‘ആ വെള്ളിയാഴ്ച്ചക്ക് അന്നോളം കണ്ട കിനാവുകള്‍ക്കപ്പുറത്തെ ആലസ്യമുണ്ടായിരുന്നു’; മുന്തിരിവള്ളികളുടെ അഞ്ചാംവര്‍ഷത്തില്‍ ജിബു ജേക്കബ്

ജിബു ജേക്കബിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍- മീന കോമ്പോയിലെ ഹിറ്റ് ചിത്രം ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ റിലീസായിട്ട് ഇത് അഞ്ചാംവര്‍ഷം. വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓര്‍മ്മകള്‍ ഹൃദ്യമായ കുറിപ്പിലൂടെ പങ്കുവെക്കുകയാണ് സംവിധായകന്‍.

‘സിനിമാജീവിതത്തിലെ ആ വെള്ളിയാഴ്ച്ചക്ക് അന്നോളം കണ്ട കിനാവുകള്‍ക്കപ്പുറത്തെ ആലസ്യമുണ്ടായിരുന്നു. അന്ന് ഹൃദയത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുകയും പൂവിടുകയും ചെയ്തിരുന്നു. സംവിധായകനെന്ന നിലയില്‍ നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങള്‍… ഉലഹന്നാനും ആനിയമ്മയും കുടുംബ പ്രേക്ഷകരിലേക്ക് പടര്‍ന്നു കയറിയിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുന്നു. ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും സര്‍വ്വോപരി ഹൃദയത്തില്‍ ഇരിപ്പിടം തന്ന, നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും എന്റെ മനസ്സു നിറഞ്ഞ നന്ദി,’, ജിബു ഫേസ്ബുക്കില്‍ കുറിച്ചു.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്‍ എന്ന വേഷമായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിന്റേത്. വി.ജെ ജെയിംസിന്റെ ‘പ്രണയോപനിഷത്ത്’ എന്ന ചെറുകഥ പ്രമേയമാക്കിയായിരുന്നു ചിത്രം ഒരുങ്ങിയത്. എം സിന്ധുരാജിന്റേതാണ് തിരക്കഥ. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോളായിരുന്നു നിര്‍മ്മാണം.

2002 മുതല്‍ സിനിമാട്ടോഗ്രഫറായി സിനിമാ രംഗത്തുണ്ടായിരുന്ന ജിബു 2014ല്‍ ‘വെള്ളിമൂങ്ങ’യിലൂടെയാണ് സംവിധാനത്തിലേക്ക് തിരിയുന്നത്. ‘വെള്ളിമൂങ്ങ’യ്ക്കും ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോഴി’നും ശേഷം ‘ആദ്യരാത്രി’, ‘എല്ലാം ശെരിയാകും’ എന്നീ ചിത്രങ്ങളും ജിബുവിന്റേതായെത്തി.

UPDATES
STORIES