മരണം, കലഹം, കാലാവസ്ഥ; ഗോവൻ ചലച്ചിത്ര മേളയിൽ സുവർണ മയൂരത്തിനായി മത്സരിക്കുക ഈ പതിനഞ്ച് ചിത്രങ്ങൾ

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സുവർണ മയൂരത്തിനായി മത്സരിക്കുന്ന പതിനഞ്ച് സിനിമകളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 സിനിമകളിൽ അസമിലെ ദിമാസ ഭാഷയിലെ ആദ്യ ചിത്രം സെംഖോർ ഉൾപ്പടെ മൂന്ന് ഇന്ത്യൻ സിനിമകളുമുണ്ട്. നവംബർ 20 മുതൽ 28 വരെ നടക്കുന്ന 52-ാമത്‌ അന്താരാഷ്ട്ര മേളയിലെ പ്രധാന പുരസ്‌കാരമാണ് സുവർണ മയൂരം.

തെരഞ്ഞെടുക്കപ്പെട്ട സിനിമകൾ

1. ഗോദാവരി – മറാത്തി, ഇന്ത്യ

മഹാരാഷ്ട്രയിലെ നാസിക്കിൽ ഗോദാവരി നദിയുടെ തീരത്ത് താമസിക്കുന്ന ഒരു കുടുംബം മരണത്തെ നേരിടുന്ന കഥയാണ് നിഖിൽ മഹാജൻ സംവിധാനം ചെയ്ത ഗോദാവരി. നീന കുൽക്കർണി, ജിതേന്ദ്ര ജോഷി, വിക്രം ഗോഖലെ എന്നിവർ അഭിനയിച്ച സിനിമ ഡിസംബർ മൂന്നിനാണ് തിയേറ്ററുകളിൽ റിലീസാകുക. വാൻകൂവർ, ന്യൂസിലാൻഡ് ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പടെ മികച്ച അഭിപ്രായം ഗോദാവരി ഇതിനോടകം നേടിക്കഴിഞ്ഞിട്ടുണ്ട്.

2. മീ വസന്ത്റാവു – മറാത്തി, ഇന്ത്യ

നിപുൻ അവിനാശ് ധർമാധികാരിയുടെ മറാത്തി ചിത്രമാണ് മീ വസന്ത്റാവു. പ്രശസ്‌ത സംഗീതജ്ഞനായ വസന്ത്റാവു ദേശ്പാണ്ഡെയുടെ ജീവിതകഥയാണ് ഈ സിനിമ. കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രമാണ് മീ വസന്ത്റാവു. രാഹുൽ ദേശ്പാണ്ഡെ, പുഷ്കരാജ് ചിർപുത്കർ, അനിതാ ദത്തെ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തിരിക്കുന്നത്‌.

3. സെംഖോർ – ദിമാസ, ഇന്ത്യ

അസം-നാഗാലാൻഡ് പ്രദേത്ത് പ്രചാരത്തിലുള്ള ഗോത്രഭാഷയായ ദിമാസയിലെ ആദ്യ സിനിമയാണ് ഐമീ ബറുവയുടെ സെംഖോർ. പ്രശസ്ത അസമീസ് നടിയായ ബറുവ തന്നെയാണ് സിനിമയിലെ പ്രധാന വേഷം ചെയ്‌തിരിക്കുന്നതും. ഗോവ മേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിലെ ഓപ്പണിങ് ചിത്രമായി തെരഞ്ഞെടുത്തിരിക്കുന്നതും സെംഖോറാണ്.

മറ്റ് അന്താരാഷ്ട്ര സിനിമകൾ

4. എനി ഡേ നൗ, ഫിൻലാൻഡ്

ഫിന്നിഷ്-ഇറാനിയൻ സംവിധായകൻ ഹാമി റമസാന്റ ഇംഗ്ലീഷ് ഡ്രാമയാണ് എനി ഡേ നൗ. ഫിൻലാൻഡിലെത്തിപ്പെട്ട ഇറാനിയൻ അഭയാർത്ഥി കുടുംബത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഷഹാബ് ഹൊസൈനി, ലോറ ബ്രിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇതിനോടകം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു.

5. ഷാർലെറ്റ്, പരാഗ്വായ്

കരിയറിന്റെ അന്ത്യത്തിലെത്തിനിൽക്കുന്ന ഒരു അഭിനേത്രിയുടെ ജീവിതത്തിലെ തിരിച്ചറിയാത്ത അർത്ഥങ്ങളും താളങ്ങളും തേടിയുള്ള യാത്രയാണ് സൈമൺ ഫ്രാങ്കോയുടെ ഷാർലെറ്റ്. സ്പാനിഷ് താരം ആഞ്ജല മോളിനയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ലാലി ഗോൺസാലസ്, നിക്കോ ഗ്രാഷ്യ ഉൾപ്പടെയുള്ള മുൻനിര താരങ്ങൾ സിനിമയിലുണ്ട്.

6. അൻത്രഗൽദെ, റൊമാനിയ

റൊമാനിയൻ സംവിധായകൻ രാധു മുൻറ്റീന്റെ ത്രില്ലർ സിനിമയാണ് അൻത്രഗൽദെ. ദരിദ്ര പ്രദേശമായ ട്രാൻസിൽവാനിയ മേഖലയിലേക്ക് സഹായവുമായി പോകുന്ന ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരുടെ കഥയാണിത്. അൻത്രഗൽദെ എന്ന ഗ്രാമത്തിലേക്കുള്ള യാത്രാമദ്ധ്യേ ഒരു വൃദ്ധനെ കൂടെ കൂട്ടുന്നതോടെ ചിത്രത്തിൻറെ ഗതി മാറുന്നു.

7. ലാൻഡ് ഓഫ് ഡ്രീംസ്, ന്യൂ മെക്‌സിക്കോ, അമേരിക്ക

സ്വതന്ത്ര അമേരിക്കക്കാരി എന്ന മേൽവിലാസത്തിന്റെ അർത്ഥങ്ങൾ കണ്ടെത്താനുള്ള സിമിൻ എന്ന ഇറാനിയൻ യുവതിയുടെ ജീവിതയാത്രയാണ് ഈ സിനിമ. ഇറാനിയൻ-അമേരിക്കൻ ജോഡിയായ ഷോജ അസരി, ഷിറിൻ നെഷാത്ത് എന്നിവരാണ് സംവിധായകർ. ഷീലാ വന്ത് ആണ് നായിക.

8. ലീഡർ, പോളണ്ട്

ഈഗോർ പ്രിവിയെറ്റിയതു, കതർസീന പ്രിവിയെറ്റിയതു എന്നിവർ സംവിധാനം ചെയ്‌ത ഡ്രാമയാണ് ലീഡർ. സ്ത്രീകളാൽ അധിക്ഷേപിക്കപ്പെടുന്ന ഒരു കൂട്ടം പുരുഷന്മാർ ആരോഗ്യകരമായ ബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഒരു പഠന ക്‌ളാസിന് ചേരുന്നു. അവരുടെ കോച്ച് മുന്നോട്ടുവെക്കുന്നതാകട്ടെ അങ്ങേയറ്റം കുഴപ്പം പിടിച്ച പഠനരീതികളും.

9. മോസ്‌കോ ഡസ് നോട്ട് ഹാപ്പൻ, റഷ്യ

റഷ്യയിലെ ഉൾനാടൻ നഗരത്തിൽ ജീവിക്കുന്ന ഒരു ദരിദ്ര യുവാവിന്റെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഫോട്ടോഗ്രാഫറായ ഒരു പെൺകുട്ടിയെ യുവാവ് കണ്ടുമുട്ടുന്നതിലൂടെ കഥയുടെ ഗതി മാറുന്നു. നിരവധി നിഗൂഢതകൾ കോർത്തിണക്കിയാണ് സിനിമ മുന്നോട്ടുപോകുന്നത്. ദിമിത്രി ഫെറദോവിന്റെ സിനിമയിൽ ഇവാൻ ഫെദോറ്റോവ്, ഓൽഗ സ്റ്റാർഷെൻ കോവ എന്നിവരാണ് അഭിനേതാക്കൾ.

. നോ ഗ്രൗണ്ട് ബിനീത് ദ ഫീറ്റ്, ബംഗ്ലാദേശ്

ബംഗ്ലാദേശ് സംവിധായകൻ മുഹമ്മദ് റബ്ബി മൃധയുടെ ഫീച്ചർ സിനിമാ അരങ്ങേറ്റമാണ് നോ ഗ്രൗണ്ട് ബിനീത് ദ ഫീറ്റ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ആബുലൻസ് ഡ്രൈവറായ നായകൻ മരണവും ദാരിദ്ര്യവും മാറിമാറി നേരിടുന്നു. പ്രിയം ആർച്ചി, ദീപൻവിത മാർട്ടിൻ, മുസ്തഫ മൊൻവർ എന്നിവരാണ് പ്രധാന റോളുകളിൽ.

11. വൺസ് വീ വേർ ഗുഡ് ഫോർ യു, ക്രൊയേഷ്യ

ക്രൊയേഷ്യയിലെ ഒരുകൂട്ടം മുൻ പട്ടാളക്കാരുടെ കഥ പറയുന്ന സിനിമയാണ് വൺസ് വീ വെയർ ഗുഡ് ഫോർ യു. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്ത ഈ പട്ടാളക്കാർ തങ്ങൾക്ക് കരിയർ തുടക്കത്തിൽ പരിശീലനം നൽകിയിരുന്ന കെട്ടിടം ഒരു മ്യൂസിയവും ഒത്തുചേരൽ കേന്ദ്രവുമാക്കിമാറ്റാൻ തീരുമാനിക്കുന്നു. എന്നാൽ ഗവണ്മെന്റ് അതേസ്ഥലത്ത് ഷോപ്പിംഗ് മാളിന് പദ്ധതിയിടുന്നു. തുടർന്നുള്ള സംഘർഷങ്ങളിലൂടെയാണ് ബ്രാങ്കോ ഷിമിദിന്റെ സിനിമ പോകുന്നത്.

12. റിംഗ് വാൻഡെറിങ്, ജപ്പാൻ

ജാപ്പനീസ് ചിത്രകാരനായ യുവാവിന്റെ കഥപറയുന്ന സിനിമയാണ് മാസകാസ്‌യൂ കാനേകോയുടെ റിംഗ് വാൻഡെറിങ്. ചെന്നായയുടെയും വേട്ടക്കാരന്റെയും കഥ ചിത്രീകരിക്കാൻ ശ്രമിക്കുന്ന യുവാവിന് ചെന്നായയുടെ രൂപം വരയ്ക്കാൻ സാധിക്കുന്നില്ല. ഒരിക്കൽ തന്റെ ജോലിസ്ഥലത്ത് വെച്ച് ഒരു മൃഗത്തിന്റെ തലയോട്ടി അദ്ദേഹത്തിന് ലഭിക്കുന്നു. തുടർന്നുള്ള ഉദ്യോഗജനകമായ അന്വേഷണമാണ് സിനിമ.

13. സേവിങ് വൺ ഹു വാസ് ഡെഡ്, ചെക്ക് റിപ്പബ്ലിക്

അപ്രതീക്ഷിതമായി ഭർത്താവിന് സ്ട്രോക്ക് വരികയും കോമയിലാകുകയും ചെയ്യുന്നതോടെ ഭാര്യയും മകനും അനുഭവിക്കുന്ന പ്രതിസന്ധികളും സംഘർഷങ്ങളുമാണ് വാക്ലാവ്‍ കദ്‌റങ്കയുടെ സേവിങ് വൺ ഹു വാസ് ഡെഡ്. മരണത്തിനും ജീവിതതിനുമിടയിലുള്ള സങ്കീർണതകളിലേക്കുള്ള യാത്രയാണ് ഈ സിനിമ.

14. ദ ഡോം, റഷ്യ

അഴിമതിയിൽ മുങ്ങിയ 1980കളിലെ റഷ്യയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം യുവാക്കളുടെയും അവർ തങ്ങുന്ന ഡോർമിറ്ററി നടത്തിപ്പുകാരുടെയും ജീവിതമാണ് റോമൻ വേസിയനോവിന്റെ ദി ഡോം ചിത്രീകരിക്കുന്നത്. ഒരു വിദ്യാർത്ഥിനിയുടെ ആത്മഹത്യയോടെ കഥ മുറുകുന്നു. പ്രശസ്‌ത റഷ്യൻ ഛായാഗ്രാഹകൻ വേസിയനോവിന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റമാണ് ഈ സിനിമ.

15. ദ ഫസ്റ്റ് ഫാളൻ, ബ്രസീൽ

എയിഡ്സ് ബാധിതരാകുന്ന ഒരുകൂട്ടം LGBTQ+ യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് 1980കളിലെ ബ്രസീലിയൻ ചെറുനഗരം പശ്ചാത്തലമാക്കിയുള്ള റോഡ്രിഗോ ഡി ഒലിവേറയുടെ ദ ഫസ്റ്റ് ഫാളൻ. ജെൻഡർ ന്യൂനപക്ഷങ്ങളുടെ പ്രതിസന്ധികൾ കൃത്യമായി വരച്ചിടുകയാണ് ഡി ഒലിവേറ.

UPDATES
STORIES