ഏത് ഈണത്തിനും വരികള്‍; ബിച്ചു തിരുമലയുടെ പാട്ടുകഥകള്‍

വയലാര്‍ രാമവര്‍മ്മ, പി ഭാസ്‌കരന്‍, യൂസഫലി കേച്ചേരി, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരോട് മത്സരിച്ചാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരചനാ രംഗത്ത് ഇടമുറപ്പിച്ചത്. എ ടി ഉമ്മര്‍, ദേവരാജന്‍, രവീന്ദ്രന്‍, ജയ വിജയന്മാര്‍, ജോണ്‍സണ്‍, ശ്യാം, വിദ്യാസാഗര്‍, എ ആര്‍ റഹ്മാന്‍, ഇളയരാജ എന്നിങ്ങനെ പ്രമുഖരായ മിക്ക സംഗീത സംവിധായകര്‍ക്ക് വേണ്ടിയും ബിച്ചു തിരുമല എഴുതി. ആദ്യം വരികളെഴുതി പിന്നീട് ഈണമിട്ടിരുന്ന രീതി അവസാനിക്കുന്ന കാലഘട്ടമായിരുന്നു 1970കള്‍. കവി കൂടിയായിരുന്നെങ്കിലും ഈണത്തിന് അനുസരിച്ച് ഗാനമെഴുതുന്ന രീതിയോട് അദ്ദേഹം ശാഠ്യങ്ങളില്ലാതെ പൊരുത്തപ്പെട്ടു. മനോഹരമെങ്കിലും സങ്കീര്‍ണമായ ഈണങ്ങള്‍ക്ക് അക്ഷരവും അര്‍ത്ഥവും കൃത്യമായ ഒപ്പിച്ച് വരികളെഴുതുക എന്ന ശ്രമകരമായ ജോലി ബിച്ചു തിരുമല ആവേശത്തോടെയാണ് കണ്ടത്. ഈണം ഏതിട്ടാലും ഞാന്‍ എഴുതിത്തരും എന്ന അദ്ദേഹത്തിന്റെ വെല്ലുവിളി സംഗീത സംവിധായകരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഒരു ദിവസം രണ്ട് സിനിമകള്‍ക്ക് വരെ പാട്ടെഴുതിയ കാലം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സൃഷ്ടിയുടെ വേഗം പക്ഷെ വരികളുടെ അര്‍ത്ഥസമ്പൂര്‍ണതയേയും കാവ്യഭംഗിയേയും ബാധിച്ചതേയില്ല.

എ ആര്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ‘യോദ്ധ’യിലെ പാട്ടുകള്‍ എഴുതിയത് ബിച്ചു തിരുമലയാണ്. ‘പടകാളി ചണ്ടി ചങ്കരി’യും ‘കുനുകുമെ ചെറു കുറുനിരകളും’ ഉഗ്രന്‍ ഈണങ്ങളായിരുന്നെങ്കിലും അതിന് ശബ്ദമാകാന്‍ വേണ്ടിയുള്ള വാക്കുകള്‍ തെരഞ്ഞെടുക്കല്‍ അത്ര എളുപ്പമായിരുന്നില്ല. അരിശുംമൂട്ടില്‍ അപ്പുകുട്ടനും തൈപ്പറമ്പില്‍ അശോകനും തമ്മില്‍ കാവില്‍ വെച്ച് നടക്കുന്ന പാട്ട് മത്സരം യോദ്ധയിലെ ഹൈലൈറ്റാണ്. ചെന്നൈയില്‍ റഹ്മാന്റെ സ്റ്റുഡിയോയില്‍ വെച്ച് സംഗീത് ശീവന്‍ ഗാനസന്ദര്‍ഭം ബിച്ചു തിരുമലയോട് വിവരിച്ചു. അദ്ദേഹത്തിന് പെട്ടെന്ന് മനസില്‍ വന്നത് ഭദ്രകാളിയുടെ രൂപമാണ്. രൗദ്രരൂപത്തിലുള്ള ദേവിയെ സ്തുതിക്കുന്ന ഗാനമായാല്‍ സന്ദര്‍ഭത്തിന് ഇണങ്ങും. കവി നാലാങ്കല്‍ കൃഷ്ണപിള്ളയുടെ ‘മഹാക്ഷേത്രങ്ങള്‍ക്ക് മുന്നില്‍’ എന്ന പുസ്തകത്തില്‍ നിന്ന് ദേവിയുടെ പര്യായങ്ങള്‍ അദ്ദേഹത്തിന്റെ മനസിലേക്ക് ഒഴുകിയെത്തി. ‘പടകാളി, പോര്‍ക്കലി, ചണ്ഡി, മാര്‍ഗിനി, ചങ്കരി’. ഹാസ്യഗാനമാണെങ്കിലും വാക്കുകള്‍ അര്‍ത്ഥശൂന്യമാകരുതെന്ന് ബിച്ചു തിരുമലയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആരാധനയുമായി ബന്ധപ്പെട്ട ‘പറമേളം, ചെണ്ട, ചേങ്കില, ധിം തുടി മദ്ദളം’ എന്ന വാക്കുകളും അദ്ദേഹം കൃത്യമായി ചേര്‍ത്തു.

രവീന്ദ്രന്‍, പി വി ഗംഗാധരന്‍, ബിച്ചു തിരുമല, യേശുദാസ്

പാട്ടിനിടയിലെ ‘തടിയാ പൊടിയാ’ വിളികള്‍ ആകാശവാണിയിലെ രസകരമായ ഓര്‍മ്മകളില്‍ നിന്ന് ബിച്ചു തിരുമല കൂട്ടിച്ചേര്‍ത്തതാണ്. ആകാശവാണിയില്‍ സുഹൃത്തുക്കളായിരുന്ന എം ജി രാധാകൃഷ്ണനും എ പി ഉദയഭാനുവും പരസ്പരം കളിയാക്കി വിളിച്ചിരുന്നത് തടിയാ എന്നും പൊടിയാ എന്നുമാണ്. ചടുലമായ താളത്തിനൊപ്പം ബിച്ചു ഈ വാക്കുകളും പ്രയോഗിച്ചു. മലയാളികള്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ തെറ്റിച്ച് പാടുന്ന പാട്ടുകളിലൊന്നാണ് ‘പടകാളി ചണ്ഡി ചങ്കരി’. യേശുദാസും എം ജി ശ്രീകുമാറും ഭംഗിയായി പാടി ഫലിപ്പിച്ചെങ്കിലും മലയാളികള്‍ക്ക് ഇപ്പോഴും നാവുകുഴയും. അധികം പേരും ഇപ്പോള്‍ പാടുന്നത് ‘പടകാളി ചണ്ടിച്ചങ്കരി പോക്കിരി മാക്കിരി’ എന്നാണെന്ന് ബിച്ചു തിരുമല പരിഭവം പറയാറുണ്ടായിരുന്നു.

‘ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാന്‍’ എന്ന നിത്യഹരിതവരികള്‍ക്ക് നിമിത്തമായത് ഒരു കൊതുകാണ്. രവീന്ദ്രന്‍ മാഷ് റെക്കോഡ് ചെയ്ത് കൊടുത്തയച്ച ഒരു ഈണവുമായി പാട്ടെഴുതാനിരിക്കുകയായിരുന്നു ബിച്ചു തിരുമല. കറണ്ടില്ലാതെ മെഴുകുതിരി വെട്ടത്തില്‍ വരികള്‍ ആലോചിച്ചിരിക്കെ ഒരു കൊതുക് മൂളിപ്പറന്നെത്തി. കൊതുകിനെ അടിക്കാന്‍ മേശപ്പുറത്തിരുന്ന ഒരു പുസ്തകമെടുത്തു. പി ഭാസ്‌കരന്‍ മാഷിന്റെ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന കവിതാ സമാഹാരമായിരുന്നു അത്. ഒറ്റക്കമ്പി, തംബുരു എന്നീ വാക്കുകളും കൊതുകിന്റെ മൂളലും മതിയായിരുന്നു ബിച്ചു തിരുമലയ്ക്ക് ഒരു അതിമനോഹര ഗാനമെഴുതാന്‍.

എം ടി വാസുദേവന്‍ നായരുടെ രചനയില്‍ ഐ വി ശശി സംവിധാനം ചെയ്ത ‘തൃഷ്ണ’യിലെ (1981) ഗാനരചനയ്ക്കാണ് ബിച്ചു തിരുമലയ്ക്ക് ആദ്യമായി സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. തൃഷ്ണയിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ ചെറിയൊരു വാശിയുടെ കഥ കൂടിയുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍. റെക്കോര്‍ഡിങ്ങിന്റെ തലേന്ന് ഐ വി ശശിയുടെ ഫോണ്‍ കോള്‍. ‘നാളെ എംടി വരികയാണ്. ഉടന്‍ പാട്ടുകള്‍ തയ്യാറാക്കണം’. ശ്യാം മാഷിന്റെ കൈയ്യില്‍ ഈണങ്ങള്‍ റെഡിയായിരുന്നു. ആദ്യത്തെ ട്യൂണ്‍ കേട്ടയുടനെ ‘ശ്രുതിയില്‍ നിന്നുയരും നാദശലഭങ്ങളേ’ എന്ന പല്ലവി വന്നു.

രണ്ടാമത്തെ ഈണത്തെ ‘മൈനാക’ത്തേക്കുറിച്ചുള്ള ഐതീഹ്യവുമായി ബിച്ചു കണക്ട് ചെയ്തു. അപ്‌സരസായ മേനകക്ക് ഹിമവാനിലുണ്ടായ കുഞ്ഞാണ് മൈനാക പര്‍വ്വതം. അന്ന് പര്‍വ്വതങ്ങള്‍ക്ക് ചിറകുകളുണ്ടായിരുന്നു. പര്‍വ്വതങ്ങള്‍ പറന്നുനടക്കുന്നത് ശല്യമായതോടെ ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ച് ചിറകുകള്‍ അരിഞ്ഞു. ചിറക് നഷ്ടപ്പെടുന്നതിന് മുന്‍പ് മൈനാകം കടലില്‍ ഒളിച്ചെന്നാണ് പുരാണം. സിനിമയിലെ സന്ദര്‍ഭവുമായി ഈ ഐതീഹ്യത്തെ ബന്ധിപ്പിച്ചതോടെ പാട്ട് റെക്കോര്‍ഡിങ്ങിന് തയ്യാര്‍.

‘ഏഴുസ്വരങ്ങളും തഴുകിവരുന്നൊരു ഗാനം’ എന്ന വരികളും ഇതുപോലെ നിമിഷാര്‍ദ്ധം കൊണ്ട് സൃഷ്ടിച്ചെടുത്തതാണ്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്യുന്ന ‘ചിരിയോ ചിരി’ക്ക് വേണ്ടി കംപോസിങ്ങ് തുടങ്ങുന്നതിന് മുന്നേ രവീന്ദ്രന്‍ മാഷും ബിച്ചു തിരുമലയും കളിതമാശ പറഞ്ഞിരിക്കുന്നു. സംസാരത്തിനിടെ ഹാര്‍മോണിയത്തില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ വിരലുകള്‍ സൃഷ്ടിച്ച താളം ബിച്ചു തിരുമലയുടെ കാതിലുടക്കി. അത് കൊള്ളാമല്ലോയെന്ന് ബിച്ചു പറഞ്ഞതോടെ മാഷ് ഈണം കുറച്ചു കൂടി മുന്നോട്ടുകൊണ്ടുപോയി. ഇരുവരുടേയും മത്സരം അധികം നീണ്ടില്ല. എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടുകൂടി എന്നെന്നേക്കുമായി സംഗീതപ്രേമികള്‍ക്ക് ലഭിച്ചു.

കുടയെടുക്കാന്‍ മറന്നതുകൊണ്ടുണ്ടായ വരികളാണ് ‘മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ’ എന്നത്. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളി’ന് (1980) വേണ്ടി ജെറി അമല്‍ദേവ് നവോദയയുടെ സ്റ്റുഡിയോയില്‍ ഈണം റെക്കോര്‍ഡ് ചെയ്തുവെച്ചിരുന്നു. കഥ കേട്ടെങ്കിലും ബിച്ചു തിരുമലയുടെ മനസില്‍ വരികളൊന്നും വന്നില്ല. കുറേ നേരം ആലോചിച്ച ശേഷം ജെറി അമല്‍ദേവും ബിച്ചു തിരുമലയും കൂടി പുറത്തേക്കിറങ്ങി. ആലപ്പുഴ ബീച്ചിലിരുന്ന് കുറേ സംസാരിച്ചു. തിരികെ ഓട്ടോ കിട്ടാതായതോടെ നടക്കാന്‍ തുടങ്ങി. പകുതി വഴിയെത്തിയപ്പോള്‍ നല്ല മഴ. രണ്ടുപേരും നനഞ്ഞുകുതിര്‍ന്ന് സ്റ്റുഡിയോയിലേക്ക് കയറുമ്പോള്‍ റെക്കോര്‍ഡറില്‍ ഈണം വീണ്ടും പ്ലേ ചെയ്യുകയാണ്. ബിച്ചു തിരുമലയുടെ മനസില്‍ വരികളുണര്‍ന്നു. ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന് അദ്ദേഹം പാടി നോക്കി. ചിത്രത്തിന്റെ ഷൂട്ട് കൊടൈക്കനാലില്‍ വെച്ചാണ് നടക്കുന്നതെന്ന് ഓര്‍ത്ത ബിച്ചു മഴയെ മഞ്ഞാക്കി മാറ്റി. വരികള്‍ കിട്ടാതെ വരുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്നില്‍ ഗാനരചയിതാവിനെ മറവി തുണച്ചു.

UPDATES
STORIES