ഫഹദ് ഫാസിലും ഉദയനിധി സ്റ്റാലിനും ഒന്നിക്കുന്നു; നായിക കീർത്തി സുരേഷ്

പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ ശ്രദ്ധേയ സിനിമകൾ ഒരുക്കിയ മാരിസെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടി ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലും ഒന്നിക്കുന്നു. കീർത്തി സുരേഷാണ് നായിക. വടിവേലുവും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എ.ആർ റഹ്മാനാണ് സംഗീതം. അതേസമയം അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ചിത്രത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

തമിഴ്നാട് എംഎൽഎ കൂടിയായ ഉദയനിധി സ്റ്റാലിന്റെ അവസാനചിത്രമായിരിക്കും ഇതെന്നും പിന്നീട് ഉദയനിധി സജീവരാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും നേരത്തേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മാനഗരം, കൈദി, മാസ്‌റ്റർ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിലാണ് ഫഹദ് ഫാസിൽ ഇപ്പോൾ അഭിനയിക്കുന്നത്. കമൽഹാസൻ നായകനാകുന്ന ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. അല്ലു അർജുൻ നായകനായെത്തിയ ബഹുഭാഷ ചിത്രം പുഷ്പയിൽ ഫഹദ് വില്ലനായി എത്തിയിരുന്നു.

ഫാസിൽ നിർമ്മിച്ച് നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞാണ് മലയാളത്തിൽ ഫഹദ് പൂർത്തിയാക്കിയ ചിത്രം. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും നിർവഹിച്ചത്. ഫെബ്രുവരി രണ്ടിന് മലയൻകുഞ്ഞ് തിയേറ്ററുകളിലെത്തും.

UPDATES
STORIES