ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കമ്മിറ്റി അംഗം ശാരദയുടെ പ്രതികരണത്തില്‍ നിരാശ രേഖപ്പെടുത്തി, കമ്മീഷന് മുന്നില്‍ മൊഴി നല്കിയ നടി ദിവ്യ ഗോപിനാഥ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടതെന്നും ഈ റിപ്പോര്‍ട്ടിലൂടെ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ കമ്മിറ്റി അംഗം ശാരദയുടെ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചു എന്നും ദിവ്യ സൗത്ത്റാപ്പിനോട് പറഞ്ഞു.
ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍ പൂര്‍ണരൂപത്തില്‍
സിനിമ നല്കുന്ന ലക്ഷ്വറി കണ്ട് ആ മേഖല തിരഞ്ഞെടുത്ത ആളല്ല ഞാന്‍. അഭിനയത്തോടുള്ള ഇഷ്ടംകൊണ്ടാണ് കുടുംബത്തിൽ നിന്നും എതിര്‍പ്പുണ്ടായിട്ടു പോലും തിയേറ്റര്‍ പഠിക്കാന്‍ ഇറങ്ങുന്നത്. സിനിമ മേഖലയില്‍ നിന്നും ഞാനനുഭവിച്ച ചൂഷണങ്ങള്‍, ലൈംഗിക ചൂഷണം മാത്രമല്ല, തൊഴിലിടത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവങ്ങള്‍ ഉള്‍പ്പെടെ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ മുന്നിലിരുന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ എന്റെ കൈ പിടിച്ച് ആശ്വസിപ്പിച്ചവര്‍, ‘രണ്ട് വര്‍ഷത്തിന് ശേഷം സിനിമ ഒരു മോശം മേഖലയാണെന്ന് തോന്നുന്നെങ്കില്‍ സിനിമ സിനിമ എന്ന് പറഞ്ഞ് നില്‍ക്കാതെ മറ്റെന്തെങ്കിലും ജോലിക്ക് പൊയ്ക്കൂടെ,’ എന്ന് ചോദിക്കുന്നത് കാണുമ്പോള്‍ വല്ലാത്ത വേദനയാണ് തോന്നുന്നത്. ഞങ്ങള്‍ കുറച്ച് പെണ്‍കുട്ടികള്‍ മൂന്ന് മണിക്കൂറോളമാണ് മാറി മാറി കമ്മിറ്റിക്ക് മുന്നില്‍ സംസാരിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് മുന്നില്‍ മണിക്കൂറുകളോളം ഇരുന്ന് സംസാരിക്കുമ്പോള്‍ അത് ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ആയിരുന്നില്ല. പതിനെട്ട് വര്‍ഷം മുമ്പ് നടന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് ഒരാള്‍ തുറന്ന് പറയുമ്പോള്‍ ‘അന്നെന്തേ പറഞ്ഞില്ല?’ എന്ന് ചോദിക്കുന്നവര്‍ മനസിലാക്കേണ്ടത്, അന്നത് പറയാനുള്ള ഇടം അവിടെ ഇല്ലായിരുന്നു എന്നാണ്. അങ്ങനെ ഒരു ഇടത്തിന് വേണ്ടിയാണ് ഞാനടക്കുമുള്ളവര് ഞങ്ങളുടെ കരിയറും ജീവിതവും റിസ്ക് എടുത്ത് സംസാരിക്കുന്നത്.
ഞാൻ ചെയ്ത ഒരു സിനിമയിലെ അനുഭവമാണ്. സെറ്റില്‍ വിശ്രമിക്കാന്‍ ഒരു സ്ഥലമുണ്ടായിരുന്നില്ല. ഒന്ന് കിടക്കണമെങ്കില്‍ അടച്ചുറപ്പുള്ള ഒരു മുറി ഇല്ലായിരുന്നു. ഒരു പ്രമുഖ നടനില്‍ നിന്നും ഉണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് ഞാന്‍. അതിന് ശേഷം എനിക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ ഇല്ലാതായി. കുറച്ച് സിനിമകളിലേക്കല്ലാതെ ഓഡിഷൻ ചെയ്യാനുള്ള അവസരങ്ങൾ പോലും ഇല്ലാതായി. വിദ്യാഭ്യാസം ഉള്ളതിനാൽ ഇപ്പോൾ ജീവിതം ജോലി ചെയ്ത് മുന്നോട്ട് കൊണ്ടു പോകുന്നു. അതും ഒരു പ്രിവിലേജാണ്. പക്ഷെ സിനിമ ചെയ്തുകൊണ്ടും സിനിമയിൽ തന്നെ പ്രവർത്തിച്ചുകൊണ്ടും തുടരണമെന്ന് അതിയായ ആഗ്രഹമുണ്ട്. കാരണം അതിനുവേണ്ടി അഭിനയ പഠനം നടത്തിയ ആളാണ് ഞാൻ. അതിനാണ് ഫൈറ്റ് ചെയ്യുന്നത്. വളരെ പ്രതീക്ഷയോടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ നോക്കി കാണുന്നത്.
സിനിമ മേഖലയിലെ സ്ത്രീകല് നേരിടുന്ന പ്രശ്നങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേരള സര്‍ക്കാര്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഇതേക്കുറിച്ചുള്ള പ്രതികരണം ആരായാൻ കമ്മിറ്റി അംഗം ശാരദയെ ബന്ധപ്പെട്ടപ്പോൾ ഗവൺമെന്റ് എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ടെന്നും സമയമാകുമ്പോൾ റിപ്പോർട്ട് പുറത്തുവിടുമെന്നുമായിരുന്നു ശാരദ പറഞ്ഞത്.
ശാരദ സൗത്ത്റാപ്പിനോട് പറഞ്ഞത്:
റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നൊരു നിര്‍ദേശം കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഗവണ്മെന്റ് എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ട സമയത്ത് പുറത്തുവിടും. വളരെ വലിയൊരു സബ്ജക്ട് ആണിത്. ഇപ്പോള്‍ തിരക്ക് പിടിക്കുന്നതില്‍ കാര്യമില്ല. അത് ചെറിയ കാര്യമല്ല. കാര്യങ്ങളെ വളരെ സീരിയസ് ആയി എടുത്താണ് ഈ കമ്മിറ്റി ഉണ്ടാക്കിയത്. സിനിമ മേഖലയിലെ സ്ത്രീകളുടെ അവസ്ഥയില്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ മാറ്റം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഞാനൊരു കാര്യം പറയട്ടെ, സെക്ഷ്വല്‍ ഹരാസ്മെന്റ് സിനിമയില്‍ മാത്രമല്ല. ഓഫീസുകളില്‍ ഇല്ലേ? എത്ര ബോറായിട്ടാണ് ഓഫീസുകളില്‍ ആളുകള്‍ പെരുമാറുന്നത്. സിനിമയിലെ പ്രശ്നങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതില്‍ കാര്യമില്ല. എല്ലായിടത്തും ഈ പ്രശ്നം ഉണ്ട്. ഗവണ്മെന്റ് സമയമാകുമ്പോള്‍ നല്ല രീതിയില്‍ തന്നെ ഈ റിപ്പോര്‍ട്ട് റിലീസ് ചെയ്യും.
ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ഉള്ളതാണ് ഈ ലൈംഗിക ചൂഷണം. പക്ഷെ ഞങ്ങള്‍ പുറത്ത് പറയില്ലായിരുന്നു, ഇവര്‍ പറയുന്നുണ്ട്. എന്നാലും അന്ന് ഇത്ര മോശമായിരുന്നില്ല അവസ്ഥ. പക്ഷെ ഞങ്ങള്‍ പറയില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും ഇതുണ്ട്. ഇനി നിങ്ങള്‍ക്ക് സിനിമ ഇഷ്ടമല്ലെങ്കില്‍ അതുപേക്ഷിച്ച് വേറെ ജോലിക്ക് പോകുക. എന്തിനാണ് ഈ ചീത്ത സ്ഥലത്ത് സിനിമ സിനിമ എന്ന് പറഞ്ഞ് നില്‍ക്കുന്നത്?
ഞാന്‍ കൂടുതല്‍ ഇതേപ്പറ്റി പറയില്ല. പഠനം ഭംഗിയായി നടത്തിയിട്ടുണ്ട്. ഗവണ്മെന്റ് വേണ്ട കാര്യങ്ങള്‍ വേണ്ടതു പോലെ ചെയ്യും.