രണ്ടാം ഗ്രാമി സ്വന്തമാക്കി റിക്കി കെജ്; ലാസ് വേഗാസിലെ ഇന്ത്യന്‍ തിളക്കം

സംഗീതരംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ലാസ് വെഗാസിലെ എംജിഎം ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ നടന്ന ചടങ്ങില്‍ ഇത്തവണ പത്ത് വീതം നോമിനേഷനുള്ള 86 കാറ്റഗറികളാണ് ഉണ്ടായിരുന്നത്. മികച്ച ന്യൂ ഏജ് ആല്‍ബത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ സംഗീതസംവിധായകന്‍ റിക്കി കെജ് ഗ്രാമി വേദിയിലെ ഇന്ത്യന്‍ തിളക്കമായി.

റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡിനൊപ്പം ‘ഡിവൈന്‍ ടൈഡ്സ്’ എന്ന ആല്‍ബത്തിനാണ് റിക്കി കെജ് പുരസ്‌കാരം പങ്കിട്ടത്. ഇത് രണ്ടാം തവണയാണ് കെജ് ഗ്രാമി നേടുന്നത്. 2015-ല്‍ ‘സംസ്‌കാര’ എന്ന ആല്‍ബത്തിന് ഇതേ കാറ്റഗറിയിലാണ് കെജ് ഗ്രാമി സ്വന്തമാക്കിയത്.

2020-ല്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തോടെ ലോകമെമ്പാടും വീശിയടിച്ച ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ ക്യാമ്പയിന്റെ ഭാഗമായ ജോണ്‍ ബാറ്റിസ്റ്റിന്റെ ‘വി ആര്‍’ മികച്ച ആല്‍ബത്തിനുള്ള ഗ്രാമി നേടി. ഇതുള്‍പ്പടെ അഞ്ച് ഗ്രാമിയാണ് ജോണ്‍ ബാറ്റിസ്റ്റ് നേടിയത്. കറുത്ത വംശജരുടെ ചരിത്ര വേരുകളെ ഉള്‍ക്കൊള്ളുന്ന സൃഷ്ടികളാണ് ബാറ്റിസ്റ്റെയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

പോപ് ഗായകന്‍ ബ്രൂണോ മാഴ്‌സും റാപ്പര്‍ ആന്‍ഡേഴ്‌സണ്‍ പാക്കും നേതൃത്വം കൊടുക്കുന്ന സില്‍ക്ക് സോണിക്കിന്റെ ‘ലീവ് ദ ഡോര്‍ ഓപ്പണ്‍’ മികച്ച റെക്കോര്‍ഡ്, സോങ് ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങള്‍ നേടി. ഇതടക്കം നാല് ഗ്രാമിയാണ് 64-ാമത് ഗ്രാമിയില്‍ സില്‍ക്ക് സോണിക്ക് നേടിയത്. മികച്ച പുതിയ താരത്തിനുള്ള ഗ്രാമി ഒലിവിയ റോഡ്രിഗോ സ്വന്തമാക്കി. ഒലിവിയയുടെ ‘സോര്‍’ മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള ഗ്രാമിയും ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ഗാനം പോപ് സോളോ പെര്‍ഫോമന്‍സ് ഉള്‍പ്പടെ രണ്ട് ഗ്രാമിയും നേടി.

UPDATES
STORIES