‘സ്വര്‍ണക്കടത്തല്ല, മൂന്ന് ശലഭമുണ്ട്’; ‘ഗോള്‍ഡി’ല്‍ യുദ്ധവും പ്രേമവും പ്രതീക്ഷിക്കരുതെന്ന് അല്‍ഫോന്‍സ് പുത്രന്‍

പുതിയ ചിത്രം ഗോള്‍ഡിനേക്കുറിച്ച് പ്രേക്ഷകരോട് സംവദിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ചിത്രീകരണം കഴിഞ്ഞ ഗോള്‍ഡിന്റെ എഡിറ്റിങ്ങ് നടക്കുകയാണെന്ന് അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും, കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളുമുള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രമാണിതെന്നും അല്‍ഫോന്‍സ് തമാശ കലര്‍ന്ന ഭാഷയില്‍ പറഞ്ഞു.

പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.

അല്‍ഫോന്‍സ് പുത്രന്‍

പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ കമന്റ് ബോക്‌സില്‍ മറുപടി നല്‍കുന്നുണ്ട്. സ്വര്‍ണക്കടത്ത് ആണോ പ്രമേയമെന്ന ചോദ്യത്തിന് അല്ലെന്നാണ് പ്രതികരണം. ‘പ്രേമ’ത്തിലെ ചിത്രശലഭങ്ങളെ സൂചിപ്പിച്ച് ‘രണ്ട് ശലഭമെങ്കിലും’ ഉണ്ടോയെന്ന ചോദ്യത്തിന് മൂന്ന് ശലഭമുണ്ടെന്ന് സംവിധായകന്‍ മറുപടി നല്‍കി. എളിമ കാണിച്ച് ഞെട്ടിക്കാനുള്ള പരിപാടിയാണ് ഇത്തവണയുമെന്ന് പലരും കമന്റ് ചെയ്തു. ‘പ്രേമം’ ഇറക്കുന്നതിന് മുന്‍പ് അല്‍ഫോന്‍സ് പുത്രന്‍ പോസ്റ്റ് ചെയ്ത സമാനരീതിയിലുള്ള ഫേസ്ബുക്ക് കുറിപ്പും ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.

പ്രേമം കഴിഞ്ഞുള്ള ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ‘ഗോള്‍ഡ്’ ഒരുക്കുന്നത്. പൃഥ്വിരാജ്, നയന്‍ താര, അജ്മല്‍ അമീര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ആക്ഷന്‍-കോമിക് ഡ്രാമയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിനയ് ഫോര്‍ട്ട്, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, മല്ലികാ സുകുമാരന്‍, ബാബു രാജ്, അബു സലീം, ജഗദീഷ്, സുരേഷ് കൃഷ്ണ, തെസ്നി ഖാന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. പൃഥ്വിരാജ് കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് മല്ലികയെത്തുന്നത്. 48 അഭിനേതാക്കള്‍ ഗോള്‍ഡില്‍ ഉണ്ടെന്നും ‘നേര’ത്തിന്റെ ഗണത്തില്‍ പെടുത്താവുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.

ചിത്രത്തിന്റെ പ്രമേയത്തേക്കുറിച്ചോ കഥാപാത്രങ്ങളേക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബര്‍ എട്ടിനാണ് ഗോള്‍ഡിന്റെ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രേമത്തിന്റെ വന്‍ വിജയത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കിക്കൊണ്ടുള്ള ‘പാട്ട്’ ആണ് അല്‍ഫോണ്‍സ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചില കാരണങ്ങളാല്‍ പാട്ട് നീട്ടിവെച്ച് ഗോള്‍ഡിന്റെ ചിത്രീകരണത്തിലേക്ക് കടക്കുകയായിരുന്നു. പ്രേമം കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം അല്‍ഫോന്‍സ് പുത്രന്‍ എത്തുന്നു എന്നതിനൊപ്പം ചിത്രത്തേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതും പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.

UPDATES
STORIES