‘അമ്മയുടെ ജന്മദിനമാണ് ഇന്ന്’; ജിന്നുമായി സിദ്ധാര്‍ത്ഥ് ഭരതന്‍, മകന്റെ ചിത്രത്തില്‍ കെപിഎസി ലളിതയും

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്നിന്റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച നടി കെപിഎസി ലളിതയുടെ ജന്മദിനത്തില്‍ത്തന്നെ ടീസര്‍ റിലീസ് ചെയ്ത് താന്‍ മടങ്ങിവരികയാണെന്ന് മകന്‍ കൂടിയായ സിദ്ധാര്‍ത്ഥ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കെപിഎസി ലളിതയും ചിത്രത്തില്‍ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്.

‘അമ്മയുടെ വിയോഗത്തിന്റെ 16ാം ദിനമായിരുന്നു ഇന്നലെ. ദുഃഖാചരണങ്ങള്‍ അവസാനിച്ചു. ഇന്ന് അമ്മയുടെ ജന്മദിനമാണ്. ജിന്നിന്റെ ടീസര്‍ റിലീസ് ചെയ്തുകൊണ്ട് ഈ ദിവസത്തില്‍തന്നെയാവണം എന്റെ മടങ്ങിവരവ് എന്ന് ഞാന്‍ തീരുമാനിച്ചു. അമ്മയുടെ നഷ്ടത്തില്‍ എനിക്കുനിങ്ങളുടെ പിന്തുണ ആവശ്യമാണ്’, സിദ്ധാര്‍ത്ഥ് കുറിച്ചു. ഫെബ്രുവരി 22നായിരുന്നു കെപിഎസി ലളിത അന്തരിച്ചത്.

ജിന്നില്‍ സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ലിയോണ, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്‌ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മാണം. രാജേഷ് ഗോപിനാഥന്റേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രാഹകന്‍- ഗിരീഷ് ഗംഗാധരന്‍. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തിലെത്തുന്ന നാലാമത്തെ സിനിമയാണ് ജിന്ന്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നിവയാണ് മുമ്പ് സംവിധാനം ചെയ്ത സിനിമകള്‍.

UPDATES
STORIES