ഹേമ കമ്മിറ്റി അംഗം ശാരദ സൗത്ത്‌റാപ്പിനോട്: മലയാള സിനിമയിൽ ലൈംഗിക ചൂഷണം വർധിച്ചു; റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ല

മലയാള സിനിമയിലെ ലൈംഗിക ചൂഷണം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗവും പഴയകാല സിനിമ നടിയുമായ ശാരദ. താന്‍ അഭിനയിച്ചു തുടങ്ങിയ കാലം തൊട്ട് സിനിമ മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നു എന്നും അക്കാലത്ത് അത് തുറന്ന് പറയാന്‍ തങ്ങള്‍ക്ക് ഭയമായിരുന്നു എന്നും ശാരദ സൗത്ത്‌റാപ്പിനോട് പറഞ്ഞു.

Read More: ‘അവള്‍ക്ക് നീതി ഉറപ്പാക്കൂ’; മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും ഡബ്ല്യൂസിസി

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, 2018 മെയ് മാസത്തിലാണ് സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ഹേമ, മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സല കുമാരി ഐഎഎസ്, പഴയകാല നടി ശാരദ എന്നിവരുള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ശാരദയുടെ വാക്കുകള്‍:

റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നൊരു നിര്‍ദേശം കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഗവണ്‍മെന്‌റ് എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ട സമയത്ത് പുറത്തുവിടും. വളരെ വലിയൊരു സബ്ജക്ട് ആണിത്. ഇപ്പോള്‍ തിരക്ക് പിടിക്കുന്നതില്‍ കാര്യമില്ല. അത് ചെറിയ കാര്യമല്ല. കാര്യങ്ങളെ വളരെ സീരിയസ് ആയി എടുത്താണ് ഈ കമ്മിറ്റി ഉണ്ടാക്കിയത്. സിനിമ മേഖലയിലെ സ്ത്രീകളുടെ അവസ്ഥയില്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ മാറ്റം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഞാനൊരു കാര്യം പറയട്ടെ, സെക്ഷ്വല്‍ ഹരാസ്‌മെന്‌റ് സിനിമയില്‍ മാത്രമല്ല. ഓഫീസുകളില്‍ ഇല്ലേ? എത്ര ബോറായിട്ടാണ് ഓഫീസുകളില്‍ ആളുകള്‍ പെരുമാറുന്നത്. സിനിമയിലെ പ്രശ്‌നങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതില്‍ കാര്യമില്ല. എല്ലായിടത്തും ഈ പ്രശ്‌നം ഉണ്ട്. ഗവണ്‍മെന്‌റ് സമയമാകുമ്പോള്‍ നല്ല രീതിയില്‍ തന്നെ ഈ റിപ്പോര്‍ട്ട് റിലീസ് ചെയ്യും.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ഉള്ളതാണ് ഈ ലൈംഗിക ചൂഷണം. പക്ഷെ ഞങ്ങള്‍ പുറത്ത് പറയില്ലായിരുന്നു, ഇവര്‍ പറയുന്നുണ്ട്. എന്നാലും അന്ന് ഇത്ര മോശമായിരുന്നില്ല അവസ്ഥ. പക്ഷെ ഞങ്ങള്‍ പറയില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും ഇതുണ്ട്. ഇനി നിങ്ങള്‍ക്ക് സിനിമ ഇഷ്ടമല്ലെങ്കില്‍ അതുപേക്ഷിച്ച് വേറെ ജോലിക്ക് പോകുക. എന്തിനാണ് ഈ ചീത്ത സ്ഥലത്ത് സിനിമ സിനിമ എന്ന് പറഞ്ഞ് നില്‍ക്കുന്നത്?

ഞാന്‍ കൂടുതല്‍ ഇതേപ്പറ്റി പറയില്ല. പഠനം ഭംഗിയായി നടത്തിയിട്ടുണ്ട്. ഗവണ്‍മെന്‌റ് വേണ്ട കാര്യങ്ങള്‍ വേണ്ടതു പോലെ ചെയ്യും.

മലയാള സിനിമയില്‍ ജോലി ചെയ്യുന്നവരുമായി സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മിഷനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ ഏതാണ്ട് രണ്ടു വര്‍ഷത്തോളം സമയമെടുത്താണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കമ്മീഷന്‍ തെളിവെടുപ്പിനിടെ, സ്ത്രീകളും പുരുഷന്‍മാരും സംസാരിക്കാന്‍ വിമുഖത കാട്ടിയതും പലരും ഭയപ്പെട്ട് സംസാരിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചും ഗൗരവമായ കണ്ടെത്തലുകളാണ് കമ്മീഷന്‍ നടത്തിയിട്ടുള്ളത്. മലയാള സിനിമാവ്യവസായത്തിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് സൂചന.

UPDATES
STORIES