ദുൽഖർ ചിത്രം ‘കുറുപ്പ്’ ഇനി നെറ്റ്ഫ്ലിക്സിലേക്ക്

ബോക്സ്ഓഫീസിലെ തേരോട്ടത്തിന് ശേഷം, ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തിയ ശ്രീനാഥ് രാജേന്ദ്രൻ ചിത്രം കുറുപ്പ് നെറ്റ്ഫ്ലിക്സിലേക്ക്. സമൂഹമാധ്യമങ്ങളിലൂടെ നെറ്റ്ഫ്ലിക്സ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ റിലീസ് തിയതി അറിയിച്ചിട്ടില്ല.

വേഫറെര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് നിർമിച്ച കുറുപ്പ് ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങിയ ചിത്രം കൂടിയായിരുന്നു. 35 കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്.

തിയേറ്ററുകളിൽ ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്.

മൂത്തോന്‍ എന്ന ഗീതു മോഹൻദാസ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബോളിവുഡ് നടി ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഷൈൻ ടോം ചാക്കോ, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, വിജയരാഘവന്‍, പി. ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭന്‍ തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ടൊവിനോ തോമസ് അവതരിപ്പിച്ച ചാർലി എന്ന കഥാപാത്രവും ശ്രദ്ധനേടിയിരുന്നു.

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘കുറുപ്പ്’ ഒരുക്കിയത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.

UPDATES
STORIES