സര്‍പ്രൈസ്! നാളെ വരെ കാത്തിരിക്കാനില്ലെന്ന് ദുല്‍ഖര്‍; പറഞ്ഞതിനും ഒരു ദിവസം മുമ്പേ സല്യൂട്ട് എത്തി

ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ട് സോണി ലൈവില്‍ പ്രദര്‍ശനത്തിനെത്തി. മാര്‍ച്ച് 18 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം അപ്രതീക്ഷിതമാണ് ഒരു ദിവസം മുമ്പേ കാണികള്‍ക്ക് മുന്നിലെത്തിയത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സല്യൂട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ഇനിയും കാത്തിരിക്കാനായില്ലെന്നും അതിനാല്‍ ഒരു ദിവസം മുന്‍പേ തന്നെ പ്രദര്‍ശനത്തിന് തീരുമാനിക്കുകയായിരുന്നു എന്നും ദുല്‍ഖര്‍ അറിയിച്ചു. കരാര്‍ ലംഘനം ആരോപിച്ച് ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക്‌ ഫിയോക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് സര്‍പ്രൈസ് റിലീസ്.

ദുല്‍ഖറിന്റെ ഒരുസിനിമയും ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പില്ലെന്നും ഇതരഭാഷാ ചിത്രങ്ങളുമായും സഹകരിക്കില്ലെന്നുമാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫറെര്‍ ഫിലിംസിനുമാണ് വിലക്ക്. ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന സല്യൂട്ട് നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് റിലീസ് മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

എന്നാല്‍ സല്യൂട്ടിന്റെ ഒടിടി കരാര്‍ ആദ്യമേ ഒപ്പുവച്ചിരുന്നു എന്നായിരുന്നു വിലക്കിനോട് വേഫറെര്‍ ഫിലിംസിന്റെ പ്രതികരണം. ‘ജനുവരിയില്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാമെന്ന് കരുതിയാണ് ആ കരാര്‍ പിന്‍വലിച്ചത്. എന്നാല്‍ മാര്‍ച്ച് 31-നോ അതിനുമുമ്പോ ചിത്രം ഒടിടിയില്‍ സ്ട്രീം ചെയ്യണമെന്ന് സോണി ലിവ് ആവശ്യപ്പെട്ടു. ഫെബ്രുവരി 14നോ അതിന് മുന്‍പോ ആയി സിനിമ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തണമെന്ന് അവര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കെല്ലാം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അത് നടന്നില്ല. എന്നാല്‍ ഒരു കരാര്‍ നിലനില്‍ക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ അത് അവര്‍ക്കും നമുക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ ചിത്രം ഞങ്ങള്‍ക്ക് ഒടിടിയില്‍ റിലീസ് ചെയ്യേണ്ടി വന്നത്,” വേഫറെര്‍ ഫിലിംസിന്റെ വക്താവ് അറിയിച്ചു.

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. മനോജ് കെ. ജയന്‍, വിജയരാഘവന്‍, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

UPDATES
STORIES