വിശദീകരണം തൃപ്തികരം; ദുല്‍ഖറിനെതിരായ വിലക്ക് പിന്‍വലിച്ച് ഫിയോക്

നടന്‍ ദുല്‍ഖര്‍ സല്‍മാനും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ വെഫെറര്‍ ഫിലിംസിനും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് ഫിയോക്. വെഫെറര്‍ ഫിലിംസ് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയില്‍ നിന്നുള്ള പിന്മാറ്റം. ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ തിയേറ്ററുകള്‍ക്ക് നല്‍കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചതായാണ് വിവരം.

‘സല്ല്യൂട്ട്’ എന്ന സിനിമയുടെ ഒടിടി റിലീസിന്റെ പശ്ചാത്തലത്തിലായിരുന്നു ദുല്‍ഖറിനെതിരെ തിയറ്ററുടമകളുടെ സംഘടയായ ഫിയോക് വിലക്കേര്‍പ്പെടുത്തിയത്. തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഒടിടിയ്ക്ക് നല്‍കിയത് തിയേറ്റര്‍ ഉടമകളോട് ചെയ്യുന്ന ചതിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതോടെ ദുല്‍ഖറിന്റെ ഒരുസിനിമയും ഇനി തിയേറ്ററുകളില്‍ പ്രദര്‍ശിപ്പില്ലെന്നും ഇതരഭാഷാ ചിത്രങ്ങളുമായും സഹകരിക്കില്ലെന്നും ഫിയോക് നിലപാട് എടുത്തു.

എന്നാല്‍ ഒമിക്രോണ്‍ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് സാധ്യമാകാതെ പോയതാണെന്നും ഒടിടി കരാര്‍ ആദ്യമേ ഒപ്പുവച്ചിരുന്നതിനാല്‍ അതില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലായിരുന്നു എന്നുമാണ് വേഫറെര്‍ ഫിലിംസിന്റെ വക്താവ് വിശദീകരണത്തില്‍ വ്യക്തമാക്കിയത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെ മാര്‍ച്ച് 19 നാണ് ‘സല്ല്യൂട്ട്’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിലക്ക് വിവാദങ്ങള്‍ക്കിടെ പ്രഖ്യാപിച്ചതിനും ഒരു ദിവസം മുന്‍പായിരുന്നു ചിത്രത്തിന്റെ സര്‍പ്രൈസ് റിലീസ്.

UPDATES
STORIES