ഹേമ കമ്മിറ്റി റിപ്പോർട്ട്: മന്ത്രി പറഞ്ഞത് തെറ്റ്; ഡബ്ല്യുസിസി പി.രാജീവിന് നല്‍കിയ കത്ത് പുറത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടുവെന്ന മന്ത്രി പി.രാജീവിന്‌റെ പ്രസ്താവന തെറ്റ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങളും പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി മന്ത്രിക്ക് നല്‍കിയ കത്ത് സൗത്ത്‌റാപ്പ് മലയാളത്തിന് ലഭിച്ചു.

‘സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടുവര്‍ഷമെടുത്ത് പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവച്ച(?) നിര്‍ദ്ദേശങ്ങള്‍ പുറത്തുകൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. കേരളമടക്കം തെലുങ്ക്, കന്നട, തമിഴ് സിനിമ രംഗത്തെ തൊഴിലിടത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ പഠിക്കുകയും ക്രിയാത്മക നിര്‍ദേശങ്ങളോടെ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തത് ഇതിനൊപ്പം താങ്കളുടെ ശ്രദ്ധയിലേക്കായി സമര്‍പ്പിക്കുന്നു,’ എന്നാണ് കത്തില്‍ പറയുന്നത്.

ജനുവരിയിലാണ് റിമ കല്ലിങ്കല്‍ അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങള്‍ മന്ത്രി പി.രാജീവുമായി കൂടിക്കാഴ്ച നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുവരികയാണെന്നും ഈ പഠന റിപ്പോര്‍ട്ടിന് ശേഷം മാത്രമേ സമഗ്ര നിയമനിര്‍മ്മാണം ആലോചിക്കാനാവൂ എന്നായിരുന്നു അന്ന് പി.രാജീവ് നല്‍കിയ മറുപടി.

ഇക്കാര്യം ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് വനിതാ കമ്മീഷനോട് ഇവര്‍ ആവശ്യപ്പെട്ടത്. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി, അര്‍ച്ചന പദ്മിനി തുടങ്ങിയവരാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്. ഇനി കാത്തിരിക്കാനാകില്ലെന്നും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വനിത കമ്മീഷന്‍ ഇടപെടല്‍ നടത്തണമെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

UPDATES
STORIES