‘വിമര്‍ശിക്കുന്നവര്‍ സിനിമ കണ്ടിട്ട് അഭിപ്രായം പറയണം’; ‘ചുരുളി’ തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി

ലിജോ പെല്ലിശ്ശേരി ചിത്രം ചുരുളിയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി തളളി ഹൈക്കോടതി. സിനിമയില്‍ നിയമലലംഘനങ്ങളില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. വിമര്‍ശനമുള്ളവര്‍ സിനിമ കണ്ടിച്ച് അഭിപ്രായം പറയണമെന്നും പലരും സിനിമ കാണാതെയാണ് വിമര്‍ശനമുന്നയിക്കുന്നതെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷയാണുപയോഗിച്ചതെന്ന് എന്നാരോപിച്ച് അഭിഭാഷകയായ പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് സെന്‍സര്‍ബോര്‍ഡ് തന്നെ നിയമലംഘനം നടത്തിയെന്നും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലംഘനമാണെന്നും ഹരജിയില്‍ ആരോപണമുണ്ടായിരുന്നു. ഹരജി പരിഗണിക്കവെയായിരുന്നു സിനിമയില്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി ഡിജിപിയെ കക്ഷിചേര്‍ത്തുകൊണ്ട് പൊലീസിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

ചിത്രത്തിലെ ഭാഷാ പ്രയോഗങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനങ്ങളില്ലെന്നായിരുന്നു പൊലീസ് സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്രത്തില്‍നിന്നുള്ള സൃഷ്ടിയാണ് ചുരുളി. സിനിമയില്‍ നിയമ ലംഘനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രം കണ്ട് പരിശോധിച്ചതിന് ശേഷമാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ് ചുരുളി. നിലനില്‍പിനായി പൊരുതുന്ന മനുഷ്യന്റെ ഭാഷ എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കലാകാരനാണ്. ഭാഷാപരമായോ ദൃശ്യങ്ങളിലോ നിയമലംഘനങ്ങളില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍. എഡിഡിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരടങ്ങുന്നതായിരുന്നു സമിതി. ആദ്യമായാണ് സിനിമയിലെ ദൃശ്യ-ഭാഷാ പ്രയോഗങ്ങളിലെ പ്രദര്‍ശന യോഗ്യതയെക്കുറിച്ച് പരിശോധിക്കാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നത്.

UPDATES
STORIES