ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സീരിസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സി’ലെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജ് ആന്റ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദിമോരു, കൃഷ്ണ ഡികെ എന്നിവരാണ് സീരീസിന്റെ സംവിധായകര്‍. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ഫാമിലിമാന് എന്ന ശ്രദ്ധേയമായ വെബ്സീരീസിന്റെ സംവിധായകര്‍ കൂടിയാണ് ഇരുവരും. രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
‘നിങ്ങളുടെ സീറ്റ് ബെല്‍റ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് ഒരു റൈഡിന് തയ്യാറായിക്കൊള്ളൂ. ഗണ്‍സ് ആന്റ് ഗുലാബ്സില്‍ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ്& ഡി.കെ എന്നിവര്‍ക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ട്കെട്ട്. രാജ്കുമാര് റാവു, ആദര്‍ശ് ഗൗരവ്, സുമന് കുമാര്‍, ഗുല്‍ഷന്‍ ദേവയ്യ എന്നീ പ്രതിഭകളും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയില്‍ ചേരുന്നു. ഡി2ആര് ഫിലിംസിന്റെ നിര്‍മാണത്തില്‍ രാജ്& ഡി.കെ സംവിധാനം ചെയ്യുന്ന ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്’ ഉടന്‍ നെറ്റ്ഫ്ലിക്സിൽ വരുന്നു,’ ദുല്‍ഖര്‍ കുറിച്ചു.
ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായിട്ടാണ് ദുല്‍ഖര്‍ സീരിസിലേക്കെത്തിയത്. കാര്വാന്, സോയ ഫാക്ടര്‍ പുറത്തിറങ്ങാനിരിക്കുന്ന ചുപ്പ് എന്നിവയ്ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ നാലാമത്തെ ഹിന്ദി പ്രൊജക്ട് ആണിത്.