സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍, വാപ്പിച്ചിയുടെ സല്‍പ്പേരിന് കളങ്കം വരുത്തുമോ എന്ന പേടിയുണ്ടായിരുന്നു എന്ന് നടനും മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്മാന്. ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിലായിലുന്നു ദുല്‍ഖറിന്റെ തുറന്നുപറച്ചില്‍. സ്വന്തം അരക്ഷിതാവസ്ഥകളും മമ്മൂട്ടിയുടെ മകന് എന്ന സമ്മര്‍ദ്ദവും തന്നെ ആശങ്കപ്പെടുത്തിയിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു. 2012ല്‍ പുറത്തിറങ്ങിയ ‘സെക്കന് ഷോ’ എന്ന ക്രൈം ത്രില്ലറായിരുന്നു ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം.
‘എന്നെക്കൊണ്ട് സാധിക്കുമോ എന്നെനിക്കറിയില്ലായിരുന്നു. ഞാന്‍ ഇവിടെ അതിജീവിക്കുമോ ആളുകള്‍ എന്നെ അംഗീകരിക്കുമോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇന്ഡസ്ട്രിയിലേക്ക് വരുമ്പോള്‍ എനിക്ക് ധാരാളം ആശങ്കകള്‍ ഉണ്ടായിരുന്നു. നിങ്ങളുടെ 20കളില്‍ അത്തരത്തിലുള്ള നിരവധി ഭയങ്ങളും അരക്ഷിതത്വവും ഉണ്ടാകും. എന്റെ വാപ്പിച്ചിയെ പിന്തുടര്ന്നാണ് ഞാന്‍ വരുന്നത്. എന്റെ കാര്യം വിട്ടേക്കൂ. അദ്ദേഹത്തിന് പകരമാകാന്‍ ഒരാള്‍ക്കും സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല.’
‘അതെനിക്ക് വലിയ സമ്മര്‍ദ്ദമായിരുന്നു. അദ്ദേഹത്തിന്റെ അത്രയും നന്നാകണം എന്നല്ല, പക്ഷെ അദ്ദേഹത്തെ നാണം കെടുത്താനോ ആ പാരമ്പര്യം നശിപ്പിക്കാനോ എനിക്ക് പറ്റില്ലായിരുന്നു. അതിനാല്‍ ഞാന്‍ തന്നെ എനിക്ക് മേല്‍ വല്ലാത്ത സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഓരോ ചുവടും ശ്രദ്ധാപൂര്‍വം മുന്നോട്ട് വച്ച് ഒരുപാട് വര്‍ഷങ്ങള്‍ ഞാന്‍ അങ്ങനെ ചെലവഴിച്ചു.’
‘കരിയറിന്റെ തുടക്കത്തില്‍ തന്നെ എനിക്ക് മികച്ച സിനിമകള്‍ ലഭിച്ചത് വിധിയോ ദൈവാനുഗ്രഹമോ ആണ്. വലിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. മറ്റ് ഭാഷകളില്‍ നിന്നും നല്ല അവസരങ്ങള്‍ വന്നു. അവ നല്ല സിനിമകളാണെന്ന് ബോധ്യമായപ്പോള്‍ ഞാനും നന്നായി ശ്രമിക്കാന്‍ തുടങ്ങി. അതെന്നെ സഹായിച്ചു.’
മലയാളത്തിലാണ് കരിയര്‍ തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് ദുല്‍ഖര്‍ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും ചുവടുവച്ചു. ‘വായ് മൂടി പേസവും’, ‘ഓക്കെ കണ്മണി’ എന്നീ തമിഴ് സിനിമകളും 2018ല്‍ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന തെലുങ്ക് ചിത്രത്തിലെ ജെമിനി ഗണേശനായി വേഷമിട്ടതും ശ്രദ്ധിക്കപ്പെട്ടു. ഇമ്രാന് ഖാനൊപ്പം അഭിനയിച്ച ‘കാര്വാന്’ എന്ന ബോളിവുഡ് ചിത്രം ശ്രദ്ധിക്കപ്പെട്ടു. 2019ല്‍ സോനം കപൂറിനൊപ്പം അഭിനയിച്ച ‘സോയ ഫാക്ട’റായിരുന്നു ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം. എന്നാല്‍ ഇതരഭാഷകളിലേക്കുള്ള ഈ ചുവടുമാറ്റം മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല എന്നും ദുല്‍ഖര്‍ പറയുന്നു.
”പാന്‍-ഇന്ത്യന്‍’ നടനായി മാറാന്‍ വേണ്ടി ബോധപൂര്‍വ്വമാണോ പല ഭാഷകളിലായി അഭിനയിക്കുന്നത് എന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. പക്ഷെ അങ്ങനെയല്ല. എന്റെ തലമുറയിലെ മറ്റ് ഏതൊരാളെയും പോലെ പുതിയ പരീക്ഷണങ്ങളും അന്വേഷിക്കുകയായിരുന്നു ഞാനും. എന്റെ ആഗ്രഹം അതു മാത്രമായിരുന്നു. തമിഴിലോ തെലുങ്കിലോ ഹിന്ദിയിലോ സിനിമ ചെയ്യുമ്പോഴും അതിന്റെ ഭാഗമാകുമ്പോഴും എനിക്കത് ഇഷ്ടമാണ്. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല,’ ദുല്‍ഖര്‍ വ്യക്തമാക്കി.
മലയാളത്തില്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ കുറുപ്പ്, തമിഴില്‍ അഭിനയിച്ച റൊമാന്റിക് ചിത്രം ഹേയ് സിനാമിക, സോണിലിവില്‍ റിലീസ് ചെയ്ത സല്യൂട്ട് എന്നിങ്ങനെ ഒടുവില്‍ പുറത്തിറങ്ങിയ മൂന്ന് ദുല്‍ഖര്‍ ചിത്രങ്ങളും വ്യത്യസ്തമായ ഴോണറുകളായിരുന്നു. താന്‍ ഒരു റൊമാന്റിക് ഹീറോ ആണെന്ന വിമര്‍ശനങ്ങളും അത്തരം വാര്‍പ്പുമാതൃകകളും ഭേദിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
‘മിക്കപ്പോഴും ആളുകള്‍ നമ്മളെ ഒരു ബോക്സിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കും. ഞാന്‍ റൊമാന്റിക് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് നിരൂപകരിൽ നിന്നുള്ള അഭിപ്രായ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനെ വളരെ ക്രിയാത്മകമായെടുക്കാനും ഒരുതരം സിനിമകള്‍ മാത്രമല്ല എനിക്ക് ചെയ്യാന്‍ പറ്റൂ എന്ന് തെളിയിക്കാനും ഞാന്‍ ശ്രമിക്കുന്നുണ്ട്. നിങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നാല് അവര്‍ നിങ്ങളെ ബഹുമാനിക്കും. അഭിനേതാക്കള്‍ എന്ന നിലയില്‍ കഥാപാത്രങ്ങളിലൂടെ നിങ്ങള്‍ പലതരം ജീവിതങ്ങള്‍ ജീവിക്കേണ്ടിവരും. ഒരു നടന് എന്ന നിലയില്‍ എന്റെ ഓരോ സിനിമയും വ്യത്യസ്തമാകണം പലതരം കഥാപാത്രങ്ങള്‍ ചെയ്യണം എന്ന് എനിക്ക് ആത്മാര്‍ഥമായ ആഗ്രഹമുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.