നെറ്റ്ഫ്ലിക്സ് ചിത്രം ‘ദ ഗ്രേ മാനി’ലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നെറ്റ്ഫ്ലിക്സ് ഇന്ത്യ ചൊവ്വാഴ്ച പുറത്തുവിട്ട ചിത്രത്തിന് രണ്ടാംദിവസവും വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നെറ്റിയിലെ മുറിപ്പാടില്‍ നിന്ന് രക്തമൊഴുക്കി കാറിനുമുകളില്‍ നില്ക്കുന്ന ധനുഷിനെയാണ് കാണാനാകുക. എന്നാല്‍ ഈ ചിത്രം ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെ നിരാശരായ ധനുഷ് ആരാധകര്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ കമന്റ് ബോക്സില്‍ പ്രതിഷേധമറിയിച്ചിരിക്കുകയാണ്.
നായകന്മാരായ റയാന് ഗോസ്ലിംഗിന്റെയും ക്രിസ് ഇവാന്സിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച എന്റര്‍ടൈന്‍മെന്റ് വീക്കിലിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആദ്യം പുറത്തുവിട്ടത്. പിന്നാലെ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍, റോട്ടന്‍ ടൊമാറ്റോസ് തുടങ്ങിയ മാധ്യമങ്ങളും ചിത്രങ്ങള്‍ പുറത്തുവിട്ടു. ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അന ഡി അര്‍മാസ്, റെഗെ-ജീന്‍ പേജ് എന്നിവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇവര്‍ ഫസ്റ്റ് ലുക്ക് പങ്കുവെച്ചത്. ഇതിനിടെ ധനുഷിന്റെ ചിത്രങ്ങള്‍ ഒഴിവാക്കിയത് ശ്രദ്ധയില്‍പ്പെട്ട ഇന്ത്യന്‍ പ്രേക്ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
കമന്റ് ബോക്സില്‍ ധനുഷ് ആരാധകര്‍ ഒന്നിച്ചതോടെ കാര്യമറിയാത്ത ഹോളിവുഡ് പ്രേക്ഷരും ചര്‍ച്ചയില്‍ സജീവമാകുകയായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ കമന്റ് ബോക്സില്‍ ധനുഷിനെ പരിചയപ്പെടുത്തികൊടുക്കുകയും സിനിമകള്‍ റെഫര്‍ ചെയ്യുകയും ചെയ്തു. ധനുഷിനുവേണ്ടിയുള്ള ആരാധ പ്രവാഹം കണ്ട് ഹോളിവുഡ് പ്രേക്ഷകര്‍ താരത്തെ ഗൂഗിള്‍ ചെയ്ത് സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചു.
അതേസമയം, ധനുഷ് മാത്രമല്ല ജെസ്സിക്ക ഹെന്‍വിക്ക്, വാഗ്നര്‍ മൗറ എന്നിങ്ങനെ ചിത്രത്തിലെ ഒന്നിലധികം താരങ്ങളുടെ ചിത്രങ്ങള്‍ ഹോളിവുഡ് മാധ്യമങ്ങള്‍ ഫസ്റ്റ് ലുക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ചെറിയ കഥാപാത്രങ്ങളായതിനാലോ, നായക നടന്മാര്ക്ക് ശ്രദ്ധ കൊടുക്കുന്നതിന്റെ ഭാഗമായിട്ടോ ആകാം ഇവരുടെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
മാര്‍ക്ക് ഗ്രെയ്നിയുടെ 2009-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ‘ദ ഗ്രേ മാന്‍’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് റുസ്സോ ബ്രദേഴ്സ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രങ്ങളുടെ സംവിധായകന്മാരാണ് റുസ്സോ ബ്രദേഴ്സ്. യുഎസിലെ ഒരാഴ്ചത്തെ തിയറ്റര്‍ റിലീസിന് ശേഷം ജൂലൈ 22 ന് നെറ്റ്ഫ്ലിക്സില്‍ ചിത്രമെത്തും. 200 ദശലക്ഷം ഡോളര്‍ ബജറ്റില്‍ തയ്യാറാക്കിയിരിക്കുന്ന ‘ദ ഗ്രേ മാന്‍’ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ചെലവേറിയ ചിത്രമാണ്.
ധനുഷിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ചിത്രമാണ് ‘ദ ഗ്രേ മാന്‍’. 2018-ല്‍ പുറത്തുവന്ന ‘ദ എകസ്ട്രോർഡിനറി ജേർണി ഓഫ് ദി ഫക്കീർ’ ആയിരുന്നു ആദ്യ ചിത്രം.