ദുല്‍ഖര്‍ സല്മാന് പാടി ചുവടുകള്‍ വെച്ച് ഹിറ്റായിരിക്കുകയാണ് ഹേയ് സിനാമികയിലെ അച്ചമില്ലൈ എന്നുതുടങ്ങുന്ന ഗാനം. യൂട്യൂബില്‍ ട്രെന്‍ഡിങായ ഗാനം ഇതിനോടകം തന്നെ മൂന്ന് മില്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ നൃത്തത്തിന്റെ റിഹേഴ്സല്‍ രംഗങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.
റിഹേഴ്സല്‍ വീഡിയോ എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ബൃന്ദാ മാസ്റ്റര്‍ക്ക് നന്ദിപറഞ്ഞുകൊണ്ടാണ് നടന്റെ പോസ്റ്റ്. ‘അച്ചമില്ലൈ അച്ചമില്ലൈ അച്ചമെമ്പതില്ലൈ’ എന്ന ഈ ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍.
നേരത്തെ ‘മണിയറയിലെ അശോകന്’ എന്ന ചിത്രത്തിലെ ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ’, ‘എബിസിഡി’യിലെ ‘പപ്പാ ഭരണം വേണ്ടപ്പാ’ തുടങ്ങിയ പാട്ടുകളും ദുല്‍ഖര്‍ പാടിയിട്ടുണ്ട്. തമിഴില്‍ ആദ്യമായാണ് താരം ഒരു പാട്ടിന് ശബ്ദം നല്‍കുന്നത്.
പ്രശസ്ത കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യില്‍ ദുല്‍ഖറിനോടൊപ്പം കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് പ്രധാന വേഷത്തിങ്ങളിലെത്തുന്നത്. റൊമാന്റിക് എന്റര്‍ടൈനറായാണ് ചിത്രമൊരുങ്ങുന്നത്. ജിയോ സ്റ്റുഡിയോസും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.