വിശ്വസുന്ദരിയായി ഹർനാസ് സന്ധു; 21 വർഷത്തിന് ശേഷം കിരീടം ഇന്ത്യയിലേക്ക്

വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഹർനാസ് സന്ധു. ഇസ്രായേലിൽ നടന്ന മത്സരത്തിൽ കിരീടം സ്വന്തമാക്കിയ പഞ്ചാബുകാരി വിശ്വസുന്ദരിപ്പട്ടികയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 മത്സരാർത്ഥികളെ പിന്തള്ളി എല്ലാ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ ഇരുപത്തിയൊന്നുകാരി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

21 വർഷത്തിന് ശേഷമാണ് വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയുടെ ശിരസ്സിലണിയുന്നത്. 1994ൽ കിരീടം ചൂടിയ സുസ്‌മിത സെന്നായിരുന്നു ആദ്യ ഇന്ത്യൻ വിശ്വസുന്ദരി. 2000ലെ ജേതാവ് ലാറാ ദത്തയായിരുന്നു വിശ്വ സുന്ദരിപ്പട്ടം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി. 70-ാമത്‌ മത്സരത്തിന്റെ ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ പിന്തള്ളിയാണ് ഹർനാസ് സന്ധു കിരീടം സ്വന്തമാക്കിയത്. ആദ്യറണ്ണറപ്പായി പരാഗ്വെയെയും രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്‌സ് മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസയാണ് കിരീടം ഹർനാസ് സന്ധുവിനെ അണിച്ചത്.

ശരീര സൗന്ദര്യ റൗണ്ടുകൾക്ക് പുറമെ ചോദ്യങ്ങളും ചർച്ചകളും ചേർന്ന വിവിധ ഘട്ടങ്ങൾക്ക് ശേഷമാണ് വിജയിയെ നിർണയിക്കുന്നത്. ‘സമ്മർദ്ദങ്ങൾ അഭിമുഖീകരിക്കുന്ന കാര്യത്തിൽ ഇക്കാലത്തെ യുവതികൾക്ക് എന്ത് ഉപദേശമാണ് നൽകുക’ എന്നതായിരുന്നു ഫൈനൽ റൗണ്ടുകളിൽ ഒന്നിലെ ചോദ്യം. ‘സ്വയം വിശ്വാസമില്ലാത്തതാണ് യുവത ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങൾ ഓരോരുത്തരും വ്യത്യസ്തരാണ് എന്ന തിരിച്ചറിവാണ് നിങ്ങളെ സൗന്ദര്യമുള്ളവരാക്കുന്നത്. മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നത് നമുക്ക് നിർത്താം. ലോകത്തെ മറ്റനവധി സുപ്രധാന കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തേക്കിറങ്ങൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, എന്തെന്നാൽ നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളുടെ ശബ്‌ദമാകേണ്ടത് നിങ്ങളാണ്. ഞാൻ ഇന്നിവിടെ നിൽക്കുന്നത് ഞാൻ എന്നിൽ വിശ്വസിക്കുന്നതിനാലാണ്,’ എന്നായിരുന്നു സന്ധുവിന്റെ മറുപടി.

കാലാവസ്ഥാ വ്യതിയാനം ഒരു കെട്ടുകഥയാണെന്ന വാദം തള്ളിയും ഹർനാസ് സന്ധു സംസാരിച്ചു. സംസാരം കുറച്ച് പ്രവൃത്തിയിലേക്ക് കടക്കേണ്ട സമയമാണ് ഇതെന്നും നമ്മുടെ ചെയ്‌തികൾ പ്രകൃതിയെ ഇല്ലാതാക്കുകയാണെന്നും അവർ പ്രതികരിച്ചു. ഇത്തരം ശക്തമായ ഉത്തരങ്ങളും നിലപാടുകളുമാണ് സന്ധുവിനെ കിരീടത്തിലേക്ക് നയിച്ചതെന്നും വിധികർത്താക്കൾ നിരീക്ഷിച്ചു.

ചണ്ഡീഗഡ് സ്വദേശിയായ സന്ധു പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുകയാണ്. നിരവധി പഞ്ചാബി സിനിമകളിൽ അഭിനയിച്ചിട്ടുള്ള മോഡൽ കൂടിയായ സന്ധു മറ്റ് സൗന്ദര്യ മത്സരങ്ങളിലും കിരീടം ചൂടിയിട്ടുണ്ട്.

ഒമിക്രോൺ വേരിയെന്റിന്റെ സാഹചര്യത്തിലും രാഷ്ട്രീയ കാരണങ്ങളാലും ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ വിശ്വസുന്ദരി മത്സരം. ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് മത്സരം ബോയ്‌കോട്ട് ചെയ്യാൻ മത്സരാർത്ഥികളോട് പലസ്തീൻ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിരുന്നു. ലോകത്ത് വലിയ ജനപ്രിയതയുള്ള മത്സരമാണ് വിശ്വസുന്ദരിപ്പട്ടം. 172 രാജ്യങ്ങളിലായി ഫോക്‌സ് ന്യൂസിന്റെ വിവിധ നെറ്റ്‌വർക്കുകളിലൂടെ 600മില്യണിന് മുകളിൽ ആളുകൾ മത്സരം വീക്ഷിക്കുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

UPDATES
STORIES