ഫഹദിസം: തോല്‍വിയില്‍ നിന്ന് തുടങ്ങിയ കഥ

താരമൂല്യം കൊണ്ട് സിനിമ വിജയിപ്പിക്കാമെന്ന പഴയ ഫോര്‍മുല പൊളിച്ച് എഴുതിയിരിക്കുകയാണ് മലയാള സിനിമ. ഇത് ഒടിടിയുടെ കൂടെ കാലമാണ്. സോഷ്യല്‍ മീഡിയ ആണ് ഇന്ന് ചര്‍ച്ചകളുടെ ഇടം. സിനിമയെ സിനിമയായി കാണണമെന്നും അത് പൊളിറ്റിക്കലി കറക്ടായിരിക്കണമെന്നും വാദിക്കുന്നവരുണ്ട്. എത്ര റിയലിസ്റ്റിക്കായാലും എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ ഇല്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ പാടുംപെടും. തിരിച്ച് ലോജിക്കില്ലാത്ത എന്റര്‍ടെയ്ന്‍മെന്റും ഇന്നത്തെ പ്രേക്ഷകന് രുചിക്കില്ല. അങ്ങനെയുള്ള ഇക്കാലത്തും ആത്മവിശ്വാസത്തോടെ പുതിയ പരീക്ഷണങ്ങള്‍ക്ക് തലവെയ്ക്കുകയാണ് ഇന്ന് ഓരോ കലാകാരന്മാരും എടുക്കുന്ന വലിയ റിസ്‌ക്. ആ പണിയുടെ ബ്രാന്‍ഡ് അമ്പാസിഡര്‍ ആയി പറയാവുന്ന ഒരാളുണ്ട്. ഫഹദ് ഫാസില്‍.

തോക്ക് കയ്യില്‍ വഴങ്ങുന്ന അതേ ലാഘവത്തില്‍ അയാള്‍ ക്യാമറ പിടിക്കും. നായകനും നിഷ്‌കളങ്കനും ആകുന്ന അതേ ലാഘവത്തില്‍ അയാള്‍ വില്ലനും സൈക്കോയും ആകും. എന്തിന് ഒരോ കഥാപാത്രവും എങ്ങനെ കരയുമെന്നും ചിരിക്കുമെന്നും വരെ അയാള്‍ക്ക് അറിയാം. നമുക്ക് ചുറ്റും കാണുന്ന സാധാരണക്കാരെ അസാധരാണ മികവോടെ ആവാഹിച്ചെടുക്കാനുള്ള അയാളുടെ ശേഷി അത്ഭുതപ്പെടുത്തുന്നതാണ്. അത്ര ആഴത്തില്‍ അഭിനയമെന്ന കലയെ ടെക്നിക്കലായി സമീപിക്കുന്ന- ഓരോ ഡീറ്റെയ്ലിനും പ്രാധാന്യം കൊടുക്കുന്ന നടനാണ് – ഫഹദ് ഫാസില്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയെ ഉദ്ദരിച്ചാല്‍- മലയാള സിനിമയില്‍ വീശുന്ന നവതരംഗത്തിന്റെ നായകന്‍.

കയ്യേത്താ ദൂരത്ത് സിനിമ

നെപ്പോട്ടിസം ചര്‍ച്ചകളൊക്കെ സജീവമാകുന്നതിന് ഏറെ മുന്‍പ് അച്ഛന്‍ സംവിധായകനും നിര്‍മ്മാതാവും ആയ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരം. അതായിരുന്നു 2002 -ല്‍ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ സച്ചിയായി എത്തുമ്പോള്‍ ഫഹദ് ഫാസിലിന്റെ അഡ്രസ്. അന്ന് ഷാനു എന്ന വിളിപ്പേരുമായി വന്ന ആ 19 കാരന് പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ചിത്രം തന്നെ വന്‍ ഫ്‌ളോപ്പായി. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാതെ ഫഹദ് സ്‌ക്രീന്‍ വിട്ടു. മലയാള സിനിമകണ്ട ഏറ്റവും ലോജിക്കലായ പിന്‍മാറ്റമായി അത് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടു.

പഠനത്തിനായി വിദേശത്തേക്ക് പോയ ഫഹദിനെ പിന്നീട് പ്രേക്ഷകന്‍ സ്‌ക്രീനില്‍ കാണുന്നത് 2009-ലാണ്. കേരള കഫേ ആന്തോളജി സീരിസിലെ മൃത്യുഞ്ജയം എന്ന ചിത്രത്തിലൂടെയായിരുന്നു ആ മടക്കം. നായകന് വേണ്ട പക്വത പഠിച്ചുവന്ന പോലെ ഒതുക്കത്തില്‍ അയാള്‍ സ്‌ക്രീനില്‍നിന്നു. നില്‍പ്പിലും നടപ്പിലും പുത്തന്‍ ആത്മവിശ്വാസത്തോടെ ഫഹദ് തിരിച്ചെത്തിയത് വന്നുപോകാനല്ല കാലുറപ്പിക്കാനാണെന്ന് പിന്നീടുള്ള കാലം തെളിയിച്ചു.

മലയാള സിനിമ ഒരു പുതിയ തലമുറയെ വരവേല്‍ക്കുന്ന സമയമായിരുന്നു അത്. 2002-ല്‍ ആദ്യചിത്രം വിജയിച്ചിരുന്നെങ്കില്‍ അന്നത്തെ യൂത്തന്മാരായ പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും ഒക്കെയാകുമായിരുന്നു ഫഹദിന്റെ തലമുറക്കാര്‍. എന്നാല്‍ 2009-ലെ മടക്കത്തില്‍ ഒപ്പം നില്‍ക്കാന്‍ കൂടുതല്‍പേരുണ്ടായിരുന്നു. ആസിഫ് അലി, നിവിന്‍ പോളി, എന്നിവരില്‍ തുടങ്ങി പിന്നാലെയെത്തിയ ദുല്‍ഖറും ടൊവിനോയും വരെ നീളുന്ന നിരയ്ക്ക് ഒപ്പമാണ് ഫഹദ് -തന്റെ രണ്ടാം അംഗം തുടങ്ങിയത്.

തിരിച്ചുവരവ്

ആ ഓട്ടപ്പാച്ചിലില്‍ മറ്റാരേക്കാളും മുന്നിലോടുന്ന ഫഹദിനെയാണ് പിന്നീട് കണ്ടത്. തിരിച്ചെത്തി രണ്ടാം വര്‍ഷം 2011-ല്‍ ചാപ്പാക്കുരിശിലെ അര്‍ജുനായി മികച്ച സഹനടനുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടി ഫഹദ്. തൊട്ടടുത്ത വര്‍ഷം മൂന്ന് ഹിറ്റുകള്‍ പിറന്നു. അതില്‍ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ വില്ലന്‍വേഷമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ടെസ്സ അരിഞ്ഞെറിഞ്ഞ ആര്‍ത്തിയുടെ അവയവ-മില്ലാത്ത സിറിള്‍ സി മാത്യു. ആ ആറിഞ്ചല്ല എന്റെ ആണത്തമെന്ന് പറഞ്ഞ സിറിള്‍ സി മാത്യു. ഹേറ്റേഴ്‌സിനെപ്പോലും അത്ഭുതപ്പെടുത്തിയ പ്രകടനമെന്ന് സംശയമില്ലാതെ പറയാം അതിനെ. ചിത്രത്തിന്റെ ക്ലെെമാക്സിന് തന്നെ പ്രത്യേക ഫാന്‍ബേസുണ്ടായിരുന്നു.

ആ വര്‍ഷത്തെ മറ്റുരണ്ട് പ്രധാന റിലീസുകള്‍ ഡയമന്‍ഡ് നെക്ലസും ഫ്രൈഡേയുമായിരുന്നു. തന്റെ ജീവിതത്തിലെ മൂന്ന് സ്ത്രീകളോടും ആത്മാര്‍ത്ഥത കാണിക്കാനാവാത്ത- മെറ്റീരിയലിസ്റ്റിക്കായ- ലോജിക്കലായ ഡയമണ്‍ഡ് നെക്ലസിലെ അരുണ്‍. ഫ്രൈഡേയിലെ ആലപ്പുഴക്കാരന്‍ ഓട്ടോ ഡ്രൈവറായ ബാലു- ഒരേ കാലഘട്ടത്തില്‍ -രണ്ട് ദ്രുവങ്ങളില്‍പ്പെട്ട മനുഷ്യരെ പൂര്‍ണ്ണതയോടെ സ്‌ക്രീനിലെത്തിച്ചു ഫഹദ്. ഇതിനകം പരീക്ഷണചിത്രങ്ങളുടെ മെയിന്‍ ഫോര്‍മുലകളിലൊന്നായി ഫഹദ് മാറിയിരുന്നു.

കൊച്ചിയുടെ നഗരവീഥികളിലൂടെ അന്നയ്ക്ക് പിന്നാലെ നടന്ന റസൂലും- ശോശന്നയുടെ മുന്നില്‍ മാത്രം ക്ലാര്‍നറ്റ് വായിക്കാന്‍ ധൈര്യമുള്ള ആമേനിലെ സോളമനും പിറന്നത് ഇക്കാലയളവിലാണ്. മലയാളി മറക്കാത്ത രണ്ട് പ്രണയികളായിരുന്നു ഇരുവരും. ഒരാള്‍ തന്റെ പ്രണയവും നാടും തിരിച്ചുപിടിച്ചപ്പോള്‍ മറ്റൊരാള്‍ രണ്ടും നഷ്ടപ്പെട്ട് വിദൂരതയില്‍ മറഞ്ഞു. അന്നയും റസൂലും എന്ന ചിത്രത്തിന്റെ അവസാന രംഗങ്ങളില്‍ ഫഹദിന്റെ കണ്ണുകള്‍ പോലും അഭിനയിക്കുകയായിരുന്നു. സിറ്റുവേഷനെ തീവ്രതയോടെ പകര്‍ത്തിയ ഫഹദ് എന്ന നടന്റെ ബോഡി ലാംഗ്വേജ് വലിയ അഭിനന്ദനമാണ് ഏറ്റുവാങ്ങിയത്.

ലാലിസ്റ്റിക് ഫഹദ്

ഒരുപക്ഷേ മോഹന്‍ലാലുമായി ഫഹദ് ഫാസില്‍ താരതമ്യം ചെയ്യപ്പെട്ടതും ഇക്കാരണത്താലാണ്. കണ്ണുകളുടെ നേരിയ ചലനങ്ങളിലൂടെപോലും പ്രേക്ഷകനിലേക്ക് എത്താന്‍ ഫഹദിന് കഴിയും. കഥാപാത്രമായി മാറിയാല്‍ പിന്നെ ഫഹദിന്റെ ഓരോ ചലനവും കഥ പറയുന്നതായിരിക്കും. ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ പ്രണയകഥ, ആര്‍ട്ടിസ്റ്റ് എന്നീ ചിത്രങ്ങളെടുക്കാം. അന്നയും റസൂലും റിലീസായ അതേ വര്‍ഷമാണ് ഈ രണ്ട് ചിത്രങ്ങളുമെത്തിയത്.

അഴിമതിയുടെയും കുതിക്കാല്‍വെട്ടലുകളുടെയും തട്ടകമായ രാഷ്ട്രീയത്തില്‍ ശോഭനമായ ഭാവി സ്വപ്നം കാണുന്ന- അയ്മനം സിദ്ധാര്‍ത്ഥനായിരുന്നു ഒരു ഇന്ത്യന്‍ പ്രണയ കഥയിലെ നായകന്‍. ആക്ഷേപഹാസ്യം പശ്ചാത്തലമാക്കിയ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അച്ചടക്കത്തോടെ ഫഹദ് ആ യുവ രാഷ്ട്രീയക്കാരന്റെ മാനറിസങ്ങള്‍ എക്‌സിക്യൂട്ട് ചെയ്തു. ആര്‍ട്ടിസ്റ്റില്‍ അന്ധനായ ചിത്രകാരന്‍ മൈക്കിള്‍ ആഞ്ചലോ എന്ന അസ്വസ്ഥ കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടനുള്ള ആദ്യ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി.

‘നോര്‍ത്ത് 24 കാത’ത്തിലെ ഒസിഡിക്കാരനായ ഹരികൃഷ്ണനെയും അതേ വർഷമാണ് ഫഹദ് തിരശ്ശീലയിലെത്തിച്ചത്.

സെക്കന്‍ഡ് ഹാഫ്

2014, 2015 കാലഘട്ടങ്ങളിലായി എട്ടോളം ഫഹദ് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. ഇതില്‍ ‘ബാംഗ്ലൂര്‍ ഡേയ്‌സ്,’ ‘ഇയ്യോബിന്റെ പുസ്തകം’ എന്നിവ മാറ്റിവെച്ചാല്‍, കൂടുതലും ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രങ്ങളായിരുന്നു. കരിയറിന്റെ ആദ്യ പകുതി എന്നുപറയാവുന്ന ഇക്കാലയളവിലാണ് ചിത്രങ്ങളുടെ എണ്ണത്തിന് പകരം കഥാപാത്രങ്ങളുടെ ആഴത്തിലേക്ക് ഫഹദ് ഫാസില്‍ ഫോക്കസ് മാറ്റിയത്.

മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ് – ഒരിടവേളയ്ക്ക് ശേഷം ഫഹദിന് ലഭിച്ച ഹിറ്റായിരുന്നു. എന്നാല്‍ പ്രേക്ഷകനെ ത്രില്ലടിപ്പിച്ചത് അമല്‍ നീരദ് ഫോര്‍മുലയില്‍- സ്റ്റൈലിഷായ ഒരു നായകനെ സമ്മാനിച്ച ഇയ്യോബിന്റെ പുസ്തകമാണ്. മൂന്നാറിലെ അലോഷിയായി ഫഹദ് ആറാടി. ഫഹദ് നിര്‍മ്മിച്ച ആദ്യം ചിത്രം കൂടിയായിരുന്നു ഇയ്യോബിന്റെ പുസ്തകം.

ദിലീഷ് പോത്തന്‍- ഫഹദ് കൂട്ടുകെട്ടില്‍ 2016-ല്‍ റിലീസായ ‘മഹേഷിന്റെ പ്രതികാരം’ ഫഹദിന്റെ കരിയറിലെ പ്രധാന ബ്രേക്കുകളില്‍ ഒന്നായിരുന്നു. നാട്ടിന്‍പുറത്തിന്റെ ചൂരുള്ള പ്രതികാര കഥ പറഞ്ഞ ചിത്രം പ്രേക്ഷകന് വേറിട്ട ഒരു അനുഭവമായിരുന്നു. അങ്ങാടിയില്‍ അഭിമാനം നഷ്ടപ്പെട്ട് വീണതില്‍ നിന്ന് ഒന്നുകരകയറും മുന്‍പ് -മഹേഷ് ഭാവനയെ കാമുകി നൈസായി ഒഴിവാക്കുന്നു. അതിനെ ചിരിച്ചുനേരിടുന്ന മഹേഷില്‍ പ്രേക്ഷകന് വിശ്വാസമുണ്ട്. ജിംസനെ തിരിച്ചുതല്ലി ചെരിപ്പിടുന്ന മഹേഷ് അതേ ജിംസനെ ആശുപത്രിയില്‍ ചെന്ന് കണ്ട് ജിംസിയെ ഇഷ്ടമാണെന്ന് പറയുന്നിടത്താണ് സിനിമ തീരുന്നത്. എല്ലാം ചേരുവുകയും ഒത്തുവന്ന മഹേഷിന്റെ പ്രതികാരം മികച്ച ഒരു നാട്ടിന്‍പുറകഥയായിരുന്നു മലയാളിക്ക്.

ഫഹദ് ഫാസില്‍ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചയില്‍ തീർച്ചായും ഉള്‍പ്പെടുത്തേണ്ട മറ്റൊരു ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും ആണ്. പേരുപോലും മോഷ്ടിച്ചെടുത്ത കള്ളന്‍ പ്രസാദ്. മാലപൊട്ടിക്കുന്നത് അയാള്‍ക്ക് കലയാണ്. വയലന്‍സില്ലാതെ എങ്ങനെ മാലപൊട്ടിക്കാമെന്ന് ടെക്നിക്കലായി വിശദീകരിക്കും പ്രസാദ്. താന്‍ കട്ട മുതലിന്റെ ഉടമസ്ഥരോട് മനുഷ്യപറ്റ് കാണിക്കുന്ന അയാളെ കണ്ടിരിക്കുന്നവര്‍ക്ക് വെറുക്കാനാകില്ല പ്രകടനമികവില്‍ ആവര്‍ഷത്തെ മികച്ച സഹ-നടനുള്ള ദേശീയ പുരസ്‌കാരമാണ് ഫഹദിന് ലഭിച്ചത്.

സ്റ്റാർഡത്തിനപ്പുറം

വിജയ സാധ്യതയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഓരോ കഥയിലും വ്യത്യസ്തത തിരയുന്ന ഫഹദ് ഫാസില്‍-സ്റ്റാര്‍ഡത്തിനപ്പുറം സാധ്യതകളെ തിരയുന്ന നടനാണെന്ന് പറയാം. 2018-ല്‍ റിലീസായ കാര്‍ബണ്‍ അതിന് ഒരു മികച്ച ഉദാഹരണമാണ്. ആ വര്‍ഷം തന്നെയാണ് വരത്തനിലൂടെ സ്റ്റെലിഷ് നായകനിലേക്കുള്ള തിരിച്ചുവരവും ഫഹദ് നടത്തിയിരുന്നു.

എന്നാല്‍ 2019-ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സിലെ സൈക്കോ വില്ലന്‍ ഷമ്മിയാണ് പ്രേക്ഷകനെ യഥാർത്ഥത്തില്‍ ഞെട്ടിച്ചത്. താന്‍ മറ്റാരേക്കാളും മാന്യനാണെന്ന് കരുതുന്ന അയാള്‍ക്ക് നമുക്കിടയില്‍ കാണാവുന്ന പലരുമായി സാമ്യമുണ്ടായിരുന്നു. അതിന് പിന്നാലെ രണ്ട് സൈക്കോ നായകവേഷങ്ങളും എത്തി. 2020-ല്‍ റിലീസായ ട്രാന്‍സും. അതില്‍ ട്രാന്‍സ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ്. ആത്മീയ വ്യാപാരത്തെയും- വ്യാജ ആള്‍ദൈവങ്ങളെയും പ്രതികൂട്ടില്‍ നിര്‍ത്തിയ ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് അത്തവണ മികച്ചനടനുള്ള പുരസ്‌കാരം നേടുമെന്ന് വരെ പ്രവചിക്കപ്പെട്ടിരുന്നു.

സിനിമാ ലോകം പകച്ചുനിന്ന കൊവിഡ് കാലത്താണ് ഫഹദിന്റെ കരിയറിലെ രണ്ടാം പകുതി ആരംഭിക്കുന്നത് എന്നുപറയാം. അക്കാലത്ത് ഒടിടിയെ ഏറ്റവും സജീവമായി ഉപയോഗിച്ച നടന്‍ ഫഹദ് ഫാസിലാണ്. ലോക്ഡൗണ്‍ സിനിമയായ സി യൂ സൂണ്‍- മുതലിങ്ങോട്ട് ഭൂരിഭാഗം ഫഹദ് ചിത്രങ്ങളും ഒടിടി റിലീസുകളായിരുന്നു.

സിനിമാമേഖല ഏതാണ്ട് സ്തംഭിച്ചുനിന്ന ഘട്ടത്തിലാണ് 2020 സെപ്റ്റംബറില്‍ മഹേഷ് നാരായണല്‍ -ഫഹദ് ചിത്രം സീ യൂ സൂണ്‍ റീലീസാകുന്നത്. ഇന്ത്യയുടെ ലോക്ഡൗണ്‍ സിനിമ എന്ന് ബിബിസി വിശേഷിപ്പിച്ച സി യൂ സൂണ്‍ ഐഫോണ്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഇതിന് പുറമെ ഇന്ത്യയിലെ തന്നെ ആദ്യ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ചിത്രം എന്ന റെക്കോര്‍ഡും സീ യൂ സൂണിന് സ്വന്തമാണ്.

എടുത്ത് പറയാവുന്ന മറ്റ് രണ്ട് ചിത്രങ്ങള്‍ ജോജിയും മാലിക്കുമാണ്. ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ജോജി ഷേക്സ്പിയറിന്റെ മാക്ബെത്തുമായി വരെ താരതമ്യം ചെയ്യപ്പെട്ടിരുന്നു. ദിലീഷ് പോത്തന്‍ ചിത്രത്തില്‍ വീട്ടുമുറ്റത്ത് കെട്ടിയിട്ട കുതിരയെപ്പോലെ വിഷാദഭാവം മൂടിയ കഥാപാത്രമായിരുന്നു ഫഹദിന്റേത്. കഥയിലുടനീളം നിറം മാറുന്ന കോംപ്ലക്സ് ക്യാരക്ടറായ ജോജിയെ പെര്‍ഫെക്ഷന്‍ എന്നാണ് പ്രേക്ഷകരും നിരൂപകരും വിശേഷിപ്പിച്ചത്.

അതേവര്‍ഷം ജൂലൈയില്‍ റിലീസായ മാലിക്കും ഈ ഹൈപ്പിനൊത്ത് പ്രതികരണം നേടിയ ചിത്രമാണ്. 2009-ലെ ഭീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രത്തിലെ- അഹമ്മദലി സുലൈയ്മാന്‍ സിനിമയ്ക്ക് അപ്പുറം ചര്‍ച്ചചെയ്യപ്പെട്ടു.

സൗത്തിന്റെ ഫഹദ്

ആ വര്‍ഷം ഡിസംബറിലാണ് ഫഹദ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിയറ്ററിലെത്തിയത്. തെലുങ്കില്‍ അല്ലു അര്‍ജുന്‍ നായകനായ ബിഗ് ബജറ്റ് ചിത്രം പുഷ്പയില്‍ വില്ലനായ ഭന്‍വര്‍ സിംഗ് ശിഖാവത്തായി ഫഹദ് ബിഗ്‌സ്‌ക്രീനിലെത്തി. 2017-ല്‍ മലയാളത്തിന് പുറത്തേക്ക് ചുവടുവെച്ചെങ്കിലും ഫഹദിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റായിരുന്നു ചിത്രം. പുഷ്പയിലെ വില്ലന്‍ വേഷത്തിലൂടെ സൗത്തില്‍ കത്തിനിന്ന ഫഹദ്, വിക്രത്തിലെ അമറായി ആ പോപ്പുലാരിറ്റി വർദ്ധിപ്പിച്ചു.

എന്നാല്‍ അതിനുശേഷവും മലയാളത്തില്‍ മലയന്‍കുഞ്ഞ് അടക്കമുള്ള പരീക്ഷണചിത്രങ്ങളിലേക്ക് മടങ്ങാനും ഫഹദ് ധൈര്യം കാണിച്ചു. കാരണം, തന്റെ അഭിനയ സാധ്യതകളെ തിരഞ്ഞിറങ്ങാന്‍ മടിയില്ലാത്ത ഭയമില്ലാത്ത ആളാണ് ഫഹദ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് പിന്നാലെ അയാള്‍ റസൂലായും അയ്മനം സിദ്ധാര്‍ത്ഥനായും മാലിക്കായും ജോജിയായും ഓടിക്കൊണ്ടിരിക്കും. ചിലപ്പോഴത് കാണികളെ തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ള മെയിന്‍സ്ട്രീം കണ്ടന്റ് ആയിരിക്കില്ല തരുന്നത്. അവിടെ നിരാശരാകാനും വിമര്‍ശകരാകാനും പ്രേക്ഷകന് അവകാശമുണ്ട്. എന്നാല്‍ ഒരു നടനെന്ന നിലയില്‍ പരിമിതികളെ മറികടക്കാനും തന്റെ പ്രതിഭയുടെ പുതിയ മാനങ്ങള്‍ കണ്ടെത്താനുമുള്ള ഫഹദ് ഫാസില്‍ എന്ന നടന്റെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കും എന്നാണ് അയാള്‍ വീണ്ടും വീണ്ടും പറഞ്ഞുവയ്ക്കുന്നത്. ഫഹദ് തന്നെ പറഞ്ഞിട്ടുള്ളതുപോലെ- ”തോല്‍വിയില്‍ നിന്നല്ലേ തുടങ്ങിയത് തളരില്ല!”

UPDATES
STORIES