തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്കുള്ള ആജീവനാന്ത ഭാരവാഹിത്വത്തില്‍ തല്ക്കാലം പുതിയ തീരുമാനങ്ങള്‍ ഉണ്ടാവില്ല. ആജീവനാന്ത ഭാരവാഹിത്വം ഒഴിവാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി നിര്‍ദേശം പരിഗണിക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെക്കാന്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. ഇതോടെ ചെയര്മാന് സ്ഥാനത്ത് ദിലീപും വൈസ് ചെയര്മാന് സ്ഥാനത്ത് ആന്റണി പെരുമ്പാവൂരും തുടരും.
ദിലീപും ആന്റണി പെരുമ്പാവൂരുമാണ് 2017-ലാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിളര്‍ന്ന് ഫിയോക്ക് രൂപീകരിച്ചതുമുതല്‍ സംഘടനയുടെ തലപ്പത്തുള്ളത്. ഇരുവരുടെയും നേതൃത്വത്തിലായിരുന്നു സംഘടനയുടെ രൂപീകരണം. ഇക്കാര്യം മുഖവിലയ്ക്കെടുത്ത് ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് ഇവരെ ആജീവനാന്തകാലത്തേക്കായി നിയമിക്കുകയുമായിരുന്നു. ബൈലോയില്‍ എഴുതിച്ചേര്‍ത്ത ഈ തീരുമാനത്തില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. ദിലീപും ആന്റണി പെരുമ്പാവൂരും തിയേറ്റര്‍ ഉടമകളുടെ താല്പര്യങ്ങള്ക്ക് പരിഗണന നല്‍കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് ഫിയോക്കില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.
ഫിയോക്കില്‍ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു പ്രസിഡന്റ് കെ. വിജയകുമാറിന്റെ പ്രതികരണം. ദിലീപ് പ്രതിയായ കേസിന് സംഘടനയുമായി ബന്ധമില്ല. അതിന്റെപേരില്‍ അദ്ദേഹത്തോട് ചെയര്മാന് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂര്‍ ഫിയോക്കില്‍നിന്നും രാജിവെച്ചിട്ടില്ല. അദ്ദേഹവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. ഫിയോക്ക് പിളര്‍ന്നു എന്നത് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ അവകാശവാദമാണെന്നും അദ്ദേഹം പറഞ്ഞു.
തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ 42 ദിവസങ്ങള്‍ക്ക് ശേഷമേ ഒടിടിയില്‍ റിലീസ് ചെയ്യാവു എന്ന നിബന്ധന കര്‍ക്കശമാക്കാനും ഫിയോക്കിന്റെ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധികള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിലായിരുന്നു തിയേറ്റര്‍ റിലീസിന്റെ മുപ്പതാം ദിവസം ചിത്രം ഒടിടിക്ക് നല്കാന് അനുമതി നല്‍കിയിരുന്നത്.
‘സല്യൂട്ട്’ ഒടിടി റിലീസിന് നല്‍കിയത് ചൂണ്ടിക്കാട്ടി വേഫറെര്‍ ഫിലിംസിനെയും ദുല്‍ഖര്‍ സല്‍മാനെയും നേര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനും ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. വേഫറെര്‍ ഫിലിംസിന്റെ വിശദീകരണം തൃപ്തികരമായതിനാലാണ് വിലക്ക് ഒഴിവാക്കുന്നത് എന്നാണ് ഫിയോക്ക് വൃത്തങ്ങളില്‍നിന്നുള്ള വിവരം.