ദുൽഖർ ചിത്രം ‘സല്യൂട്ട്’ ഒടിടി റിലീസിന്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ തിയേറ്ററിൽ റിലീസ് ചെയ്യില്ല. ചിത്രം സോണി ലിവിലൂടെ പ്രേക്ഷകരിലേക്കെത്തും. ‘ചുരുളി’, ‘മധുരം’, ‘ഫ്രീഡംഫൈറ്റ്’ എന്നീ സിനിമകള്‍ക്ക് ശേഷം സോണി ലിവ് പ്രിമിയര്‍ ചെയ്യുന്ന ചിത്രവുമാണ് ‘സല്യൂട്ട്’. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.

ജനുവരി 14നായിരുന്നു നേരത്തേ സല്യൂട്ടിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റിവയ്ക്കുകയായിരുന്നു.

‘വ്യക്തിപരമായ താല്‍പര്യങ്ങളേക്കാള്‍ സാമൂഹിക ഉത്തരവാദിത്വത്തിനാണ് വേഫറെര്‍ ഫിലിംസ് വിലകൊടുക്കുന്നത്. നിങ്ങളെപ്പോലെ തന്നെ അടുത്ത റിലീസിന്റെ ആവേശത്തിലായിരുന്നു ഞങ്ങളും. എന്നാല്‍, കൊവിഡ്-ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സല്യൂട്ടിന്റെ റിലീസ് മാറ്റിവെക്കുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ തീരുമാനം നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു. പക്ഷേ, ഈ സമയത്ത് സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്’, എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

ബോബി സഞ്ജയുടെ തിരക്കഥയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. എസ്.ഐ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരമായ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. 

UPDATES
STORIES