യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധം: റഷ്യയിലെ എല്ലാ ബിസിനസും അവസാനിപ്പിച്ച് ഡിസ്‌നി

റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശങ്ങളോട് പ്രതിഷേധിച്ച് ലോകത്തെ മീഡിയാ-എന്റര്‍ടൈന്‍മെന്റ് ഭീമന്മാരായ വാള്‍ട്ട് ഡിസ്‌നി കമ്പനി. റഷ്യയിലുള്ള തങ്ങളുടെ എല്ലാ ബിസിനസും താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ഡിസ്‌നി അറിയിച്ചു. റഷ്യയില്‍ നിരവധി വ്യവസായ മേഖലകളില്‍ ഡിസ്‌നിക്ക് പങ്കുണ്ട്. എന്നാല്‍ നിലവിലത്തെ യുദ്ധ സാഹചര്യത്തില്‍ റഷ്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയാണെന്നാണ് കമ്പനി വക്താവ് വ്യക്തമാക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായി റഷ്യയില്‍ പുതിയ സിനിമകളുടെ റിലീസ് നിര്‍ത്തിവെക്കുകയാണെന്ന് നേരത്തെ ഡിസ്‌നി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയന്ത്രണം കടുപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിയിരിക്കുന്നത്. ഡിസ്‌നിക്ക് റഷ്യയിലുടനീളം നിരവധി ചാനല്‍ ശൃംഖലകളും കണ്‍സ്യൂമര്‍ പ്രൊഡക്ട് ബ്രാന്‍ഡുകളും സെന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ അത്യാഢംബര കപ്പല്‍ തുറമുഖവും സ്വന്തമായിട്ടുണ്ട്. ഇവയുടെ എല്ലാം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തുകയാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

‘റഷ്യ യുക്രൈനെതിരായി നിരന്തരമെന്നോണം നടത്തുന്ന അക്രമങ്ങളും മനുഷ്യര്‍ നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയും കണക്കിലെടുത്ത് റഷ്യയിലെ എല്ലാ ബിസിനസുകളും നിര്‍ത്തിവെക്കാനുള്ള നടപടികളിലേക്ക് ഞങ്ങള്‍ കടക്കുകയാണ്. റഷ്യന്‍ മാധ്യമ-എന്റര്‍ടൈന്‍മെന്റ് മേഖലയിലേക്ക് നല്‍കിയിരുന്ന കണ്ടന്റുകള്‍, ലൈസന്‍സുകള്‍, ഡിസ്‌നി ക്രൂയിസ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍, നാഷണല്‍ ജിയോഗ്രാഫിക് മാഗസിന്‍, പ്രാദേശിക കണ്ടന്റ് പ്രൊഡക്ഷനുകള്‍, ചാനലുകള്‍ തുടങ്ങിയവയ്ക്ക് എല്ലാം ഇത് ബാധകമാണ്’, ഡിസ്‌നി വക്താവ് വ്യക്തമാക്കി. ഇവയില്‍ ചിലതിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടന്നുതന്നെ അവസാനിപ്പിക്കുമെന്നും ചാനലുകളുടെയും പ്രൊഡക്ട് ലൈസന്‍സ് കരാറുകളുടെയും മറ്റും കാര്യത്തില്‍ അല്‍പം താമസമെടുക്കുമെന്നും കമ്പനി അറിയിച്ചു.

റഷ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുത്ത സാഹചര്യമുണ്ടാവില്ലെന്നും ഡിസ്‌നിയുടെ പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുക്രൈനില്‍ നടത്തിയ അധിനിവേശത്തിന് പിന്നാലെ വിദേശ കമ്പനികളില്‍ നിന്നും വലിയ തിരിച്ചടിയാണ് റഷ്യ നേരിട്ടുകൊണ്ടിരിക്കുന്നത്. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, വാര്‍ണര്‍ മീഡിയ, ടിക്ടോക്ക്, സാംസങ് തുടങ്ങിയ കമ്പനികള്‍ റഷ്യയിലെ ബിസിനസ് നിര്‍ത്തിവെക്കുകയാണ്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സും പുതിയ സിനിമകള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലാണ്. ഹോളിവുഡിന് പുറമേ, മൈക്രോസോഫ്റ്റ്, ആപ്പില്‍, ഡെല്‍ തുടങ്ങിയ ടെക് കമ്പനികളും റഷ്യയിലെ എല്ലാത്തരം വില്‍പനയും നിര്‍ത്തി.

UPDATES
STORIES