എം.ടി വാസുദേവന്‍ നായരുടെ പത്ത് കഥകള്‍ ചേര്‍ത്തൊരുക്കുന്ന നെറ്റ്ഫ്ളിക്സ് ആന്തോളജിയില്‍ ‘ഷെര്‍ലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലിനെ നായകനാക്കിയാണ് ചിത്രമൊരുങ്ങുന്നത്.
കേന്ദ്ര കഥാപാത്രത്തിന്റെ വൈകാരികതയ്ക്ക് ഏറെ പ്രധാന്യം നല്കി 1990ല്‍ എംടി രചിച്ച ചെറുകഥയാണ് ഷെര്‍ലക്ക്. ഷെര്‍ലക്ക് എന്ന പൂച്ചയും ബാലുവെന്ന ചെറുപ്പക്കാരനും തമ്മിലുള്ള വ്യവഹാരങ്ങളിലൂടെയാണ് എംടി കഥാതന്തുവിനെ മുന്നോട്ടുനീക്കുന്നത്. കാവ്യാത്മകമായി എംടി എഴുതിയ ഷെര്‍ലക്ക് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ എത്തുന്നതെങ്ങനെയാവും എന്ന ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
എംടിയുടെ ഷെര്‍ലക്ക്
അമേരിക്കയില്‍ ജോലി അന്വേഷിച്ചെത്തുന്ന ബാലു എന്ന കഥാപാത്രത്തിലൂടെയാണ് കഥ മുന്നേറുന്നത്. ഫിലാഡല്‍ഫിയയില്‍ ചേച്ചിയുടെ വീട്ടിലാണ് ബാലുവിന്റെ താമസം. വീട്ടിലെ ഷെര്‍ലക്ക് എന്ന വളര്‍ത്തുപൂച്ചയും ബാലുവുമാണ് കഥയിലെ കേന്ദ്രബിന്ദുക്കള്‍. ഭര്‍ത്താവ് ജയന്ത് ഷിന്‍ഡെ വീട്ടിലില്ലാത്തതിനാല്‍ ചേച്ചിയുടെ ജീവിതം കടുത്ത ഏകാന്തതയിലാണ്. ആകെയുള്ള കൂട്ടാണ് ഷെര്‍ലക്ക്. എന്നാല്‍ ഷെര്ലക്കുമായി ഒത്തുപോകാന്‍ ബാലുവിന് കഴിയുന്നില്ല. ഷെര്‍ലക്കിന്റെ ചില പ്രത്യേകതകള്‍ നിറഞ്ഞ പെരുമാറ്റം ബാലുവില്‍ ഇഷ്ടക്കേടുകളുണ്ടാക്കുന്നു. ഷെര്‍ലക്കിന് തന്നെ സംശയമാണെന്നും ചാരനാണെന്നും ബാലു കരുതുന്നു. പരമാവധി അകറ്റി നിര്‍ത്താന്‍ ബാലു ശ്രമിക്കുമ്പോഴും ഷെര്‍ലക്ക് ബാലുവിനെ ചുറ്റിപ്പറ്റി നില്ക്കും. ഷെര്‍ലക്കിനെ ഓടിക്കാന്‍ ബാലു പലശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ അവയൊന്നും വിജയിക്കുന്നില്ലെന്ന് മാത്രമല്ല, ഷെര്‍ലക്ക് കൂടുതല്‍ കരുത്തനാവുന്നതായി ബാലു വിശ്വസിക്കുന്നു. അയാള്‍ പിന്നീട് അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഷെര്‍ലക്ക് ബാലുവിന്മേല് ആധിപത്യം സ്ഥാപിക്കുന്നതും ബാലുവിന്റെ നിസഹായതയുമാണ് കഥയുടെ രത്നചുരുക്കം.
സാംസ്കാരികാധിനിവേശത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയുമാണ് എംടി ഷെര്ലക്കിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് നിരൂപണങ്ങളുണ്ട്. മാനുഷിക ബന്ധങ്ങള്‍ക്ക് സംഭവിച്ച ഇഴയകലങ്ങളാണ് കഥാകൃത്ത് വരച്ചിട്ടതെന്നും നായകത്വവും പ്രതിനായകത്വവും ഒരേ സന്ദര്‍ഭത്തിലൂടെ എം.ടി മനോഹരമാക്കിയെന്നും നിരൂപകര്‍ പറയുന്നു. ഉറക്കെക്കരയാന്‍ ആഗ്രഹിക്കുന്ന ബാലു വിതുമ്പിക്കരയുന്നത്ര സൂക്ഷ്മമായി കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളെയും എംടി വരച്ചുകാണിക്കുന്നുണ്ട്.
ഷെര്‍ലക്ക് ചെയ്യാനുള്ള തീരുമാനമെടുത്തതിന് ശേഷം ഫഹദ് ഫാസില്‍ എംടിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. ഏതാണ്ട് മൂന്നു മണിക്കൂറോളം നീണ്ടതായിരുന്നു ആ കൂടിക്കാഴ്ച. 2022 ജനുവരിയോടെ മഹേഷ് നാരാണന് ഷെര്‍ലക്കിന്റെ ചിത്രീകരണമാരംഭിക്കും. കാനഡയില്‍ വെച്ചാവും ചിത്രീകരണമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നദിയ മൊയ്തുവാണ് സഹോദരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍
മഹേഷ് നാരായണന് പുറമേ, ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാമപ്രസാദ്, പ്രിയദര്ശന്, സന്തോഷ് ശിവന്, ജയരാജ് തുടങ്ങിയ സംവിധായകരും ഈ ആന്തോളജിയില്‍ എംടിയുടെ വിവിധ കഥകളെ ആസ്പദമാക്കി ചിത്രമൊരുക്കുന്നുണ്ട്.
‘കടുഗണ്ണാവ: ഒരു യാത്രാക്കുറിപ്പ്’ എന്ന കഥയാണ് ലിജോ ജോസ് സിനിമയാക്കുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ് ചിത്രം. എം.ടിയുടെ തിരക്കഥയില്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത ‘ഓളവും തീരവും’ എന്ന ചിത്രത്തിന്റെ റിമേക്ക് ആണ് ആന്തോളജിയില്‍ പ്രിയദര്ശന് ചെയ്യുന്ന ഒരു ചിത്രം. ബാപ്പൂട്ടി എന്ന കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. ബിജു മേനോനെ നായകനാക്കിയുള്ള ശിലാലിഖിതമാണ് പ്രിയദര്‍ശന്റെ രണ്ടാമത്തെ ചിത്രം. ബിജു മേനോന്-പ്രിയദര്ശന് കോമ്പോയില്‍ തയ്യാറാവുന്ന ആദ്യ ചിത്രം കൂടിയാണിത്.
സിദ്ദീഖിനെ കേന്ദ്രകഥാപാത്രമാക്കി ‘അഭയം തേടി’ സന്തോഷ് ശിവനും ഒരുക്കുന്നു. ജയരാജിന്റെ ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകന്. ശ്യാമപ്രസാദ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ആന്‍ അഗസ്റ്റിനും ഇന്ദ്രജിത്തുമാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതകളോ സ്ഥിരീകരണങ്ങളോ ആയിട്ടില്ല.