‘കൊബാള്‍ട്ട് ബ്ലൂ, ഡോണ്ട് ലുക് അപ്, മിന്നല്‍ മുരളി’; ഡിസംബറില്‍ ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നത്

കലാശക്കൊട്ടിലേക്ക് നീങ്ങുകയാണ് 2021. ഒരു പിടി സിനിമകളും സീരീസുകളും ഡിസംബറില്‍ ഒടിടി പ്രേക്ഷകരെ കാത്തിരിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള ഒറിജിനല്‍ കൊണ്ടന്റുകളായി ആര്യ, അരണ്യക്, ബോബ് വിശ്വാസ്, കൊബാള്‍ട്ട് ബ്ലൂ, മിന്നല്‍ മുരളി, ഡീകപ്പിള്‍ഡ് എന്നിവ അടുത്തയാഴ്ച്ചകളിലെത്തും. ഡിസംബര്‍ മാസത്തില്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍, പ്രൈം വീഡിയോ, സീ 5 എന്നീ പ്ലാറ്റ്‌ഫോമുകളിലായി റിലീസ് ചെയ്യുന്നവയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാത്തിരിക്കുന്ന സിനിമകളും സീരീസുകളും ഇവയാണ്.

ദ പവര്‍ ഓഫ് ദ ഡോഗ്

ഡിസംബര്‍ ഒന്ന്
നെറ്റ്ഫ്‌ളിക്‌സ്

കിഴ്സ്റ്റണ്‍ ഡണ്‍സ്റ്റ് / ദ പവര്‍ ഓഫ് ദ ഡോഗ്

‘ദ പിയാനോ’യിലൂടെ ഓസ്‌കറും പാം ഡിയോറും നേടി ചരിത്രമിട്ട ജെയ്ന്‍ കാംപിയോണ്‍ ഒരുക്കിയ വെസ്‌റ്റേണ്‍ ഡ്രാമ. 1920കളാണ് പശ്ചാത്തലം. ബെനഡിക്ട് കംബര്‍ബാച്ച്, ജെസ്സെ പ്ലിമന്‍സ്, കിഴ്സ്റ്റണ്‍ ഡണ്‍സ്റ്റ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആധിപത്യമനോഭാവക്കാരനായ ഫില്‍ ബര്‍ബാങ്കും സഹോദരന്‍ ജോര്‍ജിന്റെ കുടുംബവും തമ്മിലുള്ള സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. 12 വര്‍ഷത്തെ ഇടവേളയ്‌ക്കൊടുവില്‍ ജെയ്ന്‍ കാംപിയോണ്‍ സംവിധാനം ചെയ്ത ചിത്രത്തിന് വെനീസ് ചലച്ചിത്ര മേളയിലെ ലോകപ്രീമിയറില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. 2021ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് നിരൂപകര്‍ ‘പവര്‍ ഓഫ് ദ ഡോഗി’നെ വിശേഷിപ്പിക്കുന്നത്.

ബോബ് ബിശ്വാസ്

ഡിസംബര്‍ 3
സീ 5

അഭിഷേക് ബച്ചന്‍ / ബോബ് ബിശ്വാസ്‌

ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ‘കഹാനി’യുടെ സ്പിന്‍ ഓഫുമായാണ് സംവിധായകന്‍ സുജോയ് ഘോഷിന്റെ വരവ്. മധ്യവയസ്‌കനായ വാടകക്കൊലയാളിയായി അഭിഷേക് ബച്ചനെത്തുന്നു. വര്‍ഷങ്ങള്‍ നീണ്ട കോമയ്‌ക്കൊടുവില്‍ ഉണരുന്ന ബോബ് ബിശ്വാസ് തന്റെ പൂര്‍വ്വകാലം ഓര്‍ത്തെടുക്കുകയാണ്. ഭാര്യയും രണ്ട് കുട്ടികളും തനിക്കുണ്ടായിരുന്നെന്ന് ബോബ് ബിശ്വാസ് മനസിലാക്കുന്നു. പഴയ ‘ജോലി’യിലേക്ക് മടങ്ങുന്ന ബോബിന് പലതും നേരിടാനുണ്ട്. അഭിഷേക് ബച്ചനെ കൂടാതെ ചിത്രാംഗദ സിങ്, പരന്‍ ബന്ദോപാധ്യായ്, റോണിത് അറോറ, ടിന ദേശായി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കൊബാള്‍ട്ട് ബ്ലൂ

ഡിസംബര്‍ 3
നെറ്റ്ഫ്‌ളിക്‌സ്

കൊബാള്‍ട്ട് ബ്ലൂ

സച്ചിന്‍ കുന്ദല്‍ക്കറുടെ എല്‍ജിബിറ്റിക്യു നോവല്‍ സിനിമയാകുന്നുവെന്ന പ്രഖ്യാപനമുണ്ടായത് മൂന്ന് വര്‍ഷം മുന്‍പാണ്. അന്ന് മുതലാരംഭിച്ച കാത്തിരിപ്പിനാണ് നെറ്റ്ഫ്‌ളിക്‌സ് വരുന്ന ആഴ്ച്ച വിരാമമിടുന്നത്. ഒരു പരമ്പരാഗത മറാത്തി കുടുംബത്തിലെ സഹോദരനും സഹോദരിയും ഒരേ ആളെത്തന്നെ പ്രണയിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 1990കള്‍ പശ്ചാത്തലമാക്കി സച്ചിന്‍ കുന്ദല്‍ക്കര്‍ തന്നെയാണ് ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലെഴുതിയത്. നീലയ് മെഹന്ദലെ, അഞ്ജലി ശിവരാമന്‍, പ്രതീക് ബബ്ബര്‍, ആനന്ദ് വി ജോഷി, ഗീതാജ്ഞലി കുല്‍ക്കര്‍ണി തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. മലയാളി നടി പൂര്‍ണിമ ഇന്ദ്രജിത്തും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.

ഇന്‍സൈഡ് എഡ്ജ്

ഡിസംബര്‍ 3
ആമസോണ്‍ പ്രൈം

റിച്ച ഛദ്ദ, വിവേക് ഒബ്രോയ് / ഇന്‍സൈഡ് എഡ്ജ്‌

ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള ഡ്രാമ സീരീസിന്റെ മൂന്നാം സീസണ്‍. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ കടുത്ത ഭിന്നതകള്‍ക്കൊടുവില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു ടെസ്റ്റ് മത്സരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും പിപിഎല്‍ (പവര്‍ പ്ലേ ലീഗ്) സ്ഥാപകനുമായ യാഷ് വര്‍ധന്‍ ഭായ്‌സാഹിബ് പാട്ടീല്‍ (ആമീര്‍ ബഷീര്‍). സ്‌പോട്‌സ് മാനേജ്‌മെന്റ് സ്ഥാപന ഉടമയായ വിക്രാന്ത് ധവാന്‍ (വിവേക് ഒബ്രോയ്) പ്രതികാരവാഞ്ഛയോടെ പിന്നാലെയുണ്ട്. മുംബൈ മാവറിക്‌സ് സഹ ഉടമയായ സറീന മാലിക്കിന് (റിച്ച ഛദ്ദ) ഭായ് സാഹിബിന്റെ കസേരയിലാണ് നോട്ടം.

മണി ഹെയ്‌സ്റ്റ്

ഡിസംബര്‍ 3
നെറ്റ്ഫ്‌ളിക്‌സ്

അല്‍വാരോ മോര്‍ത്ത / മണി ഹെയ്‌സ്റ്റ്

ആഗോള സെന്‍സേഷനായ സീരീസിന്റെ അവസാന പതിപ്പ്. അഞ്ചാം സീസണിന്റെ രണ്ടാം വോള്യം മുന്‍ എപ്പിസോഡുകളിലേതുപോലെ ഡ്രാമയും ആക്ഷനും ചേര്‍ത്താണെത്തുന്നത്. കൂടെ അവശേഷിക്കുന്നവരില്‍ ആരും കൊല്ലപ്പെടരുതെന്ന ദൃഢനിശ്ചയത്തിലാണ് പ്രൊഫസര്‍. പതിവുപോലെ നെറ്റ്ഫ്‌ളിക്‌സ് എല്ലാ എപ്പിസോഡുകളും ഒറ്റയടിക്ക് റിലീസ് ചെയ്യും.

ആര്യ

ഡിസംബര്‍ 10
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍

സുഷ്മിത സെന്‍ / ആര്യ

സുഷ്മിത സെന്‍ അധോലോക റാണിയായെത്തുന്ന ക്രൈം ത്രില്ലര്‍ സീരിസിന്റെ രണ്ടാം സീസണ്‍. അഞ്ചു ദിവസത്തിനുള്ളില്‍ വിദേശത്തുള്ള ഒരു മാഫിയ ഡോണിന് 300 കോടി രൂപ കൈമാറാനുള്ള ശ്രമത്തിലാണ് ആര്യ സറീന്‍. മകന്റെ മരണത്തിന് പക വീട്ടാന്‍ ആകാശ് ഖുറാനയുടെ കഥാപാത്രം ആര്യയുടെ പിന്നാലെയുണ്ട്.

അരണ്യക്

ഡിസംബര്‍ 10
നെറ്റ്ഫ്‌ളിക്‌സ്

രവീണ ടണ്ടന്‍ / അരണ്യക്

രവീണ ടണ്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ക്രൈം ത്രില്ലര്‍ സീരീസ്. ഹിമാലയന്‍ പട്ടണമായ സിറോണയിലെ ഇന്‍സ്‌പെക്ടറാണ് കസ്തൂരി ഡോഗ്ര. കരിയര്‍ മുഴുവന്‍ ശ്രമിച്ചിട്ടും അന്വേഷിച്ച് തീര്‍പ്പാക്കാന്‍ പറ്റാത്ത ഒരു വലിയ കേസ് അവരുടെ ജീവിതം തന്നെ ദുരിതത്തിലാക്കി. കസ്തൂരി സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുന്നേ ഒരു വിദേശ ടൂറിസ്റ്റിന്റെ മകളെ കാണാതാകുന്നു. പ്രമേയത്തിന് ‘മെയര്‍ ഓഫ് ഈസ്റ്റ് ടൗണു’മായി സാമ്യം തോന്നിയെങ്കില്‍ തെറ്റുപറയാനാകില്ല. കാടിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും പ്രകൃതിക്ക് അതീതമായ ശക്തികളുടെ ഇടപെടലും അരണ്യകില്‍ വരുന്നുണ്ട്.

ഡീകപ്പിള്‍ഡ്

ഡിസംബര്‍ 17
നെറ്റ്ഫ്‌ളിക്‌സ്

മാധവന്‍, സുര്‍വീണ്‍ ചൗള / ഡീകപ്പിള്‍ഡ്

മാധവനും ‘സേക്രഡ് ഗെയിംസി’ലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ സുര്‍വീണ്‍ ചൗളയും പ്രധാന വേഷത്തിലെത്തുന്ന കോമഡി ഡ്രാമ സീരീസ്. പിരിഞ്ഞ് താമസിക്കുന്ന ഒരു അച്ഛനും അമ്മയും കൗമാരക്കാരിയായ മകള്‍ക്കുവേണ്ടി ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുന്നു. ‘സീരിയസ് മെന്‍’ എന്ന നോവലിലൂടെ ശ്രദ്ധേയനായ മനു ജോസഫ് തിരക്കഥയൊരുക്കി. ദേശീയ പുരസ്‌കാര ജേതാവ് ഹാര്‍ദിക് മെഹ്തയാണ് സംവിധാനം. വിക്രമാദിത്യ മോട്‌വാനെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളിലുണ്ട്.

ദ വിച്ചര്‍

ഡിസംബര്‍ 17
നെറ്റ്ഫ്‌ളിക്‌സ്

ഹെന്റി കാവില്‍ / ദ വിച്ചര്‍

ഹെന്റി കാവില്‍ നായകനായ ഫാന്റസി സീരീസിന്റെ രണ്ടാം സീസണ്‍. ജെറാള്‍ട്ട് ഓഫ് റിവിയക്ക് മുന്നില്‍ വലിയ വെല്ലുവിളികളും കടമകളുമാണുള്ളത്. തെക്ക്-വടക്ക് പ്രവിശ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലാണ്. രാക്ഷസരൂപികളാകട്ടെ പതിവിന് വിപരീതമായി അവരുടെ നിദ്രാ കാലത്ത് സജീവമായിരിക്കുന്നു. സിറില്ല രാജകുമാരിയേയും കൊണ്ട് ജെറാള്‍ട്ട് ഏറ്റവും സുരക്ഷിതമെന്ന് കരുതി തന്റെ ജന്മനാടായ കെയര്‍ മോര്‍ഹനിലെത്തുന്നു.

ഡോണ്ട് ലുക് അപ്

ഡിസംബര്‍ 24
നെറ്റ്ഫ്‌ളിക്‌സ്

ലിയനാഡോ ഡികാപ്രിയോ, ജെന്നിഫര്‍ ലോറന്‍സ് / ഡോണ്ട് ലുക് അപ്

നെറ്റ്ഫ്‌ളിക്‌സിന്റെ ഈ വര്‍ഷത്തെ ഏറ്റവും വമ്പന്‍ പ്രൊജക്ടുകളിലൊന്നാണ് ‘ഡോണ്ട് ലുക് അപ്’. ലിയനാഡോ ഡികാപ്രിയോയെയും ജെന്നിഫര്‍ ലോറന്‍സിനേയും എത്തിക്കാന്‍ മാത്രമായി 55 ദശലക്ഷം ഡോളറാണ് നെറ്റ്ഫ്‌ളിക്‌സ് ചെലവാക്കിയത്. ‘ദ ബിഗ് ഷോര്‍ട്ട്’, ‘വൈസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആഡം മക്കെയ് ആണ് സംവിധാനം.

ഭൂമിയെ ലക്ഷ്യമാക്കി ഭീമാകാരമായൊരു ഉല്‍ക്ക വരുന്നത് രണ്ട് വാനനിരീക്ഷികരുടെ ശ്രദ്ധയില്‍ പെടുന്നു. പക്ഷെ, ലോകത്താര്‍ക്കും അതിനേക്കുറിച്ച് വലിയ ബേജാറില്ല. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് വാനനിരീക്ഷകര്‍. സറ്റയറിക്കല്‍ ബ്ലാക് കോമഡിയായെത്തുന്ന ഡോണ്ട് ലുക് അപ്പില്‍ മെറില്‍ സ്ട്രീപ്പ് അമേരിക്കന്‍ പ്രസിഡന്റാകുന്നു. ‘വുള്‍ഫ് ഓഫ് വോള്‍ സ്ട്രീറ്റി’ന് ശേഷം ഡികാപ്രിയോ-ജോനാ ഹില്‍ കോംബോ വീണ്ടും കാണാം. റോബ് മോര്‍ഗന്‍, കെയ്റ്റ് ബ്ലാഞ്ചറ്റ്, ടൈലര്‍ പെറി, തിമോത്തി ചലാമെറ്റ്, റോണ്‍ പേള്‍മാന്‍, അരിയാന ഗ്രാന്‍ഡെ, ക്രിസ് ഇവാന്‍സ് തുടങ്ങിവയവരും പ്രധാന വേഷങ്ങളിലുണ്ട്.

മിന്നല്‍ മുരളി

ഡിസംബര്‍ 24
നെറ്റ്ഫ്‌ളിക്‌സ്

ടൊവീനോ തോമസ് / മിന്നല്‍ മുരളി

ഇതിനോടകം തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ടൊവീനോ നായകനാകുന്ന ഈ മലയാളി സൂപ്പര്‍ ഹീറോ ചിത്രം. ഇടിമിന്നലേറ്റ ജെയ്‌സണ് അമാനുഷിക ശക്തിയും വേഗവും ലഭിക്കുന്നതും ഇയാള്‍ പിന്നീട് മിന്നല്‍ മുരളിയെന്ന സൂപ്പര്‍ഹീറോയാകുന്നതുമാണ് പ്രമേയം. മിന്നല്‍ മുരളിയെ ഒരു ഭീഷണിയായി കണ്ട് പൊലീസ് ജനങ്ങളെ അയാള്‍ക്കെതിരെ തിരിക്കുന്നു. അതിമാനുഷിക ശക്തിയുള്ളതാക്കട്ടെ മിന്നല്‍ മുരളിക്ക് മാത്രമല്ല. ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷത്തേക്കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, മാമുക്കോയ, ബൈജു, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാനറോളുകളിലുണ്ട്. ബേസില്‍ ജോസഫിന്റെ സംവിധാനവും സമീര്‍ താഹിറിന്റെ ക്യാമറയും ഷാന്‍ റഹ്മാന്‍, സുഷിന്‍ ശ്യാം എന്നിവരുടെ സംഗീതവും പ്രേക്ഷകരില്‍ പ്രതീക്ഷയേറ്റുന്നു.

ദ ബുക് ഓഫ് ബോബ ഫെറ്റ്

ഡിസംബര്‍ 29
ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍

ടെമുയേര മോറിസണ്‍, മിങ് നാ വെന്‍ / ദ ബുക് ഓഫ് ബോബ ഫെറ്റ്

‘മാന്‍ഡലോറിയന്‍’ സീരിസിന്റെ 2.5 സീസണ്‍ എന്ന് ബുക് ഓഫ് ബോബ ഫെറ്റിനെ വിശേഷിപ്പിക്കാം. സ്റ്റാര്‍ വാഴ്‌സിന്റെ ലൈവ് ആക്ഷന്‍ സീരീസായ ബിബിഎഫില്‍ ടെമുയേര മോറിസണ്‍, മിങ് നാ വെന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജബ്ബ ദ ഹട്ടിന്റെ പഴയ തട്ടകത്തിലൂടെ ബൗണ്ടി ഹണ്ടിങ്ങ് നടത്തുകയാണ് ബോബ ഫെറ്റും ഫെനക് ഷാന്‍ഡും. സ്റ്റാര്‍ വാഴ്‌സ് എപ്പിസോഡ് അഞ്ച് – ദ എംപയര്‍ സ്‌ട്രൈക്‌സ് ബാക്, മാന്‍ഡലോറിയന്‍ സീസണ്‍ 2 എന്നിവയ്ക്കിടയിലെ ബോബ ഫെറ്റിന്റെ ജീവിതം ബിബിഎഫില്‍ കാണാം. ലുഡ്‌വിഗ് ഗൊരാന്‍സണാണ് സീരീസ് ഒരുക്കുന്നത്. ജോണ്‍ ഫേവ്രു, ഡേവ് ഫിലണി, റോബര്‍ട്ട് റൊഡ്രീഗസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ബിബിഎഫിലൂടെ നല്ലൊരു വര്‍ഷാവസാനമാണ് സ്റ്റാര്‍ വാഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കോബ്ര കായ്

ഡിസംബര്‍ 31
നെറ്റ്ഫ്‌ളിക്‌സ്

കോബ്ര കായ്

കോബ്ര കായ് ആരാധകര്‍ക്ക് ന്യൂ ഇയര്‍ സമ്മാനമായാണ് നെറ്റ് ഫ്‌ളിക്‌സ് നാലാം സീസണ്‍ എത്തിക്കുന്നത്. അയോധനകല പ്രമേയമാക്കിയുള്ള ഡ്രാമയുടെ അഞ്ചാം സീസണ്‍ മുന്‍പേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

UPDATES
STORIES