ഭൂതകാലത്തിലേക്ക് ഒരു യാത്ര സാധ്യമാകുമായിരുന്നെങ്കില്‍ 2022 മാര്‍ച്ച് 27 ന് ഓസ്കാര്‍ വേദിയില്‍വച്ച് തന്റെ കൈവിട്ടുപോയ ആ മുഖത്തടി വില്‍ സ്മിത്ത് തിരിച്ചെടുക്കുമായിരുന്നിരിക്കാം. ദിവസങ്ങള്‍ക്കിപ്പുറവും തുടര്‍ച്ചയായ മാപ്പുപറച്ചിലുകളിലും തണുക്കാതെ സ്മിത്തിനെ വേട്ടയാടുകയാണ് ആ രംഗം. ക്രിസ് റോക്കിനെ തല്ലിയാലും രണ്ടുപക്ഷമെന്ന നിലയ്ക്ക് അനുകൂലിക്കുന്നവരുണ്ടെങ്കിലും, ഒറ്റ രാത്രികൊണ്ട് ഹോളിവുഡിന്റെ ഒന്നാംനിലയില്‍ നിന്നിടിഞ്ഞ ബ്രാന്‍ഡ് വാല്യൂവുമായി ഭാവിയെ നേരിടുന്നത് വില്‍ സ്മിത്ത് ഒറ്റയ്ക്കാണ്.
ഓസ്കാര്‍ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്ക് അസ്ഥാനത്ത് നടത്തിയ ഒരു തമാശയായിരുന്നു എല്ലാത്തിനും തുടക്കമെന്ന് പറയാം. അലോപേഷ്യ രോഗബാധിതയായ ജേഡ പിങ്കറ്റ് സ്മിത്തിന്റെ മുടിയില്ലാത്ത തല ആ വേദിയില്‍ ഒരു തമാശയാകേണ്ടതില്ലായിരുന്നു. എന്നാലതിന്മേല് ഒരു ചര്‍ച്ച ഉയരുന്നതിന് മുന്‍പ് തന്നെ അപ്രതീക്ഷിതമായ മറ്റൊന്നിന് ഓസ്കാര്‍ വേദി സാക്ഷ്യം വഹിച്ച് കഴിഞ്ഞിരുന്നു.

ഇരിപ്പിടത്തില്‍ നിന്ന് വേദിയിലേക്ക് കയറിയ വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിക്കുന്ന രംഗം സഹപ്രവര്‍ത്തകരെയും ലോകമെമ്പാടുമുള്ള കാണികളെയും സ്തഭ്ദരാക്കിയിരുത്തി. ആ നിമിഷത്തെ ഞെട്ടലോടെ പിന്നിട്ട ക്രിസ് റോക്ക് അവതരണം തുടര്‍ന്നു. വെറും അരമണിക്കൂറിന് ശേഷം അതേ വേദിയില്‍വെച്ചാണ് മികച്ച നടനുള്ള ഓസ്കാര്‍ പുരസ്കാരം വില്‍ സ്മിത്ത് ഏറ്റുവാങ്ങിയത്. അവാര്‍ഡ് ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ അക്കാദമിയോടും സഹപ്രവര്‍ത്തകരോടും നിറകണ്ണുകളോടെ ക്ഷമ ചോദിച്ച സ്മിത്ത് ‘എന്റെ ഭാര്യയെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്’ എന്ന് അലറിയ കുടുംബ സ്നേഹിയായി. ഓസ്കാര്‍ വേദിക്കുള്ളില്‍ മാത്രമല്ല, അതിന് പുറത്ത് ആയിരങ്ങള്‍, ആരാധകര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചു.
അവിടെ എല്ലാം കഴിഞ്ഞെന്നായിരിക്കും വേദിക്ക് പുറത്തെ ക്യാമറകള്‍ക്ക് മുന്നില്‍ ഓസ്കാര്‍ ശില്‍പ്പവുമായി ചുവടുവെച്ച വില്‍ സ്മിത്ത് കരുതിയിരിക്കുക.

എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു അടുത്തദിവസം. മാധ്യമങ്ങളിലും സമൂഹ മാധ്യമ ചുവരുകളിലും ആ ചിത്രം നിറഞ്ഞുനിന്നു. ലോകമെമ്പാടും വിവിധ മേഖലകളില്‍ നിന്ന് അക്രമത്തെ അപലപിച്ച് പ്രതികരണങ്ങളുയര്‍ന്നു. വിമര്‍ശനം വില്‍ സ്മിത്തിന് എതിരെ മാത്രമല്ലായിരുന്നു, അങ്ങനെയൊരു വേദിയില്‍ ആക്രമണത്തിന് ഇടം നല്കിയ, ഒന്നും സംഭവിച്ചിട്ടില്ല എന്ന വിധത്തില്‍ ആ സംഭവത്തെ കടന്നുപോയ ഓസ്കാര്‍ അക്കാദമിക്കെതിരെ കൂടിയായിരുന്നു. ആ മുഖത്തടിയിലൂടെ തകര്‍ന്നു വീണത് പതിറ്റാണ്ടുകളായി പടുത്തുയര്‍ത്തിയ അക്കാദമിയുടെ വിശ്വാസീയത കൂടിയായിരുന്നു.
ഈ സാഹചര്യത്തെ നേരിടാന്‍ കുറച്ചൊന്നുമല്ല ഓസ്കാര്‍ സംഘാടകര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വില്‍ സ്മിത്തിനോട് വേദി വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു, അദ്ദേഹമത് നിരസിക്കുകയായിരുന്നു എന്നാണ് ആദ്യ വിശദീകരണം. അറസ്റ്റിന് വരെ സാഹചര്യമുണ്ടായിരുന്നതായി ഓസ്കാര്‍ പ്രൊഡ്യൂസര്‍ വില്‍ പാക്കറും വെളിപ്പെടുത്തല്‍ നടത്തി. ഒടുവില്‍ കടുത്ത നടപടിയുണ്ടാകുമെന്ന പ്രഖ്യാപനവുമുണ്ടായി. സസ്പെന്‍ഷനോ പുറത്താക്കലോ എന്നു തീരുമാനിക്കാന്‍ വരുന്ന ഏപ്രില്‍ 18ന് അക്കാദമി യോഗം ചേരാനിരിക്കെ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആന്റ് ആര്‍ട്ടില്‍ നിന്ന് വില്‍ സ്മിത്ത് രാജിവെച്ചു.

അക്കാദമി തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കാനായില്ലെന്നും ഏത് ശിക്ഷാവിധിക്കും സന്നദ്ധനാണെന്നും അറിയിച്ചുകൊണ്ടായിരുന്നു രാജി. എന്നാല്‍ ഒരു ക്ഷമാപണത്താല്‍ എല്ലാം പഴയതുപോലെ ആകില്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.
മികച്ച നടനുള്ള ഓസ്കാര്‍ ഏറ്റുവാങ്ങുന്ന അഞ്ചാമത്തെ കറുത്ത വര്ഗക്കാരന് എന്ന നിലയില്‍ വില്‍ സ്മിത്തിന്റെ കരിയറിന്റെ കുതിപ്പാകേണ്ടതായിരുന്നു 94-മത് ഓസ്കാര്‍. എന്നാലിപ്പോള്‍ ഒരുവലിയ കാര്‍മേഘമായി അദ്ദേഹത്തിന്റെ കരിയറിനുമുകളില് ആ ദിവസമുണ്ട്. അതിന്റെ ആഘാതങ്ങള്‍ ആരംഭിച്ചും കഴിഞ്ഞു. വില്‍ സ്മിത്തിനൊപ്പം കരാറുണ്ടാക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ഫാസ്റ്റ് ആന്റ് ലൂസി’ന്റെ പ്രൊഡക്ഷന്‍ നടപടികള്‍ നെറ്റ്ഫ്ളിക്സ് മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. 2022-ലെ മറ്റ് പ്രധാന റിലീസുകളായ ‘ബാഡ് ബോയ്സ് 2’, ‘ബ്രൈറ്റ് 2’. ആപ്പിള്‍ സ്റ്റുഡിയോസിന്റെ ‘ഇമാന്‍സിപ്പേഷന്‍’ എന്നിവയുടെ ഗതിയും കയ്യാലപ്പുറത്താണെന്നാണ് വിവരം. ഓസ്കാര്‍ ക്ഷീണം മാറുന്നതുവരെ, കുറഞ്ഞത് അടുത്തവര്‍ഷം വരെയെങ്കിലും സ്മിത്തുമായി ഒരു ചിത്രത്തിന് ആപ്പിള്‍ സ്റ്റുഡിയോസ് മുതിര്‍ന്നേക്കില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ക്രിസ് റോക്ക് പരാതിപ്പെടാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ക്രിമിനല്‍ ചാര്‍ജുകള്‍ ഒഴിവാകുന്നത് വലിയ ആശ്വാസമാണ്. ഓസ്കാര്‍ തിരിച്ചെടുക്കുന്നത് അടക്കമുള്ള കടുത്ത നീക്കത്തിലേക്ക് അക്കാദമി പോകാനും സാധ്യതയില്ല. സ്വയം രാജിവെയ്ക്കുക കൂടി ചെയ്ത സാഹചര്യത്തില്‍ ഇനി അക്കാദമി തീരുമാനിക്കുന്ന അച്ചടക്ക നടപടിയേക്കാളും വില്‍ സ്മത്ത് ഭയപ്പെടുന്നത് കരിയറിനെ തളര്‍ത്താന്‍ ശേഷിയുള്ള വമ്പന്മാരുടെ പിന്മാറ്റമാണ്.
മുന്‍പ് ഗാര്‍ഹിക പീഡന ആരോപണം നേരിട്ട ഹോളിവുഡ് നടന് ജോണി ഡെപ്പും വംശീയ അധിക്ഷേപമുള്പ്പടെയുള്ള നിരവധി ആരോപണങ്ങളില്‍ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ട മെല്‍ ഗിബ്സണും ഹോളിവുഡിലേക്ക് നടത്തിയ തിരിച്ചുവരവ് വേണമെങ്കില്‍ സ്മിത്തിന് മാതൃകയാക്കാം. എന്നാല്‍ കൈവിട്ടുപോകുന്നത് വില്‍ സ്മിത്തെന്ന ബ്രാന്ഡാണെന്നിരിക്കെ വരും ദിവസങ്ങള്‍ കഴിയുന്നത്ര പ്രതിരോധം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.

തെറ്റിനെ പരസ്യമായി തള്ളിപറഞ്ഞ സ്മിത്ത് അടുത്ത ദിവസം തെറാപ്പിയിലേക്ക് കടക്കുന്നതായി ഒരു പ്രഖ്യാപനം നടത്തിയേക്കാം. സ്മിത്ത് കുടുംബത്തിന്റെ ഫേസ്ബുക്ക് ചാറ്റ് ഷോയായ ‘റെഡ് ടേബിള്‍ ടോക്ക്’ ആ പ്രഖ്യാപനത്തിന് വേദിയാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. നേരത്തെ തങ്ങളുടെ കുടുംബ ജീവത്തിലുണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് ജേഡ സ്മിത്ത് വെളിപ്പെടുത്തിയതും, അലോപേഷ്യയെക്കുറിച്ച് തുറന്നുസംസാരിച്ചതും അവിടെയായിരുന്നു.
ഏതായാലും പതിവുപോലെ 95മത് ഓസ്കാര്‍ വേദിയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കൈമാറാന്‍ വില്‍ സ്മിത്തിന് കഴിഞ്ഞേക്കില്ലെന്ന് ഏകദേശം ഉറപ്പാണ്. ഏറ്റുപറച്ചിലിലും ക്ഷമാപണത്തിലും തിരുത്തലിലും ഫലമുണ്ടായില്ലെങ്കില്‍ നഷ്ടം അതുമാത്രവുമായിരിക്കില്ല.

ഒരു രോഗത്തെ അതിജീവിക്കുന്ന ഒരാള്‍ക്കുനേരെ ക്രിസ് റോക്ക് നടത്തിയ തമാശ പ്രയോഗത്തെ നിസാരമെന്ന് പറഞ്ഞ് തള്ളണമായിരുന്നോ എന്ന ചോദ്യം ഇവിടെയുണ്ട്. ഒന്നാലോചിക്കണം, ഓസ്കാര്‍ വേദിയില്‍വെച്ച് വില്‍ സ്മിത്ത് ആ തമാശയെ തള്ളിപ്പറയുക മാത്രം മതിയായിരുന്നു ലോകം ക്രിസ് റോക്കിനെ തിരുത്താന്‍. എന്തിന് ആ ഓസ്കാര്‍ പുരസ്കാരത്തിന്റെ കനമില്ലാതെ തന്നെ പ്രതികരിക്കാന്‍ വില്‍ സ്മിത്തിനും ആക്ടിവിസ്റ്റുകൂടിയായ ജേഡ പിങ്കറ്റ് സ്മിത്തിനും കഴിയുമായിരുന്നു. പകരം സമാധാനത്തിനുവേണ്ടി നിത്യസമരത്തിലേര്പ്പെട്ടിരിക്കുന്ന സ്വന്തം ജനതയുടെ കൂടി മുഖത്തേക്കാണ് സ്മിത്ത് ആഞ്ഞടിച്ചത്. അവിടെയാണ് വില്‍ സ്മിത്ത് എന്ന മനുഷ്യനും കാലിടറി തുടങ്ങിയത്.