‘അയാളെ ഒന്ന് തൊടാന്‍ ദൈവത്തെ പോലും അനുവദിക്കില്ല’; ‘മരക്കാര്‍’ ഡീഗ്രേഡിങ്ങ് നേരിടുന്നെന്ന ആരോപണത്തിനിടെ സഹനിര്‍മ്മാതാവ്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സംഘടിതമായ ഡീഗ്രേഡിങ്ങ് നേരിടുകയാണെന്ന ആരോപണങ്ങള്‍ക്കിടെ പ്രതികരണവുമായി ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. സിനിമയില്‍ അര്‍ജുന്‍ സര്‍ജ അവതരിപ്പിച്ച അനന്തന്‍ മോഹന്‍ലാല്‍ കഥാപാത്രത്തേക്കുറിച്ച് പറയുന്ന വാചകങ്ങളും മരക്കാറിന്റെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് സഹനിര്‍മ്മാതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്.

‘സാമൂതിരിയുടെ സദസ്സില്‍ അനന്തന്‍ പറയുന്നൊരു വാചകമുണ്ട്. ”കുഞ്ഞാലി ജീവിക്കുന്നത് ഈ നാട്ടിലെ സാധാരണക്കാരന്റെ മനസ്സിലാണ്. അവിടെ കയറി അയാളെ ഒന്ന് തൊടാന്‍ ദൈവത്തെ പോലും അവര്‍ അനുവദിക്കില്ല.” ആ പറഞ്ഞതിന്റെ ആര്‍ത്ഥം ഇനിയാണ് പലര്‍ക്കും മനസ്സിലാവാന്‍ പോകുന്നത്.’

സന്തോഷ് ടി കുരുവിള മോഹന്‍ലാലിനൊപ്പം

രണ്ട് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ തിയേറ്ററിലെത്തിയ മരക്കാര്‍ നിരാശപ്പെടുത്തിയെന്ന തരത്തില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. 80 കോടിയിലധികം രൂപ മുതല്‍ മുടക്കി വമ്പന്‍ താരനിരയുടെ അകമ്പടിയോടെ നിര്‍മ്മിച്ച ചിത്രം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ അഭിപ്രായമുയര്‍ന്നു. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ നടത്തിയ ഫാന്‍ ഷോകള്‍ കഴിഞ്ഞിറങ്ങിയവര്‍ ചിത്രത്തെ വിമര്‍ശിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലെത്തി. ചിത്രത്തിലെ ഡയലോഗുകളും സ്‌ക്രീന്‍ ഷോട്ടുകളും വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുന്നുണ്ട്. ‘മരക്കാറി’നെ ബോധപൂര്‍വ്വം മോശമായി ചിത്രീകരിക്കാനും പ്രേക്ഷകരെ തിയേറ്ററില്‍ നിന്ന് അകറ്റാനും സോഷ്യല്‍ മീഡിയയില്‍ സംഘടിതശ്രമം നടക്കുകയാണെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ വാദം.

UPDATES
STORIES