ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളിൽ ചർച്ച; സിനിമ സംഘടനകളുടെ യോഗം വിളിച്ച് സർക്കാർ

മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചു. മെയ് നാലിനായിരിക്കും യോഗം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‌റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിലേക്ക് വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) ഉള്‍പ്പെടെ മുഴുവന്‍ സിനിമ സംഘടനകളേയും ക്ഷണിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ദീര്‍ഘ നാളായി ഡബ്ല്യുസിസി ആവശ്യപ്പെടുന്നു. 2018ലാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ പലരും രംഗത്തെത്തിയിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സിനിമ മേഖലയില്‍ ഇപ്പോള്‍ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടയുമെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹാര്‍ദമാകുന്നതെന്നും പാര്‍വതി വിമര്‍ശിച്ചു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ നിരവധി സമിതികളുണ്ടാക്കുന്നു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരുമെന്നും പാര്‍വതി പറഞ്ഞിരുന്നു.

അതേസമയം, വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന വിവരവകാശ കമ്മീഷന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ച് കെ.കെ രമ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.

മലയാള സിനിമയില്‍ ജോലി ചെയ്യുന്നവരുമായി സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കമ്മീഷന്‍ തെളിവെടുപ്പിനിടെ, സ്ത്രീകളും പുരുഷന്‍മാരും സംസാരിക്കാന്‍ വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകളാണ് കമ്മീഷന്‍ നടത്തിയിട്ടുള്ളത്. മലയാള സിനിമാവ്യവസായത്തിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് സൂചന.

UPDATES
STORIES