ഏറെ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ‘പരിയേറും പെരുമാള്‍’, ‘കര്ണന്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന് ഫഹദ് ഫാസില്‍. ‘മാമന്നന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായക വേഷത്തിലെത്തുന്നത്.
മാരി സെല്‍വരാജും ഫഹദ് ഫാസിലും കഴിഞ്ഞദിവസം ഉദയനിധി സ്റ്റാലിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഉദയനിധിയുടെ പിതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ഇരുവരും മടങ്ങിയത്. സ്റ്റാലിനും ഉദയനിധിക്കുമൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഈ സന്ദര്‍ശനത്തിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മാരി സെല്‍വരാജ് ചിത്രത്തില്‍ നായകനായി ഉദയനിധിയും വില്ലനായി ഫഹദും എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആദ്യമായാണ് മൂവരും ഒന്നിച്ചുള്ള ഒരു ചിത്രമെത്തുന്നത്.
ധ്രുവ് വിക്രമിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന ചിത്രമായിരുന്നു ‘കര്ണന്’ ശേഷം മാരി സെല്‍വരാജ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചില കാരണങ്ങളാല്‍ പദ്ധതി മാറ്റിവെക്കേണ്ടി വരികയായിരുന്നു. തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ച മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയാണെന്നും അവസാനമായി ഒരു സിനിമ കൂടി ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും ഉദയനിധി സ്റ്റാലിന് മാരി സെല്‍വ രാജിനെ അറിയിച്ചത്. അതുകൊണ്ടുതന്നെ സിനിമപ്രേമികള്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
‘പരിയേറും പെരുമാള്‍’ എന്ന ആദ്യചിത്രത്തിലൂടെ തന്നെ സംവിധാന രംഗത്ത് പേരുറപ്പിച്ചാണ് മാരി സെല്‍വരാജിന്റെ തുടക്കം. പിന്നീട് ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍ണനും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. 2021 ഏപ്രിലില്‍ റിലീസ് ചെയ്ത കര്ണന് വമ്പന്‍ വിജയമാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ മാരി സെല്‍വരാജിന്റെ അടുത്ത ചിത്രം എന്നതിനും പ്രതീക്ഷകളേറെയാണ്.
ഉദയനിധി സ്റ്റാലിനും ഫഹദും ഒന്നിക്കുന്ന ‘മാമന്നനി’ല്‍ കീര്‍ത്തി സുരേഷാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. എ.ആര് റഹ്മാന്റേതാണ് സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
കമല്‍ ഹാസന് പ്രധാനവേഷത്തിലെത്തുന്ന ‘വിക്ര’മാണ് ഫഹദിന്റേതായി ഇനി വരാനിരിക്കുന്ന തമിഴ് ചിത്രം. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലെത്തുന്ന വിക്രം ഷൂട്ടിങ് പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. മാര്‍ച്ച് 14ന് റിലീസ് തിയതി പ്രഖ്യാപിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ അറിയിച്ചിരിക്കുന്നത്.