അവസരങ്ങള്‍ വരാതിരുന്നപ്പോഴാണ് താന്‍ സിനിമയെ കൂടുതല്‍ ഗൗരവമായി കണ്ടുതുടങ്ങിയതെന്ന് നടി ഹണി റോസ്. ഒരു സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ ധാരാളം അവസരങ്ങള്‍ വരുമെന്നാണ് കരുതിയതെന്നും ഹണി റോസ് പറഞ്ഞു. ഫ്ളാഷ് മൂവീസിന് നല്കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ബോയ്ഫ്രണ്ട് എന്ന ചിത്രം സാമാന്യ വിജയമാണ് നേടിയത്. അതിനു ശേഷം മലയാളത്തില്‍ അവസരം വന്നില്ല. തെലുങ്കിലും തമിഴിലും സിനിമകള്‍ ചെയ്തു. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു വിജയ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നില്ലല്ലോ, അത് എന്റെ കൈയിലെ കുഴപ്പമായിരിക്കുമോ, എനിക്ക് അഭിനയിക്കാന്‍ അറിയാത്തതാണോ കാരണം എന്നൊക്കെ ചിന്തിച്ചു.’
എന്നാല്‍ അപ്പോഴാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ എത്തുന്നതെന്നും ആ ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം അഭിനയ ജിവിതത്തില്‍ തനിക്ക് വലിയ ബ്രേക്കാണ് തന്നതെന്നും ഹണി റോസ് പറഞ്ഞു.
ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഹണി റോസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നന്ദിമൂരി ബാലകൃഷ്ണയുടെ നായികയായാണ് താരം ചിത്രത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.
ഭാവിയില്‍ സിനിമ സംവിധാനം ചെയ്യണമെന്നും നിര്‍മാണ രംഗത്തേക്ക് കടക്കണമെന്നും ആഗ്രഹമുണ്ടെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. എഴുത്തിനെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും കഥകള്‍ ആലോചിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.