സംസ്ഥാനത്ത് സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിര്‍ബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് സിനിമാ സംഘടനകള്‍. എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും സ്ത്രീകള്‍ക്ക് പ്രാധിനിത്യമുള്ള അഞ്ചംഗ സമിതിയുണ്ടാകുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി വിളിച്ചുചേര്‍ത്ത പ്രത്യേക സിറ്റിങില്‍ സംഘടനാ പ്രതിനിധികള്‍ ഉറപ്പുനല്‍കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡബ്ല്യൂസിസി, അമ്മ, ഫെഫ്ക, മാക്ട, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എന്നീ സംഘടനകളാണ് സിറ്റിങില്‍ പങ്കെടുത്തത്. ലൊക്കേഷനുകളില്‍ സ്ത്രീ പ്രാധാന്യത്തോടെയുള്ള അഞ്ചംഗ സമിതി രൂപീകരിക്കും. ഈ സമിതി പരാതികള്‍ സ്വീകരിക്കുകയും ചര്‍ച്ച ചെയ്ത് സംസ്ഥാന തല മേല്‍നോട്ട സമിതിക്ക് കൈമാറുകയും ചെയ്യും. നിയമനടപടികള്‍ ആവശ്യമുണ്ടെങ്കില്‍ മേല്‍നോട്ടസമിതി പരാതി പൊലീസിന് നല്‍കാനും തീരുമാനമായി.
ഏപ്രില്‍ ഒന്നുമുതല്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഷൂട്ടിങ് ആരംഭിച്ച സെറ്റുകള്‍, ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ചിത്രീകരണങ്ങള്‍ തുടങ്ങിയവയ്ക്കും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ ബാധകമാണ്.
കഴിഞ്ഞ ദിവസമാണ് സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ നിര്‍ബന്ധമാക്കി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. 2018ല്‍ ഡബ്ല്യൂസിസി നല്കിയ ഹരജി പരിഗണിച്ചായിരുന്നു വിധി. ഏത് തൊഴില്‍ മേഖലയിലാണെങ്കിലും സ്ത്രീകള്‍ക്കെതിരെ ചൂഷണം നടന്നാല്‍ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് കോടതി വിലയിരുത്തി. ഈ നിയമം സിനിമയ്ക്കും ബാധകമാണെന്നും ഒരുപാട് സ്ത്രീകള്‍ ജോലിചെയ്യുന്ന ഇടമാണ് സിനിമയെന്നും വിധി പ്രസ്താവിക്കവെ, കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി സംസ്ഥാന വനിതാകമ്മീഷനെ കക്ഷി ചേര്‍ത്തിരുന്നു. ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം ന്യായമാണെന്നായിരുന്നു വനിതാ കമ്മീഷന് കോടതിയെ അറിയിച്ചത്.
കോടതി വിധി പറഞ്ഞതിന് പിന്നാലെ, നിയമപോരാട്ടം വിജയിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തി ഡബ്ല്യൂസിസി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഇതൊരു വലിയ വിജയമാണെന്നായിരുന്നു നടി റിമ കല്ലിങ്കല്‍ സൗത്ത്റാപ്പിനോട് പ്രതികരിച്ചത്. നിയമം എങ്ങനെ നടപ്പാക്കുന്നു എന്നതാണ് ഇനി അറിയേണ്ടത്. തൊഴിലും വ്യക്തി ബന്ധങ്ങളും വില കൊടുക്കേണ്ടി വന്ന, ഞങ്ങളുടെ വളരെ കാലത്തെ ഒരു പോരാട്ടമായിരുന്നു ഇത്. സിനിമ മേഖല ഇതെങ്ങനെ നടപ്പാക്കും എന്നാണ് ഇനി അറിയേണ്ടത്. സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കാനുള്ള ഒരു കാരണമായി ഇതിനെ എടുക്കില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നെന്നും അവര്‍ പറഞ്ഞു.
ഈ പ്രശ്നങ്ങളോട് ഇത്രയും കാലം സൗകര്യപൂര്‍വം മൗനം പാലിച്ചവര്‍ക്കുള്ള ശക്തമായ സന്ദേശവും, ഓരോ പ്രശ്നം വരുമ്പോഴും ഡബ്ല്യൂസിസി എവിടെയായിരുന്നു എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയുമാണ് ഈ ഹൈക്കോടതി വിധി എന്നായിരുന്നു ദീദി ദാമോദറിന്റെ പ്രതികരണം. ‘ഇത് കേരളമാണ് എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ആണയിടുന്ന ഒരു സ്ഥലത്തു നിന്നുകൊണ്ടാണ്, നിലനില്‍ക്കുന്ന ഒരു നിയമം നടപ്പാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് കോടതി കയറേണ്ടി വന്നത്. സിനിമയ്ക്ക് ഏറ്റവുമധികം സ്വാധീനമുള്ള ഒരു സമൂഹമാണ് നമ്മുടേത്. ഇവിടെ ഈ നിയമം ആദ്യം നടപ്പിലാക്കി മാതൃകയാകേണ്ടിയിരുന്നത് സിനിമ മേഖല തന്നെയായിരുന്നു എന്നിരിക്കെ, എന്തുകൊണ്ട് ഇത്രകാലും കാത്തിരിക്കേണ്ടി വന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സിനിമയിലെ എല്ലാ സംഘടനകളും ബാധ്യസ്ഥരാണ്. ഈ നിയമം നടപ്പാക്കാന്‍ ഉത്സാഹിച്ചില്ല എന്ന് മാത്രമല്ല, ഇതിനെല്ലാം എതിര്‍വാദങ്ങള്‍ ഉന്നയിക്കുകയും ആവശ്യം ഉന്നയിച്ചവരെ ഒറ്റപ്പെടുത്തുകയും ചെയ്തവര്‍ ഈ ഘട്ടത്തില്‍ ഉത്തരം പറയേണ്ടതുണ്ട്’, ദീദി സൗത്ത്റാപ്പിനോട് പറഞ്ഞതിങ്ങനെ.