ലത മങ്കേഷ്‌കറെ ‘മറന്ന്’ ഗ്രാമി വേദി; വിമര്‍ശനവുമായി ആരാധകര്‍

അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന് 2022 ഗ്രാമി അവാര്‍ഡ് വേദിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാത്തതിനെതിരെ ആരാധകര്‍. ഞായറാഴ്ച രാത്രി നടന്ന പുരസ്‌കാര ചടങ്ങിന്‌റെ ‘ഇന്‍ മെമ്മോറിയം’ വിഭാഗത്തിലാണ് ലത മങ്കേഷ്‌കറെ പരാമര്‍ശിക്കാതെ പോയത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന 94ാമത് ഓസ്‌കര്‍ പുരസ്‌കാര വേദിയിലും ‘ഇന്‍ മെമ്മോറിയം’ വിഭാഗത്തില്‍ ലത മങ്കേഷ്‌കറേയും അന്തരിച്ച നടന്‍ ദിലീപ് കുമാറിനേയും പരമാര്‍ശിച്ചിരുന്നില്ല. ഗ്രാമിയിലും ഇത് ആവര്‍ത്തിക്കുകയായിരുന്നു.

സിന്തിയ എറിവോ, ലെസ്ലി ഒഡോം ജൂനിയര്‍, ബെന്‍ പ്ലാറ്റ്, റേചല്‍ സെഗ്ലര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ 2022 ഗ്രാമി ഇന്‍ മെമോറിയം, അന്തരിച്ച ബ്രോഡ്വേ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ സോന്‍ഡ് ഹൈം, ടെയ്‌ലര്‍ ഹോകിന്‍സ്, ടോം പാര്‍കര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം വിടപറഞ്ഞ സംഗീതജ്ഞരായ ലതാ മങ്കേഷ്‌കറിനെയും ബാപ്പി ലാഹിരിയെയും പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ പിന്നീട് ഇരുവരേയും ഗ്രാമിയുടെ വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുകയായിരുന്നു.

മുന്‍ വര്‍ഷങ്ങളിൽ ഓസ്‌കാര്‍ വേദിയില്‍ അന്തരിച്ച ഇന്ത്യന്‍ കലാകാരന്മാരായ ഇന്‍ഫാന്‍ ഖാന്‍, ഭാനു അത്തയ്യ, സുശാന്ത് സിങ് രാജ്പുത്ത്, ഋഷി കപൂര്‍ എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി ആറിനാണ് തന്‌റെ എഴുപതാം വയസില്‍ ലത മങ്കേഷ്‌കര്‍ ലോകത്തോട് വിട പറഞ്ഞത്. സ്വതന്ത്ര ഇന്ത്യയുടെ ഏതാണ്ട് മുഴുവന്‍ ചരിത്രത്തിലും ഇടം നേടിയ ഗായികയായിരുന്നു ലത.

ലതാ മങ്കേഷ്‌കറിന്റെ ആരാധകര്‍ ഗ്രാമി പുരസ്‌കാര വേദിയിലെ ഈ അവഗണനയില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഗ്രാമി അവാര്‍ഡുകള്‍ സംഘടിപ്പിക്കുന്ന ദി റെക്കോര്‍ഡിങ് അക്കാദമിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വൈവിധ്യത്തെ കുറിച്ചും ചേര്‍ത്തുനിര്‍ത്തലുകളെ കുറിച്ചും അവകാശമുന്നയിക്കുന്നവര്‍ അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നാണ് ചിലരുടെ വിമര്‍ശനം.

UPDATES
STORIES