ദിലീപും ആന്റണി പെരുമ്പാവൂരും പുറത്തേക്ക്?; നിര്‍ണായക നീക്കങ്ങള്‍ക്കൊരുങ്ങി ഫിയോക്ക്

ഭരണഘടനയില്‍ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ചെയര്‍മാന്‍, വൈസ്‌ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനാണ് ഫിയോക്കിന്റെ പുതിയ ഭരണസമിതി ആലോചിക്കുന്നത്. നിലവില്‍ ഈ സ്ഥാനങ്ങളിലേക്ക് ഫിയോക്ക് തെരഞ്ഞെടുപ്പ് നടത്താറുണ്ടായിരുന്നില്ല. ദിലീപും ആന്റണി പെരുമ്പാവൂരുമാണ് ആജീവനാന്ത കാല ചെയര്‍മാനും വൈസ് ചെയര്‍മാനുമായി ഈ സ്ഥാനങ്ങളിലുള്ളത്. സമീപകാലത്തായി ഫിയോക്കില്‍ രൂപപ്പെട്ടുവന്ന ഭിന്നതയുടെ ഭാഗമായാണ് സംഘടന കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുന്നതെന്നാണ് വിവരം.

മറ്റ് സംഘടനകളില്‍ അംഗങ്ങളായവര്‍ ഫിയോക്കിന്റെ സ്ഥാനങ്ങളിലേക്ക് മത്സരിക്കരുത് എന്ന ചട്ടം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഒടിടി പ്ലാറ്റ്‌ഫോമില്‍ റീലിസ് ചെയ്യാനുള്ള ആശീര്‍വാദ് സിനിമാസിന്റെ ആദ്യതീരുമാനത്തിനെതിരെ ഫിയോക്ക് രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്കൊടുവിലാണ് ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും പ്രധാന തസ്തികകളില്‍നിന്നും നീക്കാനൊരുങ്ങുന്നത്.

മാര്‍ച്ച് 31 ന് ചേരുന്ന ഫിയോക്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സംഘടനാ പ്രതിനിധികളുടെ പ്രതികരണം.

2017-ലാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്ന് തിയേറ്റര്‍ ഉടമകള്‍ ഫിയോക്ക് രൂപീകരിച്ചത്. ദിലീപിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും നേതൃത്വത്തിലായിരുന്നു രൂപീകരണം. ഇക്കാര്യം മുഖവിലയ്‌ക്കെടുത്ത് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഇരുവരെയും ആജീവനാന്തകാലത്തേക്ക് നിയമിക്കുകയുമായിരുന്നു. ബൈലോയില്‍ എഴുതിച്ചേര്‍ത്ത ഈ തീരുമാനത്തില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല.

എന്നാല്‍, അഞ്ചല്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നതോടെയാണ് ഫിയോക്ക് നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കുന്നത്. പതിവിന് വിപരീതമായി വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടത്താം, മറ്റ് സംഘടനകളുടെ ഭാഗമായവര്‍ ഫിയോക്കിന്റെ തസ്തികകളിലേക്ക് മത്സരിക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ബൈലോയില്‍ കൂട്ടിച്ചേര്‍ക്കാനാണ് ആലോചന.

ദിലീപിനെയും ആന്റണി പെരുമ്പാവൂരിനെയും ഫിയോക്കിന്റെ തലപ്പത്തുനിന്നും മാറ്റണമെന്ന പൊതുവികാരം സംഘടനയ്ക്കകത്തുണ്ട്. സല്യൂട്ട് ഒടിടി റിലീസിന് നല്‍കിയത് ചൂണ്ടിക്കാട്ടി വേഫറെര്‍ ഫിലിംസിനെയും ദുല്‍ഖര്‍ സല്‍മാനെയും വിലക്കിയതിന് സമാനമായ നടപടി എന്തുകൊണ്ട് ആന്റണി പെരുമ്പാവൂരിനും ദിലീപിനും എതിരെ ഉണ്ടാവുന്നില്ല എന്ന ചോദ്യവും സംഘടനയ്ക്കുള്ളില്‍നിന്നും ഉയരുന്നുണ്ട്.

UPDATES
STORIES