിന്നും സംഭാവന സമാഹരിച്ചായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. സുദേവന്റെ ‘ക്രൈം നമ്പര്‍: 89’, ഡോണ്‍ പാലത്തറയുടെ ‘ശവം’, സനല്‍കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള പ്രതാഫ് ജോസഫിന് കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

ഇന്ന് മുതല്‍ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലെയില്‍ സ്ട്രീമിങ്ങ് ആരംഭിക്കുന്ന എസ് ദുര്‍ഗയുടെ ചിത്രീകരണ വീഡിയോ പങ്കുവെച്ച ശേഷമാണ് പ്രതാപ് ജോസഫിന്റെ വിമര്‍ശനം. സംവിധായകന്റെ പ്രതികരണത്തിന് കീഴെ അഭിപ്രായ പ്രകടനവുമായി ജിയോ ബേബി എത്തി. ‘ഇത് നാഷണല്‍ അവാര്‍ഡ് കിട്ടിയ സിനിമയാണ്’ എന്ന് സംവിധായകന് ഒരു സ്മൈലിയോടൊപ്പം കമന്റ് ചെയ്തു.
രാജ്യത്തിന് അകത്തും പുറത്തും നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടും ചില ചിത്രങ്ങള്‍ കേരളത്തില്‍ അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകന് ഡോ. ബിജു രംഗത്തെത്തിയിരുന്നു. ജ്ഞാനവേല്‍-സൂര്യ ചിത്രം ‘ജയ് ഭീം’ പോലെ ജാതി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങള്‍ മലയാളത്തിലുണ്ടാകുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ മികച്ച ആര്‍ടിസ്റ്റിക് അച്ചീവ്മെന്റിനുള്ള പുരസ്കാരം നേടിയ ‘വെയില്‍മരങ്ങള്‍’ കേരളത്തില്‍ തഴയപ്പെട്ടെന്ന് ഡോ. ബിജു പറഞ്ഞു. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ കുറച്ചു തിയേറ്ററുകളിലായി സിനിമ റിലീസ് ചെയ്തിരുന്നു. കേരളത്തില്‍ ആയിരുന്നു ഏറ്റവും കുറച്ചു കാണികള്‍ തിയേറ്ററില്‍ എത്തിയത്. മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനലും സിനിമ രണ്ടു വര്‍ഷമായിട്ടും ഇതേവരെ സംപ്രേഷണം ചെയ്തിട്ടില്ല. മലയാളത്തിലെ സ്ഥിരം നിരൂപകന്മാരില്‍ ഭൂരിപക്ഷവും സിനിമയെ പറ്റി ഒരു വരി പോലും എഴുതിയിട്ടില്ല. സംസ്ഥാന ചലച്ചിത പുരസ്കാര നിര്‍ണ്ണയ ജൂറി ആദ്യ റൗണ്ടില്‍ തന്നെ ചിത്രം ഇഷ്ടപ്പെടാതെ പുറന്തള്ളി. അഞ്ചു അന്താരാഷ്ട്ര അവാര്‍ഡുകള്‍ (ഇന്ദ്രന്‍സിനു സിംഗപ്പൂര്‍ ചലച്ചിത്ര മേളയില്‍ മികച്ച നടന് ഉള്‍പ്പെടെ) നേടി അനേകം അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിനാണ് സ്വന്തം നാട്ടില്‍ ഈ ഗതിയുണ്ടായതെന്നും ഡോ. ബിജു ചൂണ്ടിക്കാട്ടുകയുണ്ടായി.