‘ആ തെറികള്‍ സത്യസന്ധമാണ്’; ബീറ്റില്‍സ് ഡോക്യുമെന്ററിയിലെ ചീത്തവിളി ഒഴിവാക്കണമെന്ന് ഡിസ്‌നി, പറ്റില്ലെന്ന് പീറ്റര്‍ ജാക്‌സണും ബാന്‍ഡും

കാത്തിരിപ്പിനൊടുവില്‍ ബീറ്റില്‍സ് ഡോക്യുമെന്ററിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് സംഗീത പ്രേമികള്‍. വെറും പത്ത് വര്‍ഷം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസ ബാന്‍ഡ് പിരിച്ചുവിടുന്നതിന് മുന്‍പുള്ള നിമിഷങ്ങളാണ് ‘ദ ബീറ്റില്‍സ്: ഗെറ്റ് ബാക്കി’ലുള്ളത്. ‘ലോര്‍ഡ് ഓഫ് ദ റിങ്ങ്‌സ്’ ഫ്രാഞ്ചൈസിലൂടെ സിനിമാസ്വാദകര്‍ക്ക് പ്രിയങ്കരനായ പീറ്റര്‍ ജാക്‌സണാണ് സംവിധാനം. 1970ല്‍ നിര്‍മ്മിച്ച ദീര്‍ഘമായ ഡോക്യുമെന്ററിയിലെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഗെറ്റ് ബാക്കിന്റെ നിര്‍മ്മാണം. ബീറ്റില്‍സ് (1960-70) പിരിച്ചുവിടുന്നതിലേക്ക് നയിച്ച പ്രശ്‌നങ്ങളുടെ സൂചനകള്‍ ഗെറ്റ് ബാക്കിലുണ്ട്. അതിനൊടൊപ്പം തന്നെ നല്ല ചീത്തവിളികളും തെറി കലര്‍ന്ന അഭിസംബോധനകളും അതേ പോലെ ഉള്‍പ്പെടുത്തി. ബീറ്റില്‍സിന്റെ ഈ ചീത്തവിളികളെല്ലാം ഡോക്യുമെന്ററിയില്‍ നിന്നൊഴിവാക്കണമെന്ന് ഡിസ്‌നി തന്നോടാദ്യം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പീറ്റര്‍ ജാക്‌സണ്‍. ബീറ്റില്‍സ് നാല്‍വര്‍ സംഘത്തിലെ ജീവിച്ചിരിക്കുന്നവരായ പോള്‍ മക്കാര്‍ട്ടിനിയും റിങ്കോ സ്റ്റാറും പിന്നെ ജോര്‍ജ് ഹാരിസന്റെ വിധവ ഒലിവിയയുമാണ് കത്രിക വെയ്ക്കലിനെ എതിര്‍ത്തത്. കുട്ടി പ്രേക്ഷകരിലൂടെ വളര്‍ന്ന ഡിസ്‌നി ആദ്യമായാണ് തങ്ങളുടെ ഒരു പ്ലാറ്റ്‌ഫോമില്‍ ചീത്തവിളിയുള്ള കണ്ടന്റിന് അനുമതി നല്‍കുന്നത്.

പോള്‍ മക്കാര്‍ട്ടിനിയേയും റിങ്കോ സ്റ്റാറിനേയും ഡോക്യുമെന്ററി കാണിച്ചപ്പോള്‍ അവര്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ നിര്‍ദ്ദേശിക്കുമെന്നാണ് കരുതിയത്. പക്ഷെ, അവരത് ചെയ്തില്ല.

പീറ്റര്‍ ജാക്‌സണ്‍
പോള്‍ മക്കാര്‍ട്ടിനി, റിങ്കോ സ്റ്റാര്‍, ജോണ്‍ ലെനന്‍, ജോര്‍ജ് ഹാരിസണ്‍

‘ഒട്ടും കലര്‍പ്പില്ലാത്തത്’ എന്നായിരുന്നു മക്കാര്‍ട്ടിനിയുടെ പ്രതികരണമെന്ന് ജാക്‌സണ്‍ ചൂണ്ടിക്കാട്ടി. ‘ഞങ്ങള്‍ അന്ന് എങ്ങനെയായിരുന്നു എന്നതിന്റെ കൃത്യമായ ആവിഷ്‌കാരമാണത്’ എന്ന് മക്കാര്‍ട്ടിനി പറഞ്ഞു. ‘സത്യസന്ധം’ എന്നാണ് റിങ്കോ വിശേഷിപ്പിച്ചത്. ഇന്നുവരെയുള്ള ജീവിതത്തത്തില്‍ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ നിമിഷങ്ങളായിരുന്നു ഈ സീരിസ് കാണുമ്പോഴുണ്ടായതെന്ന് ബീറ്റില്‍സിലെ ഒരാള്‍ എന്നോട് പറഞ്ഞു. എങ്കിലും അവരെ സംബന്ധിച്ചിടത്തോളം അതിന്റെ സത്യസന്ധതയായിരുന്നു ഏറ്റവും വലുത്. അവര്‍ക്ക് ഒരു വൈറ്റ് വാഷ് ആവശ്യമില്ല. അത് ‘വൃത്തിയാക്ക’പ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നേയില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

എല്ലാ ചീത്തവാക്കുകളും ഒഴിവാക്കണമെന്നായിരുന്നു ഡിസ്‌നിയുടെ നിര്‍ദ്ദേശം. പക്ഷെ, റിങ്കോയും പോളും ഒലീവിയയും ഇങ്ങനെ പറഞ്ഞു. ‘അങ്ങനെയാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. അങ്ങനെത്തന്നെ ലോകം ഞങ്ങളെ കാണട്ടെ’.

പീറ്റര്‍ ജാക്‌സണ്‍

കഴിഞ്ഞ ദിവസമാണ് ‘ദ ബീറ്റില്‍സ്: ഗെറ്റ് ബാക്’ ഒടിടി റിലീസായെത്തിയത്. ബീറ്റില്‍സ് ചിതറിപ്പോകുന്നതിന് മുന്‍പത്തെ ആല്‍ബം ‘ലെറ്റ് ഇറ്റ് ബി’യുടെ ചിത്രീകരണവേളയിലെ ദൃശ്യങ്ങളാണ് ഡോക്യുമെന്ററിയില്‍ കൂടുതലും. ‘ലെറ്റ് ഇറ്റ് ബി’യുടെ വര്‍ക്കിങ്ങ് ടൈറ്റിലായിരുന്നു ‘ഗെറ്റ് ബാക്’. പിന്നീട് ഫീച്ചര്‍ ഫിലിമായിറങ്ങിയ ‘ലെറ്റ് ഇറ്റ് ബി’ നാലുപേര്‍ക്കും മികച്ച സംഗീതത്തിനുള്ള ഓസ്‌കര്‍ നേടിക്കൊടുത്തു.

പീറ്റര്‍ ജാക്‌സണ്‍

മൈക്കള്‍ ലിന്‍ഡ്‌സെയ് ഹോഗിന്റെ ഡോക്യുമെന്ററിയേക്കുറിച്ചുള്ള ഡോക്യുമെന്ററി എന്നാണ് പീറ്റര്‍ ജാക്‌സണ്‍ ‘ദ ബീറ്റില്‍സ്: ഗെറ്റ് ബാക്കി’നെ വിശേഷിപ്പിക്കുന്നത്. മൂന്ന് എപ്പിസോഡുകളുള്ള ഡോക്യു സീരീസിന് ആകെ എട്ട് മണിക്കൂറോളം ദൈര്‍ഘ്യമുണ്ട്. 60 മണിക്കൂറുള്ള ഫിലിം ഫൂട്ടേജുകളും 150 മണിക്കൂര്‍ വരുന്ന ഓഡിയോയും എഡിറ്റ് ചെയ്താണ് സീരീസ് തയ്യാറാക്കിയത്. എഡിറ്റിങ്ങിന് വേണ്ടി ഓസ്‌കര്‍ ജേതാവായ പീറ്റര്‍ ജാക്‌സണ്‍ നാല് വര്‍ഷം ചെലവഴിച്ചു. പോള്‍ മക്കാര്‍ട്ടിനി, റിങ്കോ സ്റ്റാര്‍, ഒലീവിയ ഹാരിസണ്‍ എന്നിവര്‍ക്കൊപ്പം ജോണ്‍ ലെനന്റെ വിധവ യോക്കോ ഓനോയും ഡോക്യുമെന്ററി നിര്‍മ്മാണത്തോട് സഹകരിച്ചു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെ തങ്ങളുടെ ആപ്പിള്‍ കോര്‍പ്‌സ് കെട്ടിടത്തിന്റെ മുകളില്‍ ബീറ്റില്‍സ് നട്ടുച്ച നേരത്ത് നടത്തിയ പ്രകടനം സീരിസില്‍ മുഴുവനായുണ്ട്. ബീറ്റില്‍സിന്റെ കരിയറിലെ ഏറ്റവും അവസാനത്തെ പരസ്യ സംഗീത പരിപാടിയായിരുന്നു അത്.

ബീറ്റില്‍സ് റൂഫ് ടോപ് കണ്‍സേര്‍ട്ട്
UPDATES
STORIES