‘ഇതാണ് മിന്നല്‍ മുരളിയിലെ എന്റെ ബോഡി ഡബിള്‍’; ബാലാജിയെ പരിചയപ്പെടുത്തി ഗുരു സോമസുന്ദരം

ബേസില്‍ ജോസഫിന്റെ സംവിധാനത്തിലെത്തിയ ‘മിന്നല്‍ മുരളി’ പ്രദര്‍ശന ദിവസം മുതല്‍ മികച്ച പ്രേക്ഷക പ്രശംസയാണ് സ്വന്തമാക്കിയത്. നായകനും പ്രതിനായകനും ഒന്നിനൊന്ന് മികച്ചുനിന്ന ചിത്രമെന്ന് കണ്ടവരെല്ലാം വിധിയെഴുതി. ചിത്രത്തിലെ പ്രതിനായക വേഷത്തിലെത്തിയ ഗുരു സോമസുന്ദരത്തിന് വലിയ സ്വീകാര്യതയും ലഭിച്ചു. ഇപ്പോഴിതാ ചിത്രത്തില്‍ തന്റെ ബോഡി ഡബിളായി എത്തിയ വ്യക്തിയെ പരിചയപ്പെടുത്തുകയാണ് ഗുരു സോമസുന്ദരം.

ബാലാജി എന്ന കലാകാരനെയാണ് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗുരു സോമസുന്ദരം പരിചയപ്പെടുത്തുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ ഗുരുവിന് പകരം സ്‌ക്രീനിലെത്തിയത് ബാലാജിയായിരുന്നു. ‘ഇതാണ് എന്റെ സ്റ്റണ്ട് ഡബിള്‍ ബാലാജി. മിന്നല്‍ മുരളിയുടെ സെറ്റിലുള്ള പലര്‍ക്കും ആ പൊള്ളല്‍ മേയ്ക്കപ്പ് ഇട്ട ഞങ്ങളെ വേര്‍തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഇദ്ദേഹം എന്റെ സോള്‍ ഡബിള്‍ തന്നെയാണ്. സഹ വില്ലനായി വന്നതിന് നന്ദി ബാലാജീ… ദയവായി എന്നെ സംഘട്ടനം പഠിപ്പിക്കൂ… ഞാന്‍ നിങ്ങള്‍ക്ക് അഭിനയം പഠിപ്പിച്ചുതരാം. നമുക്ക് വേഷങ്ങള്‍ പരസ്പരം കൈമാറി എല്ലാവരെയും പറ്റിക്കാം’, ഗുരു സോമസുന്ദരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

തമിഴ്, തെലുങ്ക് മലയാളം സിനിമകളില്‍ നിരവധി താരങ്ങള്‍ക്കായി ബാലാജി ഡ്യൂപ്പ് ചെയ്തിട്ടുണ്ട്.

ചിത്രത്തിലെ സാഹസിക രംഗങ്ങളില്‍ ടൊവിനോ തോമസിനുമുണ്ടായിരുന്നു ബോഡി ഡബിള്‍. ജര്‍മ്മന്‍ സ്വദേശിയും മിന്നല്‍ മുരളിയുടെ ആക്ഷന്‍ കോറിയോഗ്രഫറുമായ സെഫ ഡെമിര്‍ബാസായിരുന്നു ടൊവിനോയുടെ പകരക്കാരനായെത്തിയത്. ചിത്രത്തിലെ ബസ് അപകടമുള്‍പ്പെടെയുള്ള രംഗങ്ങളിലായിരുന്നു സെഫ ഉണ്ടായിരുന്നത്.

അരുണ്‍ അനിരുദ്ധിന്റെയും ജസ്റ്റിന്‍ മാത്യുവിന്റേയും തിരക്കഥയില്‍ ബേസില്‍ ജോസഫ് സംവിധാനം ചിത്രം ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് കഥപറയുന്നത്. ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

മിന്നല്‍ മുരളിയ്ക്ക് ശേഷം ‘ചട്ടമ്പി’ എന്ന ചിത്രത്തിലും ഗുരു സോമസുന്ദരം അഭിനയിച്ചു. മോഹന്‍ലാലിന്റെ ‘ബറോസി’ലേക്കും ക്ഷണമുണ്ടെന്ന് ഗുരു ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

UPDATES
STORIES