‘ഗുരു സോമസുന്ദരത്തിനെ ഞാന്‍ അന്നേ നോക്കി വെച്ചിരുന്നു’; ചട്ടമ്പിയിലെ മുനിയാണ്ടിയെക്കുറിച്ച് സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍

മിന്നല്‍ മുരളിയിലെ പ്രതിനായക വേഷത്തിലൂടെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരിക്കുകയാണ് ഗുരു സോമസുന്ദരം. ചിത്രത്തിലെ പ്രടകനത്തിന് പിന്നാലെ മലയാളത്തില്‍നിന്നും ഒരുപിടി നല്ല അവസരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചട്ടമ്പിയാണ് അവയിലൊന്ന്. ഇപ്പോഴിതാ ചിത്രത്തിന്റെയും ഗുരു സോമസുന്ദരത്തിന്റെയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അഭിലാഷ്.

ഗുരു സോമസുന്ദരത്തിന്റെ കൂടെ സിനിമ ചെയ്യണമെന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നെന്ന് അഭിലാഷ് പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ‘അഞ്ച് സുന്ദരികളെ’ന്ന ആന്തോളജിയിലെ ‘സേതുലക്ഷ്മി’ എന്ന ഹൃസ്വ ചിത്രത്തിലെ വില്ലന്‍ വേഷം ചെയ്തപ്പോല്‍ മുതല്‍ ഗുരു സോമസുന്ദരത്തെ ശ്രദ്ധിച്ചിരുന്നു. മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും അഭിലാഷ് പറയുന്നു.

‘അദ്ദേഹത്തിനോടൊപ്പം ഒരു നല്ല പ്രൊജക്ടില്‍ പങ്കാളിയാവാന്‍ ഏറെ കാലമായി ഞാന്‍ കാത്തിരിക്കുന്നു. അവിശ്വസനീയമാം വിധം കഴിവുറ്റ അഭിനേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രകടനത്തിനുവേണ്ടി എനിക്കൊട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്താണോ നമുക്ക് വേണ്ടത്, അത് അദ്ദേഹം തരും. അത് നമ്മള്‍ ഷൂട്ട് ചെയ്താല്‍ മാത്രം മതി’, അഭിലാഷ് വാചാലനായി.

തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ചട്ടമ്പിയുടേത്. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കറിയ എന്ന കേന്ദ്രകഥാപാത്രവുമായി വളരെ അടുത്തിടപഴകുന്ന, തമിഴ് സംസാരിക്കുന്ന മുനിയാണ്ടി എന്ന കഥാപാത്രമാണ് ഗുരുവിന്റേത്.

വളരെ കുറച്ച് കഥാപാത്രങ്ങളും അവര്‍ തമ്മിലുള്ള ബന്ധങ്ങളും അതിനിടയിലുണ്ടാകുന്ന ചില പ്രശ്‌നങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനത്തിന് വലിയ പ്രാധാന്യം ചിത്രത്തിലുണ്ട്. തൊണ്ണൂറുകളില്‍ ഇടുക്കിയില്‍ നടന്ന ചില യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ചട്ടമ്പിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലര്‍ ചേരുവകളും ചേര്‍ത്താണ് ചിത്രമൊരുങ്ങുന്നതെന്നും അഭിലാഷ് വിവരിക്കുന്നു.

ശ്രീനാഥ് ഭാസി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ചട്ടമ്പിയിലെ വേഷമെന്നും അഭിലാഷ് പറയുന്നു. ചട്ടമ്പിയില്‍ ഒരു പ്രധാന വേഷത്തില്‍ മൈഥിലിയും എത്തുന്നുണ്ട്. ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് അലക്‌സ് ജോസഫാണ് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. അലക്‌സ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, ഗ്രേസ് ആന്റണി, ജോജി മുണ്ടക്കയം തുടങ്ങിയവരും മറ്റ് വേഷങ്ങളിലെത്തുന്നു. കഴിഞ്ഞ നവംബറില്‍ ചട്ടമ്പി ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരുന്നു. 22 ഫീമെയ്ല്‍ കോട്ടയം, ഗ്യാങ്‌സ്റ്റര്‍, ഡാ തടിയാ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ അഭിലാഷിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചട്ടമ്പി. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

UPDATES
STORIES