ഗിരീഷ് പുത്തഞ്ചേരി: പാട്ടുമൂളി വെയിലുദിച്ചൊരു കാലം

പകലന്തിയിൽ ഒറ്റക്ക് വിടർന്നു നിൽക്കുന്ന ഒരു കാട്ടുപൂവിന്റെ ആത്മനൊമ്പരം കോറിയിട്ട പോലെയുള്ള വരികൾ , ആ പൂവിനെ പതിയെ തലോടുന്ന കാറ്റു പോലെ ജോൺസന്റെ സംഗീതം , സ്വരമുദ്ര ചാർത്തിയത് ഗായിക ദലീമ. എത്രകേട്ടാലും മതിവരാത്ത ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ഗാനമാണത്.

”ഈ തെന്നലും തിങ്കളും പൂക്കളും..
നീയുമീ രാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ..
ഈ പൂങ്കുയിൽ പാട്ടിലെ ഈണവും..
നീയുമീ നോവും എന്നുമെൻ കൂട്ടിനുണ്ടെങ്കിൽ…” എന്നത്.

ഒരു തലമുറയുടെ ബാല്യ കൗമാര യൗവ്വന കാലത്തെ, പ്രണയവും വിരഹവും വാത്സല്യവും നിറഞ്ഞ ഇമേജുകളുടെ ആഴംകൊണ്ട് അടയാളപ്പെടുത്തിയ പ്രതിഭയുടെ ഓർമ്മദിനത്തിൽ ആദ്യം മനസ്സിൽ വരുന്നതും ഈ പാട്ടുതന്നെയാണ് .

പ്രതിഭാധനരായ നിറയെ സംഗീത സംവിധായകർ മലയാളസിനിമയിൽ തലയെടുപ്പോടെ നിരന്നുനിന്നിരുന്ന ഒരു കാലമായിരുന്നു തൊണ്ണൂറുകൾ. അവരുടെയെല്ലാം ഈണങ്ങൾ തേടിനടന്ന പദശയ്യയൊരുക്കിയത് ഗിരീഷ് പുത്തഞ്ചേരിയായിരുന്നു. ഗിറ്റാറിന്റെ തന്ത്രികളിൽ വിരലോടിച്ചിരുന്ന തന്റെ മുന്നിലിരുന്ന് ക്ഷണനേരം കൊണ്ട് “ആരോ വിരൽ നീട്ടി …” എന്ന എക്കാലത്തേയും ഹിറ്റുകളിലൊരു പാട്ടെഴുതിയ പുത്തഞ്ചേരിയെ വിദ്യാസാഗർ ഓർക്കുന്നുണ്ട് . പിന്നെയും പിന്നെയും മനസ്സിൻറെ പടികടന്നെത്തുന്ന എത്രയെത്ര പാട്ടുകൾ അവർതമ്മിൽ ചിട്ടപ്പെടുത്തി. വിദ്യാസാഗറിന്റെ ഗിറ്റാർ മലയാളത്തിൽ ശബദിച്ചതത്രയും കോഴിക്കോട്ടെ ഉള്ളേരിക്കടുത്തുള്ള ഈ പുത്തഞ്ചേരിക്കാരന്റെ ഭാഷയിലായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല.

മനുഷ്യബന്ധങ്ങളിലെ വൈകാരിക തീവ്രതയെ കുറിച്ചെഴുതുമ്പോഴെല്ലാം പുത്തഞ്ചേരിയിൽ വാക്കും വാങ്മയങ്ങളും ഒരു തോരാമഴപോലെ പെയ്തുകൊണ്ടിരുന്നു. തന്റെ ജീവിതത്തിന്റെ തന്നെ അകംപൊരുളായി തീർന്ന ഭാനുമതി മരിച്ചപ്പോൾ, ഏതാണ്ട് അസ്തമയത്തോടടുത്ത വൃദ്ധനായ ആ മനുഷ്യന്റെ ഹൃദയവേദനക്ക് ഇനി ഇതിനുമുകളിലൊരു കാവ്യഭാവം നൽകാനില്ല എന്നതുപോലെയാണ് ഗിരീഷ് എഴുതിയത്.

“ആകാശദീപങ്ങൾ സാക്ഷി
ആഗ്നേയശൈലങ്ങൾ സാക്ഷി
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം “ എന്ന്.

തുടർന്നുള്ള വരികളിൽ മുഴുവൻ ഭാനുമതി അയാളുടെ ജീവിതിത്തിൽ എന്തായിരുന്നു എന്ന് പറയുകയാണ്. സ്നേഹത്തിന്റെ വികാരസാന്ദ്രമായ ഏതോ കലവറയിൽ നിന്നും വാക്കുകൾ അണമുറിയാതെ ഒഴുകികൊണ്ടിരുന്നു.

“ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ..
മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ..” എന്നെല്ലാം എഴുതിയ ഗിരീഷ് പുത്തഞ്ചേരിയെ മറക്കാൻ മനുഷ്യനും ഭാഷയും ഉള്ളകാലമാകുമോ .

അമ്മയെ പെയ്യാൻ വിതുമ്പുന്ന മഴക്കാറിനോടും വീണുടഞ്ഞ സൂര്യകിരീടത്തോടും ഉപമിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ്. കനലെരിയുന്ന കന്നിവെയിൽ പാടത്ത് ആ ദുഃഖംകൊണ്ട് പിടയാത്തവരാരുണ്ട്! അച്ഛനെ ഏതിരുട്ടിലും വഴിനടത്തുന്ന മൺവിളക്കായും ഉള്ളിന്റെയുള്ളിലെ അക്ഷരപൂട്ടുകൾ തുറന്നു തന്ന ആളായും ഉപമിക്കുന്ന ബാലേട്ടനിലെ ഗാനം നമ്മളെ ആഴത്തിൽ തൊട്ടു. എല്ലാ ദുഖങ്ങളിലും സാന്ത്വനമാകുന്ന, ഖൽബിലെന്നും കത്തിനിൽക്കുന്ന ഒരു ഉറക്കുപാട്ടായി അച്ഛനെ ആവിഷ്കരിക്കുന്നുണ്ട് ബസ്കണ്ടക്ടർ എന്ന സിനിമയിലെ ‘ഏതോ രാത്രിമഴ മൂളിവരും പാട്ട്’ എന്ന ഗാനത്തിൽ. നിലാവിന്റെ കൊമ്പിലെ രാപ്പാടിയായി അനിയത്തിയെ കാണുന്നുണ്ട് ഗിരീഷ്. മനുഷ്യബന്ധങ്ങളെകുറിച്ചെഴുതുമ്പോൾ ഏറ്റവും ലളിതവും സാന്ദ്രവുമായ വാക്കുകൾ ആ തൂലികയിൽ സ്നേഹവായ്‌പ്പോടെ അലയടിച്ചുകൊണ്ടേ ഇരുന്നു.

നന്ദനത്തിലെ ഭക്തിഗാനങ്ങളും ആറാംതമ്പുരാനിലേയും വടക്കും നാഥനിലേയും പോലെ സെമി ക്ലാസിക്ക് എന്നുപറയാവുന്ന ഈണങ്ങൾക്കും ഗിരീഷ് അനായാസം പാട്ടുകെട്ടി. ‘ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ…’ എന്നും പറഞ്ഞ് തെരുവിൽ ഗിരീഷിന്റെ വരികൾ നാലുകാലിലും നടന്നു. അഗ്നിയും നിലാവും തെളിനീരും പോലെ ഗിരിഷിന്റെ പാട്ടുകൾ മനുഷ്യമനസ്സിൽ പടർന്നു. പ്രാവ് അദ്ദേഹത്തെ വല്ലാതെ കൊതിപ്പിച്ചിരുന്നെന്നു തോന്നുന്നു. മിഴികളിൽ ചിറകു കുടയുന്ന പ്രണയമായും നെഞ്ചിൽ കുറുകുന്ന യൗവ്വനമായും എല്ലാം പ്രാവിനെ വിടാതെ പിൻതുടരുന്ന ഗിരീഷിനെ നമുക്കദ്ദേഹത്തിന്റെ പാട്ടുകളിൽ കാണാം.

മലയാള സിനിമ ഗാനശാഖ മോഹാർദ്രമായൊരു മൺതോണിയിൽ കാത്തിരിക്കുകയായിരുന്നു ഗിരീഷ് പുത്തഞ്ചേരി എന്ന ഗാനരചയിതാവിനു വേണ്ടി. ഏതു സാധാരണക്കാരന്റെ മനസ്സിലും പതിഞ്ഞമരുന്ന വാക്കുകൾ ഒരു തടവുമില്ലാതെ പ്രവഹിച്ചു. വേൾഡ് ബാങ്ക് പൂട്ടിയാലും എന്റെ പദസമ്പത്തിന്റെ ബാങ്ക് പൂട്ടില്ലെന്ന് പുത്തഞ്ചേരി ഒരഭിമുഖത്തിൽ തികഞ്ഞ ആത്മ വിശ്വാസത്തോടെ പറയുന്നുണ്ട് .

“പുലര്‍വെയിലും പകല്‍മുകിലും
സ്വയമലിയും യാമം..
കുറുമൊഴിയും കുരുവികളും
മഴ നനയും യാമം..”

എന്നെല്ലാം എഴുതുമ്പോൾ ആ ആത്മ വിശ്വാസത്തെ എത്രതവണ വേണമെങ്കിലും സമ്മതിച്ചുകൊടുത്തെ മതിയാകൂ. വാക്കുകൾ പരസ്പരം പുണർന്ന് ഒരു സംഗീതം പുറപ്പെടുവിക്കുന്നുണ്ടിവിടെ. ഒരു കാഴ്ചയെ വർണ്ണിക്കുന്നതിനപ്പുറത്തേക്ക് ഒരനുഭവത്തെ വാക്കിലേക്ക് പകരുകയാണ് കുരുവികളും മൊഴിയും മഴനനയുന്ന യാമത്തെ പറ്റി പറയുമ്പോൾ.

തൊണ്ണൂറുകളിൽ ബാല്യകൗമാരങ്ങൾ പിന്നിട്ടവരുടെ സംഗീത ആസ്വാദനത്തിന് ജാലക കാഴ്ചകളുടെ പാളിതുറന്നുതന്ന ഗാനരചയിതാവാണ് ഗിരീഷ് പുത്തഞ്ചേരി . തൊടിയിലെ തുമ്പികളൊക്കെ പാറുന്നത് പ്രണയാതുരമായൊരു കാത്തിരിപ്പാണെന്നു പറഞ്ഞ ഗിരീഷ്. തന്റെ പാട്ടുകളിലെല്ലാം അദ്ദേഹം ഏറ്റവും കൂടുതൽ പറഞ്ഞത് പാട്ടിനെ കുറിച്ചുതന്നെയാണ്. ഒരു പാട്ടുമൂളിയാണ് പിന്നെ നമ്മുടെ പകലുകളിൽ വെയിലുദിച്ചത്. ഉല്ലാസവും ഉന്മാദവും പ്രണയവും വിരഹവും ദുഃഖവും എല്ലാം ഉയർന്നു താഴുന്ന പദശയ്യയിൽ മലയാളിക്കു വിശ്രമകേന്ദ്രം പണിതാണ് പൊടുന്നനെ ഗിരീഷ് പുത്തഞ്ചേരി നമ്മളെ വിട്ടകന്നത്. ഓർമ്മകൾക്ക് മുന്നിൽ സ്നേഹാദരങ്ങളോടെ പ്രണാമം

UPDATES
STORIES