സലീം അഹമ്മദ് ഘൗസ് അന്തരിച്ചു; വിട പറഞ്ഞത് പ്രതിനായക വേഷങ്ങള്‍ അനശ്വരമാക്കിയ നടന്‍

ചലച്ചിത്ര നടനും തീയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ സലീം അഹമ്മദ് ഘൗസ് അന്തരിച്ചു. 70 വയസായിരുന്നു. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

1952-ല്‍ ചെന്നൈയിലാണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. പൂനെ ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ പഠനത്തിനുശേഷം അഭിനയ രംഗത്തേക്ക് എത്തി. 1987-ല്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി വേഷമിട്ടു.

1989-ല്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി ആയിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. 1990-ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘താഴ്‌വാരം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി.

1997ല്‍ ‘കൊയ്ല’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിച്ചു. 2009-ല്‍ വലിയ വിജയം നേടിയ വിജയ് ചിത്രം ‘വേട്ടയ്ക്കാരനി’ലും പ്രതിനായക വേഷത്തില്‍ തിളങ്ങി. അഭിനയ ജീവിതത്തിലധികവും നെഗറ്റീവ് സ്വഭാവമുള്ള വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.

2005-ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത് ഉടയോനിലെ പെരുമാള്‍ എന്ന വേഷത്തിലൂടെെ മലയാളത്തില്‍ തിരിച്ചെത്തി. ടെലിവിഷന്‍ പരമ്പരകളിലെയും സജീവ സാന്നിധ്യമായിരുന്നു. ആയോധന കലയിലും ഡബ്ബിംഗ് രംഗത്തും പ്രവർത്തിച്ചിരുന്നു.

UPDATES
STORIES