ഫിയോക്കിന്റെ വിലക്ക്; വിശദീകരണവുമായി ദുൽഖറിന്റെ വേഫറെർ ഫിലിംസ്

ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നടപടിയോട് പ്രതികരിച്ച് ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫറെർ ഫിലിംസ്.

“സല്യൂട്ട് ന്റെ ഒടിടി കരാർ ആദ്യമേ ഒപ്പുവച്ചിരുന്നു. ജനുവരിയിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാമെന്ന് കരുതിയാണ് ഞങ്ങൾ ആ കരാർ പിൻവലിച്ചത്. എന്നാൽ മാർച്ച് 31-നോ അതിനുമുമ്പോ ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യണമെന്ന് സോണി ലിവ് ആവശ്യപ്പെട്ടു. ഫെബ്രുവരി 14നോ അതിന് മുൻപോ ആയി സിനിമ തിയേറ്ററിൽ പ്രദർശനത്തിനെത്തണമെന്ന് അവർ അറിയിച്ചിരുന്നു. എന്നാൽ ഞങ്ങൾക്കെല്ലാം കൊവിഡ് ബാധിച്ചതിനെ തുടർന്ന് അത് നടന്നില്ല. എന്നാൽ ഒരു കരാർ നിലനിൽക്കുകയും അത് പാലിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ അത് അവർക്കും നമുക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഈ ചിത്രം ഞങ്ങൾക്ക് ഒടിടിയിൽ റിലീസ് ചെയ്യേണ്ടി വന്നത്,” വേഫറെർ ഫിലിംസിന്റെ വക്താവ് പറഞ്ഞതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

Read More: ദുല്‍ഖര്‍ സല്‍മാന് വിലക്കേര്‍പ്പെടുത്തി ഫിയോക്ക്; ‘ദുല്‍ഖര്‍ സിനിമകള്‍ ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല’

അതേസമയം, ദുല്‍ഖറിന്റെ ഒരുസിനിമയും ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പില്ലെന്നും ഇതരഭാഷാ ചിത്രങ്ങളുമായും സഹകരിക്കില്ലെന്നുമാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. ദുല്‍ഖറിനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വേഫറെര്‍ ഫിലിംസിനുമാണ് വിലക്ക്.

ദുല്‍ഖറിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് റിലീസ് മാറ്റി വെക്കുകയായിരുന്നു. തുടര്‍ന്നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിലൂടെ റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സല്യൂട്ട് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള കരാറുകളില്‍ ജനുവരിയില്‍ ദുല്‍ഖര്‍ ഒപ്പിട്ടിരുന്നെന്നും കരാര്‍ ലംഘിച്ചാണ് ഒടിടിക്ക് നല്‍കുന്നത് എന്നുമാണ് ഫിയോക്ക് ഉന്നയിക്കുന്ന വാദം. ഇന്ന് ചേര്‍ന്ന ഫിയോക്ക് എക്‌സിക്യുട്ടീവ് യോഗമാണ് നടനെ വിലക്കുന്ന കടുത്ത തീരുമാനത്തിലേക്ക് കടന്നത്.

ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാമെന്ന ധാരണകളെത്തുടര്‍ന്ന് സല്യൂട്ടിന്റെ പോസ്റ്ററുകളടക്കം പ്രിന്റ് ചെയ്തിരുന്നു. അതിനിടെയാണ് തങ്ങളെ മുന്‍കൂട്ടി അറിയിക്കുകപോലും ചെയ്യാതെ ധാരണകള്‍ ലംഘിച്ച് വേഫറെര്‍ ഫിലിംസ് ഒടിടി പ്ലാറ്റ്‌ഫോമിന് ചിത്രം കൈമാറിയതെന്ന് സംഘടന ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തുകയാണ് എന്നാണ് ഫിയോക്ക് വ്യക്തമാക്കുന്നത്. നടനെതിരെയുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.

UPDATES
STORIES